District News
പെരിന്തൽമണ്ണ: സൗഹൃദത്തിന്റെയും വിദ്യാലയ ഓർമകളുടെയും നറുമണം പുതുക്കി താഴെക്കോട് പിടിഎം ഹയർ സെക്കൻഡറി സ്കൂളിലെ 1981-82 പ്രഥമ എസ്എസ്എൽസി ബാച്ചിന്റെ പൂർവവിദ്യാർഥി സംഗമം "ഓർമക്കാലം-ഗോൾഡൻ ഡെയ്സ് 2കെ26' പെരിന്തൽമണ്ണ വാവാസ് ഓഡിറ്റോറിയത്തിൽ നടന്നു. പഠിച്ചിറങ്ങി 40 വർഷങ്ങൾക്കുശേഷം 2022-ലാണ് ഇവർ ആദ്യമായി ഒത്തുചേർന്നത്. അതിനുശേഷം നടക്കുന്ന രണ്ടാമത്തെ സംഗമമാണിത്. എ.കെ. നാസർ അധ്യക്ഷത വഹിച്ച ചടങ്ങ് പെരിന്തൽമണ്ണ ഡിവൈഎസ്പി പി.എം. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മയ്ക്കുവേണ്ടി കെ.എം. അബ്ദുള്ള രൂപകൽപ്പന ചെയ്ത ലോഗോയുടെയും അദ്ദേഹം തന്നെ രചിച്ച സംഗമഗാനത്തിന്റെയും കൂട്ടായ്മയിലെ അംഗങ്ങളായ ആയിഷ കപ്പൂർ, സലീം നാലകത്ത് എന്നിവർ രചിച്ച പുസ്തകങ്ങളുടെ പ്രകാശനവും ഡിവൈഎസ്പി നിർവഹിച്ചു. കെ.സി. റംലത്ത് ടീച്ചർ അവലോകന റിപ്പോർട്ട് അവതരിപ്പിച്ചു.
അഡ്വ. എ.കെ. മുഹമ്മദ് കുട്ടി, പൂർവവിദ്യാർഥികളായ എ.പി. സൈദ്, ടി. മുസ്തഫ, വി.പി. അബ്ദുൾ മജീദ്, കെ.വി. ഇല്യാസ്, രാമൻ, ആയിഷ ബീഗം, അഷ്റഫ് നാലകത്ത്, യൂസഫ് പറളി, മുഖ്യ കോ-ഓർഡിനേറ്റർ അബ്ദുൾ ഖാദർ നാലകത്ത് എന്നിവർ പ്രസംഗിച്ചു. അംഗങ്ങളുടെ വിവിധ കലാപരിപാടികളും ഗെയിമുകളും ക്വിസ് മത്സരങ്ങളും സംഗമത്തിന് മാറ്റുകൂട്ടി.
District News
നിലമ്പൂർ: നിലമ്പൂരിൽ നിന്ന് ബംഗളൂരുവിലേക്ക് പുതിയ കെഎസ്ആർടിസി സെമി സ്ലീപ്പർ സൂപ്പർ ഡീലക്സ് ബസ് സർവീസ് ആര്യാടൻ ഷൗക്കത്ത് എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. രാവിലെ 10ന് നിലമ്പൂർ ഡിപ്പോയിൽനിന്ന് ആരംഭിച്ച് നാടുകാണി, ഗുണ്ടൽപേട്ട്, മൈസൂരു വഴി വൈകുന്നേരം അഞ്ചിന് ബംഗളൂരുവിലെത്തും, രാത്രി 10-ന് ബംഗളൂരുവിൽനിന്ന് ആരംഭിച്ച് രാവിലെ അഞ്ചിന് നിലമ്പൂരിൽ തിരിച്ചെത്തുന്ന തരത്തിലാണ് സർവീസ്.
