പത്തനംതിട്ട: കാടുവിട്ട് ആനകൾ നാട്ടിലിറങ്ങാൻ പ്രധാന കാരണം വനാന്തരത്തിൽ ലഭ്യമായിരുന്ന പ്രകൃതിദത്ത ആഹാരത്തിന്റെ ശോഷണമാണെന്ന് വനംവകുപ്പ്. കൊടുംചൂടിൽ വനത്തിനുള്ളിലെ നീർചോലകൾ വറ്റിവരണ്ടതും ആനകളെ കാടുവിട്ട് ജനവാസ മേഖലയിലേക്കിറങ്ങാൻ പ്രേരിപ്പിക്കുന്നതായി വനംവകുപ്പ് റിപ്പോർട്ട്. സമീപകാലത്ത് വനമേഖലയിൽ നിന്നും കിലോമീറ്ററുകൾ താണ്ടി കാട്ടാന ജനവാസ കേന്ദ്രങ്ങളിലേക്കെത്തി പ്രദേശവാസികൾക്ക് ശല്യമുണ്ടാക്കുന്നതായ സംഭവങ്ങളെ സംബന്ധിച്ചാണ് വനപാലകർ പ്രാഥമികാന്വേഷണം നടത്തി റിപ്പോർട്ട് തയാറാക്കിയതിട്ടുള്ളത്.
കഴിഞ്ഞ ദിവസങ്ങളിൽ വടശേരിക്കരയിലെ ജനവാസ മേഖലയെ വിറപ്പിച്ചു കൊണ്ട് കാട്ടാനകൾ നാട്ടിലിറങ്ങിയതിന്റെ വിശദീകരണം എന്ന നിലയിലാണ് വനമേഖലയിൽ ആഹാര സാധനങ്ങൾ കുറയുന്ന വിവരം വനം വകുപ്പ് പറഞ്ഞത്.
പണ്ട് വനത്തിനുള്ളിൽ പ്ലാവുകൾ തഴച്ചു വളർന്നിരുന്നു. പക്ഷേ സീസണിൽ മാത്രമാണ് ചക്ക വിളയുന്നത്. ഇത് ഒരു നിശ്ചിത സമയത്തേക്ക് മാത്രം ലഭിക്കുന്ന ആഹാരമാണ്. യഥാർഥത്തിൽ അടിക്കാടുകളുടെ ശേഷണവും ഈറ്റക്കാടുകൾ കുറഞ്ഞതുമാണ് ആന കാടുവിട്ട് നാട്ടിലെത്താനുള്ള മറ്റൊരു കാരണം.
ആനയ്ക്ക് വേണ്ടത് 100-200 കിലോ ഗ്രാം ഭക്ഷണം
ആനകൾക്ക് ഒരു ദിവസം വേണ്ടത് ഏകദേശം 100 മുതൽ 200 കിലോഗ്രാം വരെ ഭക്ഷണമാണ്.
പലതരത്തിലുള്ള പുല്ലുകളാണ് പണ്ട് യഥേഷ്ടം ലഭിച്ചിരുന്നത്. ഈറ്റ, മുള തുടങ്ങിയവയോടാണ് ഏറെ പ്രിയം. മരങ്ങളുടെ തൊലി ചെത്തിത്തിന്നുന്നത് ആനകളുടെ ശീലമാണ്. ഇതിൽ അടങ്ങിയിരിക്കുന്ന കാൽസ്യവും നാരുകളും ആനകളുടെ ദഹനത്തിന് സഹായിക്കുന്നു. പലതരം കാട്ടുചെടികളുടെയും മരങ്ങളുടെയും ഇലകളും ഇളം കൊമ്പുകളും ആന ആഹാരമാക്കാറുണ്ട്. കാട്ടിൽ കാണുന്ന പലതരം പഴങ്ങളാണ് മറ്റൊരു ഭക്ഷണം. കൂടാതെ മണ്ണ് തുരന്ന് ചിലതരം കിഴങ്ങുകളും ഇവ ഭക്ഷിക്കാറുണ്ട്. എന്നാൽ വനമേഖലയിലുണ്ടായ ശോഷണം കാട്ടാനകൾ അടക്കം സസ്യഭോജികളെ വല്ലാതെ ബാധിച്ചു. ഫലവൃക്ഷങ്ങൾ വനത്തിൽ വളരുന്നില്ല. വനംവകുപ്പ് നടപ്പാക്കിയ സാമൂഹിക വനവത്കരണ പ്രക്രിയ ആകട്ടെ കാട്ടാനകളുടെ സ്വൈരവിഹാരത്തെ ബാധിച്ചു. തേക്കും അക്കേഷ്യയും നട്ടുവളർത്തി ആനത്താരകളിൽ ഫെൻസിംഗ് ഇടുകയാണ് വനംവകുപ്പ് ചെയ്തത്. ഇതോടെ ആനകൾ കാട്ടിൽ കയറാത്ത സ്ഥിതിയായി.
