കല്ലടിക്കോട്: മേലേപ്പയ്യാനിയിൽ പുലി വളർത്തുനായ്ക്കകളെ ആക്രമിച്ചു കൊലപ്പെടുത്തി. കഴിഞ്ഞ ദിവസം രാത്രിയാണ് മേലേപ്പയ്യാനി തുറക്കൽ ജോസിന്റെ വീട്ടിലെ രണ്ടു വളർത്തുനായ്ക്കളെ പുലി ആക്രമിച്ചത്.
ഒരെണ്ണത്തിനെ പുലി കൊണ്ടുപോയി. മറ്റൊന്നിനെ കടിച്ച് പരിക്കേൽപ്പിച്ചു. കഴിഞ്ഞ മാസം സമീപത്തെ വിടുകളിൽ നിന്നും നായകളെ കാണാതാകുന്നത് പതിവായിരുന്നു.ആടുകളും പശുക്കളും ഉൾപ്പെടെയുള്ള വളർത്തുമൃഗങ്ങളെ വന്യമൃഗങ്ങൾ പിടിച്ചുകൊണ്ടുപോകുന്നതും കൊന്ന് പാതിവഴിയിൽ ഉപേക്ഷിക്കുന്നതും പതിവായിട്ടുണ്ട്.
കാട്ടാനകളും കാട്ടുപന്നികളും പുലിയും കടുവയും കരടിയും സ്ഥിരമായി എത്താറുണ്ടെന്ന് പ്രദേശത്തെ വീട്ടുകാർ പറയുന്നു. പുലർച്ചെ പള്ളിയിലേയ്ക്ക് പോകുമ്പോൾ കാട്ടാനകളേയും മറ്റ് വന്യമൃഗങ്ങളേയുംകണ്ട് വഴിമാറി പോകുന്നതു പതിവാണെന്നു മേരീമാതാ പള്ളിയിലെ ദേവാലയ ശുശ്രൂഷിയായ കുളമ്പുള്ളിക്കട്ടയിൽ ജോസ് പറഞ്ഞു.
അതിരാവിലെ റബർ ടാപ്പിംഗിനായി പോകുന്നവരും ഭീതിയിലാണിപ്പോള്‍. സമീപത്ത് വനംവകുപ്പിന്റെ ഓഫിസ് പ്രവർത്തിക്കുന്നുണ്ടെങ്കിലും പ്രദേശത്തെ വന്യജീവികളുടെ ആക്രമണം തടയാൻ നടപടികൾ സ്വീകരിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്.കല്ലടിക്കോടൻ മലയുടെ അടിവാരത്തെത്തുന്ന വന്യമൃഗങ്ങൾ രാത്രിയും പകലും കൃഷിയിടത്തിലും സമീപത്തെ കാടുകളിലുമാണ് തമ്പടിക്കുന്നത്.