ആര്യാടൻ ഷൗക്കത്ത് എംഎൽഎയുടെ ഇടപെടലിൽ രാത്രിയാത്രാ നിരോധനമുള്ള ബന്ദിപ്പുർ വനത്തിലൂടെ കടന്നുപോകാനുള്ള പ്രത്യേക പാസും ഈ സർവീസിന് ലഭിച്ചിട്ടുണ്ട്. നിലവിൽ രാത്രി 10-ന് നിലമ്പൂരിൽനിന്ന് ബംഗളൂരുവിലേക്കുള്ള കെഎസ്ആർടിസി സ്ലീപ്പർ ഡീലക്സ് ബസ് സർവീസിന്റെ സമയം ഉച്ചയ്ക്ക് ഒന്നിലേക്ക് പുനഃക്രമീകരിച്ചു. ഈ ബസ് രാത്രി എട്ടിന് ബംഗളൂരുവിലെത്തും. രാത്രി 11.45-ന് ബംഗളൂരുവിൽനിന്ന് ആരംഭിച്ച് പിറ്റേദിവസം രാവിലെ 8.30-ന് നിലമ്പൂരിലെത്തും.
ചടങ്ങിൽ നിലമ്പൂർ എടിഒ എ. എമേഴ്സൺ അധ്യക്ഷത വഹിച്ചു. മുൻ കെഎസ്ആർടിസി ബോർഡ് അംഗം വി.എ. കരീം, നഗരസഭാ സ്ഥിരംസമിതി അധ്യക്ഷ മുംതാസ് ബാബു, കൗൺസിലർ കെ. കിഷോർകുമാർ, പാലോളി മെഹബൂബ്, ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ കെ.ടി. കുഞ്ഞാൻ, എം.കെ. ബാലകൃഷ്ണൻ, സൂപ്രണ്ട് ആദംസാലി, വിൻസെന്റ് എ. ഗോൺസാഗ, ഇ.ടി. ഗംഗാധരൻ, കൺട്രോളിംഗ് ഇൻസ്പെക്ടർ പി. ഷാജി എന്നിവർ പ്രസംഗിച്ചു.
District News
വണ്ടൂര്‍: ഒരു കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച പള്ളിശേരി ഗവണ്മെന്റ് എല്‍പി സ്കൂളിന്റെ പുതിയ കെട്ടിടം മന്ത്രി എന്‍. ഷംസുദ്ദീന് ഉദ്ഘാടനം ചെയ്തു. മന്ത്രി എ.പി. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. സ്കൂളിലെ അടുക്കള നിര്‍മാണം, കളിസ്ഥല നവീകരണം തുടങ്ങിയ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കി. പ്രധാനാധ്യാപിക ജിഷയെ മന്ത്രി എന്‍. ഷംസുദ്ദീന് ആദരിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമ രാജന്, ജില്ലാ പഞ്ചായത്ത് അംഗം മുസ്തഫ അബ്ദുല്ലത്തീഫ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. അബ്ദുറഹിമാന്, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ എന്‍. സവാദ്, വാര്‍ഡ് അംഗം പി.ടി. ഹാരിസ്, ഡിവിഷന് അംഗം സുബൈദ, ലൈല, വണ്ടൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ പി. പ്രേം സാഗര്‍, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യുട്ടീവ് എന്‍ജിനിയര്‍ ഇസ്മാഈല്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി അബ്ദുള്‍ ഷുക്കൂര്‍, പൊതുമരാമത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനിയര്‍ വിജു ജോസ്, വണ്ടൂര്‍ ബ്ലോക്ക് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ അബ്ദുള്‍ നിസാര്‍, അയ്യൂബ് കുട്ടശേരി, വിവിധ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
District News
പൂക്കോട്ടുംപാടം: ടികെ കോളനി അരങ്ങത്ത് ബീറ്റയുടെ തോട്ടത്തിലെ 350-ഓളം കവുങ്ങുകൾ കാട്ടാനക്കൂട്ടം നശിപ്പിച്ചു. പ്രദേശത്ത് കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. വനംവകുപ്പും സർക്കാർ സംവിധാനങ്ങളും അടിയന്തരമായി ഇടപെട്ട് വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അല്ലാത്തപക്ഷം പ്രത്യക്ഷ സമരത്തിലേക്ക് ഇറങ്ങുമെന്നും പ്രദേശവാസികൾ പറഞ്ഞു.
District News
എടക്കര: ഗ്രാമപഞ്ചായത്തിലെ ശങ്കരംകുളത്ത് പുലിയെ കണ്ടതായുള്ള പ്രദേശവാസിയുടെ വെളിപ്പെടുത്തലിനെത്തുടർന്ന് വനപാലകർ സ്ഥലത്ത് പരിശോധന നടത്തി. കഴിഞ്ഞ ദിവസം രാത്രി ഏഴോടെ വീടിന് മുകളിൽ ടെറസിൽ നിൽക്കുമ്പോൾ ചെടികൾക്കിടയിൽ പുലിയെ കണ്ടതായാണ് ഇയാൾ വിവരം നൽകിയത്.
