കോന്നി: ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി പഞ്ചായത്ത് ഭരണസമിതിയും പൊലിസും സംയുക്തമായി നടപ്പാക്കിയ ഗതാഗത പരിഷ്കരണം ഫലം കണ്ടുതുടങ്ങി. പുനലൂർ–മൂവാറ്റുപുഴ സംസ്ഥാനപാതയിൽ സെൻട്രൽ ജംഗ്ഷനിൽ സംഗമിക്കുന്ന നാല് റോഡുകളിലും 50 മീറ്റർ ചുറ്റളവിൽ ഇരുചക്രവാഹനങ്ങൾ ഉൾപ്പടെയുള്ളവയുടെ പാർക്കിംഗ് പൂർണമായി നിരോധിച്ചതോടെയാണ് ടൗണിലെ ഗതാഗതം സുഗമമായത്. സംസ്ഥാനപാതയുടെ വികസനം പൂർത്തിയായെങ്കിലും സെൻട്രൽ ജംഗ്ഷനിൽ ആവശ്യത്തിന് വീതിയില്ലാത്തത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. പല വ്യാപാര സ്ഥാപനങ്ങളുടെയും മുന്നിൽ വെള്ളവരയ്ക്കുള്ളിൽ ഇരുചക്രവാഹനങ്ങൾ നിർത്താൻ പോലും സ്ഥലമില്ലാതിരുന്നിട്ടും കാറുകളും ഓട്ടോറിക്ഷകളും അടക്കമുള്ള വാഹനങ്ങൾ ഇവിടെ പാർക്ക് ചെയ്തിരുന്നത് പ്രധാന പാതയിലൂടെയുള്ള ഗതാഗതത്തെ സാരമായി ബാധിച്ചു.
ജംഗ്ഷനിൽ ഓട്ടോമാറ്റിക് സിഗ്നൽ സംവിധാനം നിലവിൽ വന്നതോടെ റോഡിന്റെ വീതിക്കുറവ് കാരണം വാഹനങ്ങൾക്ക് ഇടതുവശത്തേക്ക് തിരിഞ്ഞുപോകാൻ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. ഇത് കോന്നി മെഡിക്കൽ കോളജ്, താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലേക്കുള്ള ആംബുലൻസുകൾ ഉൾപ്പടെയുള്ള വാഹനങ്ങളുടെ യാത്രയ്ക്കും തടസമായി.താലൂക്ക് വികസന സമിതിയിൽ ഉൾപ്പടെ വർഷങ്ങളായി ഉയർന്നുവന്ന ആവശ്യത്തിനാണ് ഇതോടെ പരിഹാരമായത്. നിലവിലെ പരിഷ്കാരം മണ്ഡലകാലത്ത് എത്തുന്ന തീർഥാടക വാഹനങ്ങൾക്കും ഏറെ ആശ്വാസമാകും.
അനധികൃത പാർക്കിംഗിനെതിരേ കർശന നടപടി
കോന്നി സെൻട്രൽ ജംഗ്ഷനിൽ സിഗ്നൽ സംവിധാനമില്ലാത്തതും അനധികൃത പാർക്കിംഗുമായിരുന്നു ഗതാഗത തടസത്തിനു പ്രധാന പ്രശ്നം. അനധികൃത പാർക്കിംഗിനെതിരേ നടപടികൾ കർശനമാക്കിയപ്പോൾ ജംഗ്ഷനിലെ ശ്വാസംമുട്ടുന്ന അവസ്ഥയ്ക്ക് വലിയ പരിഹാരമായി. മണ്ഡലകാലത്ത് തീർഥാടക വാഹനങ്ങൾക്ക് ഇത് ഏറെ ഗുണകരമാകും.
- റോജി ഏബ്രഹാം (കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്)