മംഗലംഡാം: വനംവകുപ്പിന്റെ കരിങ്കയം തേക്കുതോട്ടത്തിൽ രണ്ടാംഘട്ട തേക്കുമുറി തുടങ്ങി. ഓടംതോട് നന്നങ്ങാടി ഭാഗത്താണ് കഴിഞ്ഞദിവസം മുതൽ മരംമുറി ആരംഭിച്ചിട്ടുള്ളത്. 25 ഹെക്ടർ പ്രദേശത്തെ തേക്കുമരങ്ങൾ ഉൾപ്പെടെ 6086 മരങ്ങളാണ് ഇപ്പോൾ മുറിക്കുന്നതെന്ന് ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ മുഹമ്മദ് ഹാഷിം പറഞ്ഞു.60 വർഷത്തിലേറെ പ്രായമുള്ള തേക്കുമരങ്ങളാണ് മുറിക്കുന്നത്. 200 ഇഞ്ചും അതിൽ കൂടുതലും വണ്ണമുള്ള തേക്കുമരങ്ങൾ മുറിക്കുന്നവയിലുണ്ട്.
മാർച്ച് 15 നകം നിർദ്ദിഷ്ട പ്രദേശത്തെ മരങ്ങളെല്ലാം മുറിക്കാനാണ് കരാർ നൽകിയിട്ടുള്ളത്. തടികളെല്ലാം വനംവകുപ്പിന്റെ വാളയാറിലുള്ള ഡിപ്പോയിലേക്കു മാറ്റും. വണ്ണംകുറഞ്ഞ തടികളും കഴകളും വിറകും സ്ഥലത്തുവച്ചുതന്നെ ലേലം ചെയ്ത് വിൽപന നടത്തും. തടി മുറിച്ചുമാറ്റുന്ന പ്രദേശങ്ങളിലെല്ലാം വീണ്ടും തേക്കുതൈകൾ റീപ്ലാന്റ് ചെയ്യും. 2000 ഏക്കർ വരുന്ന പ്രദേശമാണ് വനംവകുപ്പിന്റെ അധീനതയിലുള്ള കരിങ്കയത്തെ തേക്കുതോട്ടം.
2025 ജനുവരി, ഫെബ്രുവരി മാസങ്ങളിലായാണ് ഒന്നാംഘട്ട മരംമുറി നടന്നത്. കരിങ്കയം ഫോറസ്റ്റ് ഓഫീസിനടുത്തെ രണ്ടായിരത്തിലേറെ തേക്കുമരങ്ങളാണ് ഒന്നാംഘട്ടത്തിൽ മുറിച്ചത്. മരംമുറി നടന്ന പ്രദേശത്ത് 32,000 തേക്കിൻതൈകൾ ഇതിനകം നട്ടുപിടിപ്പിച്ചിട്ടുണ്ട്.