ഇതേത്തുടർന്ന് പോത്തുകൽ ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫിസർ ഗണേഷ്കുമാർ, വിനോദ്, സുജിത്ത് എന്നിവരടങ്ങിയ സംഘം രാത്രി പരിശോധന നടത്തിയിരുന്നു. തുടർന്ന് ഇന്നലെ രാവിലെ സ്ഥലത്തെത്തി വീണ്ടും പരിശോധന നടത്തിയെങ്കിലും പുലിയുടെ കാൽപാടുകൾ കണ്ടെത്താനായില്ല. പ്രദേശത്ത് പരിശോധന തുടരുമെന്ന് വനം ഉദ്യോഗസ്ഥർ അറിയിച്ചു.
മണിമൂളിയിൽ അജ്ഞാത ജീവിയുടെ ആക്രമണം:കാമറയിൽ ദൃശ്യങ്ങളില്ല
എടക്കര: മണിമൂളി രണ്ടാംപാടത്ത് അജ്ഞാത ജീവിയുടെ ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടതിനെത്തുടർന്ന് സ്ഥാപിച്ച കാമറ ട്രാപ്പുകളിൽ ജീവികളുടെ സാന്നിധ്യം കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസങ്ങളിൽ രണ്ടാംപാടം കല്ലുകുളം കുഞ്ഞ തോമസിന്റെ വളർത്തുനായ, അയൽവാസിയായ പള്ളത്ത് ജോൺസന്റെ മൂന്ന് താറാവുകൾ, ഏറാത്ത് പറമ്പിൽ ഷിബുവിന്റെ രണ്ട് കോഴികൾ എന്നിവയെയാണ് തുടർച്ചയായ ദിവസങ്ങളിൽ അജ്ഞാത ജീവി കടിച്ചുകൊന്നത്.
പട്ടിപ്പുലിയാണ് വളർത്തുമൃഗങ്ങളെ പിടികൂടിയതെന്നാണ് വനം ഉദ്യോഗസ്ഥരുടെ നിഗമനം. തുടർന്ന് നാല് ഇടങ്ങളിലായി കാമറ ട്രാപ്പുകൾ സ്ഥാപിച്ചെങ്കിലും ഒന്നിലും ദൃശ്യങ്ങൾ പതിഞ്ഞില്ല.
നെല്ലിക്കുത്ത് സെക്ഷൻ ഫോറസ്റ്റ് ഓഫിസർ സായ് ചന്ദ്രൻ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ കെ. അൻഷിദ, കെ. സലാഹുദീൻ, കെ.എസ്. ബിജു, വാച്ചർ ബഷീർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കാമറകൾ പരിശോധിച്ചത്. വന്യമൃഗ ശല്യം രൂക്ഷമായതോടെ മേഖലയിൽ രാത്രികാല പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.
District News
എടക്കര: അന്തരിച്ച കോൺഗ്രസ് നേതാവ് വി.വി. പ്രകാശിന്റെ സ്മരണാർഥം രൂപീകരിച്ച വി.വി. പ്രകാശ് സ്നേഹസ്പർശം ചാരിറ്റബിൾ ട്രസ്റ്റിന്റെ ലോഗോ മന്ത്രി ടി. സിദ്ദിഖ് പ്രകാശനം ചെയ്തു. എടക്കര മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വി.വി. പ്രകാശിന്റെ വസതിയിൽ നടന്ന ചടങ്ങിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഇഖ്ബാൽ കാരക്കുന്നൻ അധ്യക്ഷത വഹിച്ചു.
വി.വി. പ്രകാശിന്റെ മകൾ നന്ദന പ്രകാശ്, ജില്ലാ പഞ്ചായത്തംഗം എൻ.എ. കരീം, കെഎസ്യു ജില്ലാ പ്രസിഡന്റ് ഇ.കെ. അൻഷിദ്, റിയാസ് എടക്കര, ബാബു തോപ്പിൽ, കെ. രാധാകൃഷ്ണൻ, ഹാരിസ് ബാബു ചാലിയാർ, നിഷാദ് മെട്രിക്, സുലൈമാൻ കാട്ടിപ്പടി, മുഹമ്മദ് റാഫി, റഹീം വാളശേരി, വിഷ്ണു കാവുങ്ങൽ എന്നിവർ പങ്കെടുത്തു.
