കുമ്പനാട്: നിയന്ത്രണം വിട്ട് അമിത വേഗത്തിൽ വന്ന കാർ രണ്ട് സ്കൂട്ടർ യാത്രികരെ ഇടിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12 ന് ടികെ റോഡിലെ മുട്ടുമൺ ജംഗ്ഷനിലായിരുന്നു അപകടം.
കുമ്പനാട് വൈദ്യുതി ഓഫിസിലെ ജീവനക്കാരൻ തിരുവനന്തപുരം സ്വദേശി ഹരി (46)യെ കാലിനു ഗുരുതരമായ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരു സ്കൂട്ടർ യാത്രികനായ മുട്ടുമൺ മോതക്കോട്ട് അരുൺ ജോൺ (40) ഗുരുതരമായി പരിക്കുകളോടെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
തിരുവല്ല ഭാഗത്ത് നിന്ന്അമിത വേഗത്തിൽ വന്ന കാർ എതിർ ദിശയിൽ നിന്നുവന്ന ഇരുചക്ര വാഹനങ്ങളെ ഇടിക്കുകയായിരുന്നു. കോയിപ്രം പോലിസ് മേൽ നടപടികൾ സ്വീകരിച്ചു. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് പറയുന്നു.