പെരിന്തൽമണ്ണ: മുൻവൈരാഗ്യത്തെത്തുടർന്ന് യുവാവിന്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് കാറിൽ തട്ടിക്കൊണ്ടുപോയി മർദിക്കുകയും പണം കവരുകയും ചെയ്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന നാല് പ്രതികൾ അറസ്റ്റിൽ. എൻ. കെ. നിഷാർ (38), ബിനുസ് ഖാൻ (45), കെ. പി. അമീറുദ്ദീൻ (33), പി. അബ്ദുൽ നിഷാദ് (31) എന്നിവരെയാണ് പെരിന്തൽമണ്ണ പൊലിസ് അറസ്റ്റ് ചെയ്തത്.പെരിന്തൽമണ്ണ കുന്നപ്പള്ളി സ്വദേശി എം. ശുഹൈബിനെ (37) ആക്രമിച്ച കേസിലാണ് നടപടി. ഒന്നാം പ്രതിയുടെ സഹോദരിയുമായി പരാതിക്കാരനുണ്ടായിരുന്ന അടുപ്പത്തെത്തുടർന്നുള്ള വിരോധമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലിസ് പറഞ്ഞു.
ഒക്ടോബർ 20ന് ഉച്ചയ്ക്ക് 12 -ഓടെ പൊന്ന്യാകുർശിയിൽ വെച്ച് കാറിലെത്തിയ സംഘം ശുഹൈബിന്റെ കണ്ണിൽ മുളകുപൊടി തേച്ച ശേഷം ബലമായി വാഹനത്തിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. കാറിൽവച്ചും കാളികാവിലെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് കമ്പിവടി കൊണ്ടും കൈകൊണ്ടും ക്രൂരമായി മർദിച്ചു.രക്ഷപ്പെടാൻ ശ്രമിച്ച ശുഹൈബിനെ പ്രതികൾ വീണ്ടും പിടിച്ചുനിർത്തി മർദിക്കുകയും കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു.
ആക്രമണത്തിനിടയിൽ തന്റെ കൈവശമുണ്ടായിരുന്ന 4,20,000 രൂപ നഷ്ടപ്പെട്ടതായും ശുഹൈബ് നൽകിയ പരാതിയിൽ പറയുന്നു.സംഭവത്തിന് ശേഷം തമിഴ്നാട്ടിലെ ഗൂഡല്ലൂർ, വയനാട് എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതികൾ. പെരിന്തൽമണ്ണ ഇൻസ്പെക്ടർ എസ്. സുമേഷ് സുധാകരന്റെ നിർദേശപ്രകാരം ഗ്രേഡ് എസ്ഐ രാമചന്ദ്രൻ, സിപിഒമാരായ സുധീഷ്, ടി.കെ. സനൽ എന്നിവരടങ്ങുന്ന സംഘമാണ് ഇന്നലെ പുലർച്ചെ വയനാട് സുൽത്താൻ ബത്തേരിയിൽനിന്ന് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കേസിൽ ഉൾപ്പെട്ട മറ്റു പ്രതികൾക്കായി പൊലിസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.