District News
മങ്കട: മണ്ണാർക്കാട് ദാറുന്നജാത്ത് സ്കൂളിൽ നടന്ന സംസ്ഥാന സ്പെഷൽ സ്കൂൾ പ്രവൃത്തിപരിചയ മേളയിൽ പങ്കെടുത്ത 12 ഇനങ്ങളിലും എ ഗ്രേഡ് നേടി വള്ളിക്കാപറ്റ കേരള സ്കൂൾ ഫോർ ദി ബ്ലൈൻഡ് വിദ്യാർഥികൾ ചരിത്രവിജയം ആവർത്തിച്ചു.
പുൽപ്പായ നിർമാണത്തിൽ ഫാത്തിമ ഫൈഹയും ചൂരൽ കസേര നിർമാണത്തിൽ അംജദും ഒന്നാം സ്ഥാനം നേടി. കുട നിർമാണത്തിൽ ശിവന്യ രണ്ടാം സ്ഥാനവും പ്ലാസ്റ്റിക് കെയ്ൻ നിർമാണത്തിൽ സിയാ ഫാത്തിമ പറമ്പിൽ, ചോക്ക് നിർമാണത്തിൽ മുഹമ്മദ് ഷഹീൻ എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഫസ ഫാത്തിമ (വീവിംഗ്), അനശ്വര സന്തോഷ് (ബീഡ്സ് വർക്ക്), ആയിഷ മിസ്ന (പേപ്പർ ക്രാഫ്റ്റ്), മുഹമ്മദ് സ്വാലിഹ് (കയർ ചവിട്ടി നിർമാണം), അഫ്രിൻ (പാൽ ഉൽപന്ന നിർമാണം), ഫാത്തിമ റിയ (സ്ട്രോ ബോർഡ് വർക്ക്), ചന്തു സുധാകർ (മുളങ്കൊട്ട നിർമാണം) എന്നിവരും എ ഗ്രേഡ് നേടി.
District News
പുഴക്കാട്ടിരി: അങ്ങാടിപ്പുറം-കോട്ടക്കൽ പാതയിലെ അങ്ങാടിപ്പുറം-ചെറുകുളമ്പ് റോഡിൽ വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കുന്നതിനും അപകടങ്ങൾ കുറയ്ക്കുന്നതിനും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പുഴക്കാട്ടിരി മണ്ഡലം യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനിയർക്ക് നിവേദനം നൽകി.
മതിയായ മുന്നറിയിപ്പ് ബോർഡുകളില്ലാത്തതിനാൽ വാഹനങ്ങൾ അമിതവേഗത്തിൽ സഞ്ചരിക്കുന്നത് തുടർച്ചയായ അപകടങ്ങൾക്ക് കാരണമാകുന്നു. അങ്ങാടികൾ, വിദ്യാലയങ്ങൾ, മദ്രസകൾ, ഓഫിസുകൾ എന്നിവ സ്ഥിതി ചെയ്യുന്ന ഈ റോഡിൽ കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാൻ വേഗപരിധി ബോർഡുകളും അപകടസാധ്യതയുള്ള വളവുകൾ സൂചിപ്പിക്കുന്ന മുന്നറിയിപ്പ് ബോർഡുകളും അടിയന്തരമായി സ്ഥാപിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.
District News
അങ്ങാടിപ്പുറം: ഗ്രാമപഞ്ചായത്ത് 24-ാം വാർഡിൽ കാറിൽനിന്ന് പ്ലാസ്റ്റിക് അടങ്ങിയ മാലിന്യം വലിച്ചെറിഞ്ഞ സംഭവത്തിൽ വാഹന ഉടമയ്ക്ക് പഞ്ചായത്ത് പിഴ ചുമത്തി. മാലിന്യം തള്ളുന്ന കാറിന്റെ ചിത്രം സഹിതം ലഭിച്ച പരാതിയെത്തുടർന്ന് വാഹന നമ്പർ പരിശോധിച്ച് ഉടമയെ കണ്ടെത്തിയ ശേഷമാണ് അധികൃതർ നടപടിയെടുത്തത്.
പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ വരുംദിവസങ്ങളിലും കർശന നിയമനടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ മുന്നറിയിപ്പ് നൽകി.
