അടൂര്‍: പൊലിസ് മിന്നല്പരിശോധനയ്ക്കിടെ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. ശനിയാഴ്ച രാത്രി ഏഴോടെ അടൂര്‍ പള്ളിക്കല്‍ മേക്കുന്നുമുകള്‍ ഭാഗത്തായിരുന്നു സംഭവം. വില്പനയ്ക്കായി യുവാവ് കൈവശം സൂക്ഷിച്ചിരുന്ന 0.501 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. ഇയാള്‍ ധരിച്ചിരുന്ന കൈലിയുടെ മടിക്കുത്തിനുള്ളില് സൂക്ഷിച്ചിരുന്ന സിപ് ലോക്ക് കവറില്‍നിന്നാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
പള്ളിക്കല്‍ ആനയടി തോട്ടുവ രതീഷ്ഭവനത്തില്‍ സുനിലിന്റെ മകന് സൂരജ് സുനില്‍ (22) ആണ് പിടിയിലായത്. നൂറനാട് പൊലിസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മറ്റൊരു ക്രിമിനല്‍ കേസിലും ഇയാള്‍ പ്രതിയാണ്.
അടൂര്‍ പൊലിസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ വിഷ്ണു മുരളി, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ അനീഷ് രാമചന്ദ്രന്, സിവില്‍ പൊലിസ് ഓഫിസര്‍മാരായ വിഷ്ണുപ്രസാദ്, ഗോപന് എന്നിവര്‍ ചേര്‍ന്നാണ് സൂരജിനെ പിടികൂടിയത്. അടൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.