ശബരിമല: ശബരിമല ദർശനത്തിനു വെർച്വൽ ക്യൂ ബുക്ക് ചെയ്തശേഷം റദ്ദാക്കിയ സ്ലോട്ടുകൾ എട്ടു മണിക്കൂറിനുശേഷം വീണ്ടും ബുക്കിംഗിനുവേണ്ടി ലഭ്യമാകുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. പുതിയ പരിഷ്കാരം ഇന്നലെ രാത്രി നിലവിൽ വന്നു. കൂട്ടത്തോടെ സ്ലോട്ടുകൾ ബുക്ക് ചെയ്തശേഷം റദ്ദാക്കി പുതിയ ആളുകൾക്ക് ലഭ്യമാക്കുന്ന തരത്തിൽ ആസൂത്രിത ശ്രമമുണ്ടെങ്കിൽ തടയുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പരിഷ്കാരമെന്ന് പ്രസിഡന്റ് പത്രസമ്മേളനത്തിൽ പറഞ്ഞു.
ഒരാഴ്ച പിന്നിട്ട മണ്ഡലമകരവിളക്ക് കാലം പൂർണ സംതൃപ്തി നൽകുന്നതായി ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. വെർച്വൽ ക്യൂ വഴിയോ സ്പോട്ട് ബുക്കിംഗ് വഴിയോ മാത്രം അയ്യപ്പൻമാർ വരുന്നത് മൂലം കൃത്യമായ തയാറെടുപ്പിലൂടെ തിരക്ക് നിയന്ത്രിക്കാൻ കഴിയുന്ന അച്ചടക്കം കൊണ്ടുവരാൻ കഴിഞ്ഞു എന്നതാണ് പ്രധാനം. പണമിടപാട് പൂർണമായും ഡിജിറ്റൽ ആക്കിയതിനാൽ വരുമാന ചോർച്ച തടയാൻ സാധിച്ചു. ഇത് മൊത്തം വരുമാനത്തിന്റെ വർധനയിൽ പ്രതിഫലിക്കും. സന്നിധാനത്തും പരിസരത്തും വൃത്തിയുള്ള അന്തരീക്ഷമാണ് തൃപ്തി നൽകുന്ന മറ്റൊരു കാര്യം.
നിലയ്ക്കലിൽ വാഹനങ്ങളുടെ പാർക്കിംഗ് ക്രമീകരിക്കപ്പെട്ടു. 12,000 വാഹനങ്ങൾ വരെ ഒരേ സമയം പാർക്ക് ചെയ്യാം. തീർഥാടകർക്ക് വാഹനങ്ങൾ പാർക്ക് ചെയ്തിടത്തേക്ക് പോകാൻ നിലയ്ക്കലിൽ നിന്നുള്ള കെഎസ്ആർടിസിയുടെ സർക്കുലർ സർവീസുകളുടെ എണ്ണം കൂട്ടും.
എല്ലാവർക്കും ദർശന സൗകര്യം
ശബരിമല ക്ഷേത്രദർശനം ലക്ഷ്യമിട്ടു വരുന്ന ഒരു ഭക്തനെയും മടക്കി അയക്കില്ലെന്ന് കെ. ജയകുമാർ വ്യക്തമാക്കി. ഏതെങ്കിലും രീതിയിൽ ബുക്ക് ചെയ്തു വരണമെന്നു മാത്രം. സ്പോട്ട് ബുക്കിംഗ് നേരത്തെ 5000 എണ്ണം വർധിപ്പിച്ചിരുന്നു. ആവശ്യമുണ്ടെങ്കിൽ 5000 എണ്ണം കൂടി കൂട്ടും. നിലവിൽ അതിന്റെ ആവശ്യമില്ല. ഭക്തരുടെ എണ്ണം ക്രമനുഗതമായി കൂടുന്നുണ്ട്. കഴിഞ്ഞ 23 ന് 75000 പേർ എത്തി. ഇന്നലെ 80000 പേരെയാണ് പ്രതീക്ഷിച്ചിരുന്നത്. മല കയറുന്നവരുടെ എണ്ണം കൂടിയിട്ടും തിരക്കിന്റെ തീവ്രത സന്നിധാനത്ത് അനുഭവപ്പെടാത്തത് കൃത്യമായ ഏകോപനം മൂലമാണ്. പൊലിസിന്റെയും വിവിധ വകുപ്പുകളുടെയും എഡിഎമ്മിന്റെയും സഹകരണം ഇതിൽ എടുത്തുപറയണം.