സ്വാഭാവിക വനത്തിന്റെ പ്രത്യേകതയായിരുന്നു ഈറ്റക്കാടുകൾ. എന്നാൽ ഈറ്റയുടെ അശാസ്ത്രീയമായ വിളവെടുപ്പ് മറ്റൊരു ചൂഷണമായി. സാധാരണയായി 30 മുതൽ 45 വർഷം വരെയുള്ള ഒരു കാലഘട്ടത്തിനു ശേഷം ഈറ്റകൾ ഒരുമിച്ച് പൂക്കുന്നതും വിത്ത് ഉത്പാദിപ്പിച്ച ശേഷം പൂർണമായി ഉണങ്ങി നശിക്കുന്നതും പതിവാണ് . ഈ സമയത്ത് കാട്ടുതീ ഉണ്ടാകുന്നത് പുതിയ വിത്തുകൾ മുളച്ചു വരുന്നത് തടയുന്നു. മഴയുടെ കുറവും വനങ്ങളിലെ വരൾച്ചയും ഈറ്റക്കാടുകളുടെ സ്വാഭാവിക വളർച്ചയെ ദോഷകരമായി ബാധിക്കുന്നു.
ഈറ്റ 50 ശതമാനം കുറഞ്ഞു
ഔദ്യോഗിക കണക്കുകൾ പ്രകാരം വനങ്ങളിലെ ഈറ്റയുടെ അളവിൽ ഏകദേശം 40 മുതൽ 50 ശതമാനം വരെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ പശ്ചിമഘട്ട വനമേഖലകളിൽ നടത്തിയ ചില പഠനങ്ങളിലും പരിസ്ഥിതി റിപ്പോർട്ടുകളിലും കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഈറ്റക്കാടുകളുടെ വിസ്തൃതിയിൽ വലിയ തോതിലുള്ള കുറവുണ്ടായതായി വ്യക്തമാക്കുന്നു. കാട്ടാനകളുടെ ഇഷ്ട ആഹാരമായിരുന്നു ഈറ്റക്കാടുകൾ. ശബരിമല കാടുകളിലും ഗൂഡ്രിക്കൽ റേഞ്ചിലും ആനകൾക്ക് യഥേഷ്ടം ലഭിച്ചിരുന്ന ഭക്ഷണവും ഈറ്റയാണ്. ഇതില്ലാതായതോടെ ഇവ പുറംലോകത്തേക്ക് ഇറങ്ങി.
തുലാവർഷം ശോഷിച്ചതിനാൽ കാട്ടരുവികൾ ഇപ്പോൾ വരണ്ടു തുടങ്ങി. റാന്നി വനംഡിവിഷനിൽ കല്ലാറ്റിലെ ജലം മാത്രമാണ് ആനകളുടെ ഏക ആശ്രയം. എന്നാൽ നദിയിലേക്കുളളആനത്താരകൾ വനം വകുപ്പ് വൈദ്യുതി ഫെൻസിംഗ് സ്ഥാപിച്ച് അടച്ചതിനാൽ ലഭ്യമായ വഴിയിലൂടെ ജലം തേടി ഇറങ്ങുന്ന ആനകൾ വഴി തെറ്റി ജനവാസ മേഖലയിൽ എത്തുകയാണ് ചെയ്യുന്നതെന്ന് നാട്ടുകാർ പറയുന്നു.