District News
നിലമ്പൂർ: ശല്യക്കാരായ കാട്ടാനകളെ കാടുകയറ്റാനുള്ള സ്പെഷ്യൽ ഡ്രൈവിന്റെ ഒന്നാം ഘട്ടം വനംവകുപ്പ് ഊർജിതമാക്കി. ദൗത്യത്തിനായി വയനാട്ടിൽ നിന്ന് ഡ്രോൺ എത്തിച്ച് നിരീക്ഷണം തുടങ്ങി. വ്യാഴാഴ്ച്ച വൈകീട്ടോടെ ചാലിയാർമുക്ക്, പൊക്കോട്, കാനക്കുത്ത്, ചാത്തുംപുറായി ഭാഗങ്ങളിൽ ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്തിയെങ്കിലും ആനകളെ കണ്ടെത്താനായിരുന്നില്ല നിരീക്ഷണം ഇന്നും തുടരും.
ദൗത്യത്തിനിടയിലും ഇന്നലെ പുലർച്ചെ തണ്ണിപൊയിൽ ഭാഗത്ത് കാട്ടാനകൾ പനകൾ തകർത്തു. അകമ്പാടം ഡെപ്യൂട്ടി റേഞ്ച് ഓഫിസർ കെ.പി. അഭിലാഷ്, നിലമ്പൂർ ആർആർടി ഡെപ്യൂട്ടി റേഞ്ച് ഓഫിസർ രാജേഷ്, കാഞ്ഞിരപ്പുഴ ഡെപ്യൂട്ടി റേഞ്ച് ഓഫിസർ പി.എൻ. സജീവൻ, എടക്കോട് ഡെപ്യൂട്ടി റേഞ്ച് ഓഫിസർ മനോജ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ 80 പേരടങ്ങുന്ന സംഘമാണ് ദൗത്യത്തിലുള്ളത്.
ചാലിയാർ പഞ്ചായത്തിലെ ജനങ്ങളുടെ ആവശ്യത്തെത്തുടർന്ന് കഴിഞ്ഞ 12നാണ് നിലമ്പൂർ നോർത്ത് ഡിഎഫ്ഒയുടെ നേതൃത്വത്തിൽ ഒന്നാം ഘട്ട സ്പെഷ്യൽ ഡ്രൈവ് തുടങ്ങിയത്. ചാത്തുംപുറായി 2018 തേക്ക് പ്ലാന്റേഷനിലും ചാലിയാർമുക്കിലും ആനകളെ കണ്ടെത്തിയിരുന്നെങ്കിലും തുരത്താനുള്ള തയ്യാറെടുപ്പുകൾക്കിടെ ഇവ കാട്ടിൽ ഒളിക്കുകയായിരുന്നു. കഴിഞ്ഞ ഒൻപത് ദിവസമായി വനപാലകർ ദൗത്യം തുടരുകയാണ്.
എടക്കോട്, മൂവായിരം വനമേഖലകളിലൂടെ പന്തീരായിരം വനത്തിലേക്ക് ആനകളെ കയറ്റിവിട്ടാലും ദിവസങ്ങൾക്കുള്ളിൽ അവ മടങ്ങിയെത്താൻ സാധ്യതയുണ്ടെന്നാണ് നാട്ടുകാരുടെ ആശങ്ക. മയക്കുവെടി വെച്ച് പിടികൂടി മറ്റ് വനമേഖലകളിലേക്ക് മാറ്റിയാൽ മാത്രമേ ശാശ്വത പരിഹാരമാകൂ എന്നും ആവശ്യമുയരുന്നുണ്ട്.
