കൊടുവായൂർ: കനാൽവെള്ളം ലഭിക്കാത്തതിനാൽ കൊടുവായൂരിലും പരിസര പ്രദ്രശങ്ങളിലുമായി 75 ഏക്കറിൽ കൂടുതൽ പാടശേഖരങ്ങളിൽ ഞാറ് ഉണങ്ങിനശിച്ചു.
പടിക്കൽപ്പാടം, വാക്കോട്, കൊങ്ങിണിപ്പാടം, പാമ്പൂരാമ്പൊറ്റ , കണ്ണന്തോട്, പയ്യപ്പുള്ളി ഉൾപ്പെടെ സ്ഥലങ്ങളിലാണ് ഞാറ് ഉണങ്ങി നശിച്ചിരിക്കുന്നത്. ഒരുമാസത്തിനു മുൻപാണ് മീങ്കരഡാമിലെ വെള്ളം ഒരുതവണയെങ്കിലും എത്തിയത്.
വീണ്ടും ലഭിക്കുമെന്ന കണക്കൂട്ടലിലാണ് ഞാറുനട്ടത്. മഴ തീരെ ഇല്ലാതായതും കനാൽ വെള്ളം എത്താതും ഞാർ പൂർണമായും ഉണങ്ങാൻ കാരണമായി. മിക്കസ്ഥലങ്ങളിലും കൃഷിഭൂമി വിണ്ടുകീറിയ അവസ്ഥയിലാണ്.
നിലവിൽ മീങ്കര ഡാമിൽ കുടിവെള്ള വിതരണത്തിനുള്ള ജലം മാത്രമാണുള്ളത്. ആളിയാർ വെള്ളം ലഭിച്ചാലേ മീങ്കരഡാം നിറയ്ക്കാനാവുകയുള്ളു. തമിഴ്നാട് കടുംപിടിത്തം തുടർന്നാൽ ആളിയാർവെള്ളത്തിന്റെ ലഭ്യത പ്രശ്നമാകും. നിലമൊരുക്കാനും ഞാറു നടാനുമായി ഏക്കറിന് പതിനായിരം രൂപവീതമെങ്കിലും ചെലവഴിക്കേണ്ടി വന്നതായി കർഷകർ പറയുന്നു.