തിരുവനന്തപുരം: എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് സെക്രട്ടേറിയറ്റിനു മുന്നിൽ ശയനപ്രദക്ഷിണം നടത്തിയ കേരള കോണ്‍ഗ്രസ് - എം നേതാക്കൾക്കെതിരെ കലാപം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയ പൊലിസ് നടപടിയിൽ ഇടപെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ശയനപ്രദക്ഷിണം നടത്തിയ അഞ്ചു നേതാക്കൾ ഉൾപ്പെടെ കണ്ടാലറിയാവുന്ന 10 പ്രവർത്തകർക്കെതിരെയാണ് കന്റോണ്‍മെന്റ് പൊലിസ് കേസെടുത്തത്.
ചെറിയ കേസ് മാത്രമാണെന്നും കോടതിയിൽ 400 രൂപ പിഴയടച്ച് തീർക്കാമെന്നുമാണ് പൊലിസ് ഫോണിലൂടെ അറിയിച്ചതെന്ന് നേതാക്കൾ പറഞ്ഞു. പിന്നീട് പൊലിസ് വെബ്സൈറ്റിൽനിന്ന് എഫ്ഐആർ ഡൗണ്‍ലോഡ് ചെയ്തപ്പോഴാണ് കലാപം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പ് ചുമത്തിയത് അറിഞ്ഞത്. തുടർന്ന് നേതാക്കൾ ഉന്നത പൊലിസ് ഉദ്യോഗസ്ഥരെയും ആഭ്യന്തരമന്ത്രിയെയും ബന്ധപ്പെട്ടു.
കേരള കോണ്‍ഗ്രസ് -എം സംസ്ഥാന കമ്മിറ്റി അംഗം എ.എച്ച്. ഹഫീസ് അടക്കമുള്ളവർ ബുധനാഴ്ച ഉച്ചയോടെ സെക്രട്ടേറിയറ്റിലെത്തി ആഭ്യന്തരമന്ത്രിയെ കണ്ടതോടെയാണ് അടിയന്തരമായി റിപ്പോർട്ട് നൽകാൻ സിറ്റി പൊലിസ് കമ്മിഷണർക്ക് നിർദേശം നൽകിയത്.