അങ്ങാടിപ്പുറം: ഗ്രാമപഞ്ചായത്ത് അംഗങ്ങൾക്കായി പ്രഥമശുശ്രൂഷ, ബേസിക് ലൈഫ് സപ്പോർട്ട് പരിശീലന ക്യാമ്പ് നടത്തി. എംഇഎസ് മെഡിക്കൽ കോളജ് ആശുപത്രിയിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ എംഇഎസ് ആരോഗ്യഗ്രാമം പദ്ധതിയുടെ ഭാഗമായാണ് അങ്ങാടിപ്പുറം എംപി നാരായണ മേനോൻ ഓഡിറ്റോറിയത്തിൽ ക്യാമ്പ് നടത്തിയത്. എംഇഎസ് മെഡിക്കൽ കോളജ് ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. കെ. ഹമീദ് ഫസൽ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഷബീർ കറുമുക്കിൽ അധ്യക്ഷത വഹിച്ചു. എംഇഎസ് ആരോഗ്യഗ്രാമം പദ്ധതിയുടെ ധാരണാപത്രം എംഇഎസ് അധികൃതർ പഞ്ചായത്തിന് കൈമാറി. മെഡിക്കൽ കോളജിലെ വിദഗ്ധ ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും നേതൃത്വത്തിൽ ജനപ്രതിനിധികൾക്ക് പ്രായോഗിക പരിശീലനവും നൽകി.
പഞ്ചായത്തിലെ എല്ലാ വാർഡുകളിലേക്കും ഈ അറിവ് എത്തിക്കുന്നതിന്റെ ഭാഗമായി വായനശാലകൾ, ക്ലബ്ബുകൾ, കുടുംബശ്രീ യൂണിറ്റുകൾ, യുവജന സംഘടനകൾ, ട്രേഡ് യൂണിയനുകൾ തുടങ്ങി വിവിധ മേഖലകളിലുള്ളവർക്ക് തുടർന്നും പരിശീലനം നൽകാനാണ് തീരുമാനം.