District News
പെരിന്തൽമണ്ണ: അരക്കുപറമ്പ് കുളത്തിൽപീടികയിൽ എംഡിഎംഎ വിൽപന നടത്താൻ ശ്രമിക്കുന്നതിനിടെ മൂന്ന് പേരെ പെരിന്തൽമണ്ണ പൊലിസും ഡാൻസാഫ് സ്ക്വാഡും ചേർന്ന് പിടികൂടി. ഇവരിൽനിന്ന് 68 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. മങ്കട കൂട്ടിൽ സ്വദേശി പട്ടാണി മുഹമ്മദ് ഫാസിൽ (30), തൃത്താല പട്ടിത്തറ സ്വദേശി തെങ്കുളം അബു താഹിർ (32), തിരൂർ പുറത്തൂർ സ്വദേശി പേടൂർ സനൽ (33) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ മാസം പെരിന്തൽമണ്ണ ടൗണിലെ ലോഡ്ജിൽനിന്ന് 11.63 ഗ്രാം എംഡിഎംഎയുമായി രണ്ടുപേരെ അറസ്റ്റ് ചെയ്ത കേസിലെ തുടരന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. ഈ കേസിൽ പ്രതികൾക്ക് ലഹരിമരുന്ന് എത്തിച്ചുനൽകിയത് മുഹമ്മദ് ഫാസിൽ ആണെന്ന് പൊലിസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് അരക്കുപറമ്പ് ഭാഗത്ത് പൊലിസ് നിരീക്ഷണം ശക്തമാക്കുകയായിരുന്നു.
മുഹമ്മദ് ഫാസിൽ അയച്ചുകൊടുത്ത ലൊക്കേഷൻ അനുസരിച്ച് അബു താഹിറും സനലും കാറിലെത്തി ലഹരിമരുന്ന് കൈമാറുന്നതിനിടെയാണ് പൊലിസ് സംഘം സ്ഥലത്തെത്തിയത്.
പൊലിസ് അടുത്തേക്ക് എത്തിയതോടെ പ്രതികൾ കാർ മുന്നോട്ടെടുത്ത് പൊലിസുകാരെ അപായപ്പെടുത്താൻ ശ്രമിക്കുകയും സമീപത്തെ വീടിന്റെ മുറ്റത്തേക്ക് ഓടിച്ചുകയറ്റുകയും ചെയ്തു. ഡോർ തുറക്കാതിരുന്നതിനെത്തുടർന്ന് കാറിന്റെ ഗ്ലാസ് തകർത്താണ് മൂവരെയും ബലംപ്രയോഗിച്ച് കീഴ്പ്പെടുത്തിയത്.
മുഹമ്മദ് ഫാസിലിന്റെ പേരിൽ രണ്ട് എൻഡിപിഎസ് കേസുകളുണ്ട്. കഴിഞ്ഞ ഓഗസ്റ്റിൽ ജയിലിൽനിന്നിറങ്ങിയ ഇയാൾ വീണ്ടും ലഹരിവിൽപനയിൽ ഏർപ്പെടുകയായിരുന്നു.
അബു താഹിറിനെതിരേ അടിപിടിക്കേസും സനലിനെതിരേ ലഹരിക്കേസുകളും വധശ്രമക്കേസുകളും നിലവിലുണ്ടെന്ന് പൊലിസ് പറഞ്ഞു. ലഹരിയുടെ ഉറവിടത്തെക്കുറിച്ചും മറ്റ് കണ്ണികളെക്കുറിച്ചും അന്വേഷണം നടത്തിവരികയാണെന്നും ഓപറേഷൻ തൂഫാന്റെ ഭാഗമായി പരിശോധനകൾ കർശനമാക്കുമെന്നും പെരിന്തൽമണ്ണ ഡിവൈഎസ്പി ഗോപകുമാർ വ്യക്തമാക്കി.
ഡിവൈഎസ്പി ഗോപകുമാർ, സിഐ സുമേഷ് സുധാകരൻ എന്നിവരുടെ നേതൃത്വത്തിൽ എസ്ഐ സജീവ്, എഎസ്ഐമാരായ ബൈജു, സുരേന്ദ്രബാബു, ഡാൻസാഫ് സംഘം എന്നിവരാണ് പരിശോധന നടത്തിയത്. കൊളത്തൂർ സിഐ സി.കെ. നൗഷാദിന്റെ സാന്നിധ്യത്തിലായിരുന്നു തുടർനടപടികൾ.
District News
നിലമ്പൂർ: തെരുവുകളിലും പൊതുസ്ഥലങ്ങളിലും ഭിക്ഷാടനത്തിൽ ഏർപ്പെടുന്നവരെ കണ്ടെത്തി സംരക്ഷണവും പുനരധിവാസവും ഉറപ്പാക്കുന്നതിനായി സാമൂഹികനീതി വകുപ്പ് നടപ്പാക്കുന്ന സ്മൈൽ പദ്ധതിയുടെ ഭാഗമായി നിലമ്പൂർ, വണ്ടൂർ മേഖലകളിൽ നടത്തിയ പരിശോധനയിൽ നാല് പേരെ കണ്ടെത്തി. നിലമ്പൂർ മാരിയമ്മൻ കോവിൽ പരിസരം, നിലമ്പൂർ ബസ് സ്റ്റാൻഡ്, വണ്ടൂർ ബസ് സ്റ്റാൻഡ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു രക്ഷാപ്രവർത്തനം.
