റാന്നി: പട്ടികവര്‍ഗ കുടുംബങ്ങളുടെ കാര്‍ഷികവികസനവും ജീവനോപാധി മെച്ചപ്പെടുത്തലും ലക്ഷ്യമിട്ട് പത്തനംതിട്ട കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നാറാണംമൂഴി ഗ്രാമപഞ്ചായത്തിലെ അടിച്ചിപ്പുഴ ഉന്നതിയില്‍ കാര്‍ഷിക വികസന പദ്ധതി നടപ്പിലാക്കി.
പദ്ധതിയുടെ ഉദ്ഘാടനം പഴകുളം മധു എംഎല്‍എ നിര്‍വഹിച്ചു. നാറാണംമൂഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്. സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. കൃഷി വിജ്ഞാന കേന്ദ്രം മേധാവിയും സീനിയര്‍ സയന്റിസ്റ്റുമായ ഡോ. സി.പി. റോബര്‍ട്ട് മുഖ്യപ്രഭാഷണം നടത്തി.
പട്ടികവര്‍ഗ കുടുംബങ്ങളുടെ വരുമാനവര്‍ധന, ഭക്ഷ്യസുരക്ഷ, സുസ്ഥിര കൃഷിരീതികളുടെ പ്രോത്സാഹനം, കാര്‍ഷിക നൈപുണ്യ വികസനം എന്നിവ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ക്ക് തെങ്ങിന്‍തൈകള്‍, പന്നിയൂര്‍ ഇനത്തിലുള്ള കുരുമുളകുതൈകള്‍, പച്ചക്കറിവിത്തുകള്‍, ട്രൈക്കോഡെര്‍മ, സ്യൂഡോമോണസ് തുടങ്ങിയ ജൈവനിയന്ത്രണ ഉപാധികള്‍, കാര്‍ഷിക ഉപകരണങ്ങള്‍ എന്നിവ വിതരണം ചെയ്തു.
നൂറോളം പട്ടികവര്‍ഗ കര്‍ഷകരെ ഉള്‍പ്പെടുത്തി കാര്‍ഷിക നൈപുണ്യ വികസന പരിശീലനവും സംഘടിപ്പിച്ചു. കൃഷി വിജ്ഞാന കേന്ദ്രത്തിലെ അഗ്രോണമി വിഭാഗം സബ്ജെക്ട് മാറ്റര്‍ സ്പെഷ്യലിസ്റ്റ് ഡോ. വിനോദ് മാത്യു, സസ്യസംരക്ഷണ വിഭാഗം സബ്ജക്ട് മാറ്റര്‍ സ്പെഷ്യലിസ്റ്റ് ഡോ. അലക്സ് ജോണ്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്കി.
ഗ്രാമപഞ്ചായത്തംഗങ്ങളായ സി.എം. ഉദയന്‍, ശാന്തമ്മ അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. കാര്‍ഷിക വിജ്ഞാനവ്യാപന വിഭാഗം സബ്ജക്ട് മാറ്റര്‍ സ്പെഷ്യലിസ്റ്റ് ഡോ. സിന്ധു സദാനന്ദന്, പ്രോഗ്രാം അസിസ്റ്റന്റ് (ലാബ്) എസ്. ഗായത്രി എന്നിവരും പരിപാടിക്കു നേതൃത്വം നല്കി.