പമ്പയിൽ തുണി നിക്ഷേപിക്കുന്ന വർഷങ്ങളായുള്ള ദുരാചാരം ബോധവത്കരണത്തിലൂടെ വലിയ തോതിൽ കുറയ്ക്കാൻ സാധിച്ചതു വലിയ നേട്ടമാണ്. സീസൺ തുടങ്ങുന്ന വേളയിൽ ആസൂത്രിതമായ രീതിയിൽ തീർഥകരുടെ എണ്ണം കുറയ്ക്കാൻ ശ്രമം നടന്നിട്ടുണ്ടോ എന്നത് സൈബർ ഫോറെൻസിക് അന്വേഷിക്കുകയാണ്. ഇതേവരെ ആ നിലയ്ക്ക് തെളിവ് ലഭിച്ചിട്ടില്ല.
അപ്പാച്ചിമേട് തീർഥാടക വിശ്രമകേന്ദ്രം ഉദ്ഘാടനം ഉടൻ
അപ്പാച്ചിമേട്ടിൽ കാർഡിയാക് കേന്ദ്രത്തിന് സമീപം നവീകരിച്ചു മനോഹരമാക്കി മാറ്റിയ തീർഥാടക വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനം ഒരാഴ്ചക്കുള്ളിൽ നടക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു. ഫോട്ടോ എടുക്കാൻ പാകത്തിൽ സുന്ദരമാക്കി മാറ്റിയ പ്രദേശമാണിത്. നേരത്തേ കാട് മൂടി അനാഥാവസ്ഥയിൽ ആയിരുന്നു. അപ്പം, അരവണ ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കടകളിലെ പരിശോധന; ഒരാഴ്ചയ്ക്കിടെ ചുമത്തിയത് ഒരു ലക്ഷം രൂപപിഴ
ശബരിമല: മണ്ഡല മകരമാസ കാലം ഒരാഴ്ച പിന്നിടുമ്പോൾ സന്നിധാനത്തെയും പരിസരത്തെയും കടകളിൽ പരിശോധന നടത്തിയ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം 29 കേസുകളിലായി ഒരു ലക്ഷം രൂപ പിഴ ചുമത്തി. തദ്ദേശസ്വയംഭരണം, റവന്യു, ആരോഗ്യം, ഭക്ഷ്യസുരക്ഷ, ലീഗൽ മെട്രോളജി, സിവിൽ സപ്ലൈസ് വകുപ്പുകളുടെ സംയുക്ത പരിശോധനാ സംഘമാണ് രാത്രികളിൽ ഉൾപ്പെടെ പരിശോധന നടത്തുന്നത്.
കൂടുതൽ നിയമലംഘനം ഹോട്ടലുകളിലെ വൃത്തിയുമായി ബന്ധപ്പെട്ടാണ്. വെയ്റ്റർമാർ, കൈയുറ, തലമുടി മറയ്ക്കുന്ന ക്യാപ് എന്നിവ ധരിക്കാതിരിക്കുക, അടുക്കളയിലെ വൃത്തിഹീനമായ അന്തരീക്ഷം തുടങ്ങിയവയാണ് കൂടുതലായി ശ്രദ്ധയിൽപെട്ടത്. സാധനങ്ങൾക്ക് അമിത വില ഈടാക്കുന്നത് കർശനമായി പരിശോധിച്ചു വരികയാണ്. അളവിലും തൂക്കത്തിലും കുറച്ചു സാധനങ്ങൾ വിൽക്കുന്ന വർക്കെതിരേയും നടപടി സ്വീകരിച്ചു.
ഞായറാഴ്ച സന്നിധാനത്തെ ഒരു ഹോട്ടലിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി നശിപ്പിക്കുകയും പിഴ ചുമത്തുകയും ചെയ്തു. മൂന്ന് സ്ക്വാഡുകളായിട്ടാണ് സംഘം പരിശോധന നടത്തുന്നത്. പരിശോധനാ സംഘം ഭക്ഷണശാലയിൽ എത്തി അയ്യപ്പഭക്തരോടു നേരിൽ അഭിപ്രായം ചോദിച്ചും തുടർനടപടി സ്വീകരിക്കുന്നുണ്ട്.
മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തി പിഴ ചുമത്തും
ശബരിമല സന്നിധാനത്ത് ഭക്തജനത്തിരക്ക് വർധിക്കുന്നതിനനുസരിച്ച് ക്രമീകരണങ്ങൾക്ക് എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്ന് ശബരിമല എഡിഎം ദിലീപ് കെ. കൈനിക്കര പറഞ്ഞു പമ്പാനദിയിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരെ പിഴ ചുമത്തുന്നതിന് ഹൈക്കോടതി അനുമതിയുണ്ടെന്ന് എഡിഎം പറഞ്ഞു. ഇതിനായി പമ്പ ഡ്യൂട്ടി മജിസ്ട്രേട്ട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി, സ്പെഷ്യൽ ഓഫീസർ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.