നിലമ്പൂർ മാരിയമ്മൻ കോവിൽ പരിസരത്തുനിന്ന് കണ്ടെത്തിയ കാഴ്ചപരിമിതിയുള്ള 75 വയസ്സുകാരിയെ പൊലിസിൽ വിവരമറിയിച്ചതിനെ തുടർന്ന് ബന്ധുക്കൾ എത്തി കൂട്ടിക്കൊണ്ടുപോയി. ഇനി ഭിക്ഷാടനത്തിന് വിടില്ലെന്നും സംരക്ഷിച്ചുകൊള്ളാമെന്നും കുടുംബാംഗങ്ങൾ പൊലിസിൽ ഉറപ്പുനൽകി. കാലിന് ശസ്ത്രക്രിയ കഴിഞ്ഞ് നടക്കാൻ പ്രയാസമുള്ള 55 വയസുകാരിയെയും നിലമ്പൂരിൽനിന്ന് കണ്ടെത്തി.
നിലമ്പൂർ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് മമ്പാട് സ്വദേശിയായ 70 വയസുകാരനെയും വണ്ടൂർ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് തമിഴ്നാട് സേലം സ്വദേശിനിയായ 65 വയസുകാരിയെയുമാണ് കണ്ടെത്തി പുനരധിവാസ നടപടികൾ സ്വീകരിച്ചത്. ആരോഗ്യപരിചരണം, മാനസിക പിന്തുണ, സുരക്ഷിത താമസം, തൊഴിൽ-ഉപജീവന മാർഗങ്ങൾ എന്നിവയിലൂടെ അന്തസുള്ള ജീവിതത്തിലേക്ക് ഇവരെ തിരിച്ചുകൊണ്ടുവരികയാണ് പദ്ധതിയുടെ ലക്ഷ്യം.
കേന്ദ്ര സാമൂഹികനീതി ശാക്തീകരണ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിയുടെ ജില്ലാ നോഡൽ ഓഫിസറും സാമൂഹികനീതി ഓഫിസറുമായ സമീർ മച്ചിങ്ങലിന്റെ മേൽനോട്ടത്തിലായിരുന്നു പരിശോധന. പ്രോജക്ട് കോ-ഓർഡിനേറ്റർ പി. ഹസ്ന, കൗൺസിലർ സിൻഷ മോൾ, ഡ്രൈവർ അബ്ദുൽ ലത്തീഫ്, കെയർടേക്കർ സനൽ കുമാർ, ട്രോമാകെയർ വോളന്റിയർ യൂനുസ് രാമൻകുത്ത് എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
ഭിക്ഷാടനത്തിൽ ഏർപ്പെടുന്നവരെ ശ്രദ്ധയിൽപ്പെട്ടാൽ പദ്ധതി പ്രതിനിധികളെ വിവരമറിയിക്കണമെന്ന് നോഡൽ ഓഫിസർ അഭ്യർഥിച്ചു.
District News
മലപ്പുറം: നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികളെ കാവൽ പോലുള്ള പദ്ധതികളിൽ ഉൾപ്പെടുത്തി തിരുത്താനുള്ള നടപടികൾ സ്വീകരിക്കണമെന്നും സാമൂഹിക അവബോധം നൽകണമെന്നും സംസ്ഥാന ബാലാവകാശ കമ്മീഷൻ നിർദേശിച്ചു. മലപ്പുറം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാ കർത്തവ്യ വാഹകരുടെ യോഗത്തിലാണ് പൊലിസിനും മോട്ടോർ വാഹന വകുപ്പിനുമായി ഈ നിര്‍ദ്ദേശം നല്‍കിയത്. കുട്ടികൾക്കിടയിൽ മോട്ടോർ വാഹന നിയമലംഘനം വർധിച്ചുവരുന്ന സാഹചര്യത്തിൽ ബോധവത്കരണം ശക്തമാക്കണമെന്നും, നിയമലംഘനം നടത്തുന്ന കുട്ടികൾക്കെതിരെ സാമൂഹിക പശ്ചാത്തല റിപ്പോർട്ട് (എസ്ബിആർ) രജിസ്റ്റർ ചെയ്ത് കുട്ടികൾക്കും രക്ഷിതാക്കൾക്കും ബോധവത്കരണം നൽകണമെന്നും കമ്മീഷൻ നിര്‍ദ്ദേശിച്ചു.
ജില്ലയിലെ ട്രൈബൽ മേഖലയിലെ വീടുകളിൽ നടക്കുന്ന പ്രസവം, വാക്സിനേഷൻ എടുക്കാതെ കുട്ടികൾക്ക് ജീവൻ നഷ്ടമായ സംഭവങ്ങൾ തുടങ്ങിയവയിൽ ബോധവത്കരണം നൽകി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ തുടർനടപടി സ്വീകരിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് കമ്മീഷൻ നിർദേശം നൽകി. വിവിധ വകുപ്പുകളുടെ ഏകോപനത്തിനും കൂട്ടായ തീരുമാനങ്ങൾക്കും ജില്ലാതല ഉദ്യോഗസ്ഥർ നേതൃത്വം നൽകണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു.
സംസ്ഥാന ബാലാവകാശ കമ്മീഷൻ വിളിച്ചുചേർത്ത യോഗത്തിൽ കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്സൺ സിസിലി ജോസഫ് വിഷയാവതരണം നടത്തി. കമ്മിഷൻ അംഗം അഡ്വ. പി. ഷാജേഷ് ഭാസ്കർ അവലോകനയോഗം നിയന്ത്രിച്ചു. ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ മമ്മു മാസ്റ്റർ, ജെ.ജെ.ബി അംഗം ശ്രീജ പുളിക്കൽ, ഡെപ്യൂട്ടി കളക്ടർ പ്രീത പ്രതാപൻ, ജില്ലാ വനിതാ-ശിശു വികസന ഓഫീസർ എസ്.എൽ ശ്യാം ശങ്കർ, ജില്ലാ ശിശുസംരക്ഷണ ഓഫീസർ ടി.എൻ ധന്യ തുടങ്ങിയവർ പങ്കെടുത്തു.
District News
ചങ്ങരംകുളം: പ്രതിഷേധവും വാർത്തകളും ഫലം കണ്ടതോടെ അപകടാവസ്ഥയിലായ കാഞ്ഞിയൂർ-തെങ്ങിൽ റോഡിലെ പാലം പുതുക്കിപ്പണിയാൻ തീരുമാനമായി. ജില്ലാ പഞ്ചായത്ത് അംഗം അഷ്ഹർ പെരുമുക്കിന്റെ നേതൃത്വത്തിൽ പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനിയറും ജനപ്രതിനിധികളുമടങ്ങുന്ന സംഘം പാലം സന്ദർശിച്ചു.
റോഡ് നിർമാണത്തിനൊപ്പം പാലവും പൊളിച്ചുപണിയാനാണ് തീരുമാനം.
50 വർഷത്തോളം പഴക്കമുള്ള പാലത്തിന്റെ അടിഭാഗത്തെ കോൺക്രീറ്റ് ദ്രവിച്ച് കമ്പികൾ പുറത്തായ നിലയിലാണ്. ചങ്ങരംകുളം-എരമംഗലം, ചങ്ങരംകുളം-ചെറവല്ലൂർ, ചങ്ങരംകുളം-എടപ്പാൾ റോഡുകളെ ബന്ധിപ്പിക്കുന്ന പ്രധാന ബൈപാസ് റോഡിലൂടെ നൂറുകണക്കിന് വാഹനങ്ങളാണ് ദിനംപ്രതി കടന്നുപോകുന്നത്. സമീപത്തെ കൃഷിയിടങ്ങളിലേക്ക് ട്രാക്ടറും കൊയ്ത്തുമെതി യന്ത്രങ്ങളും ഇറക്കുന്നതും ഇതുവഴിയാണ്.
റോഡ് പുനർനിർമാണ പ്രവൃത്തികൾക്ക് ഫണ്ട് അനുവദിച്ച് പണി തുടങ്ങിയിട്ടുണ്ട്. ഇതിനൊപ്പം പാലവും വീതി കൂട്ടി നിർമിക്കണമെന്ന നാട്ടുകാരുടെ ആവശ്യം പരിഗണിച്ചാണ് നടപടി.