പേരൂര്‍ക്കട: തിരുവനന്തപുരം മൃഗശാലാ അധികൃതരെ വട്ടം കറക്കിയ ഹനുമാന് കുരങ്ങ് ഒടുവില്‍ സ്വമേധയാ തന്റെ കൂട്ടില്‍ക്കയറി. 12 വയസുള്ള പെണ്‍കുരങ്ങാണ് കൂട്ടില്നിന്നുചാടി മൃഗശാലാ കോമ്പൗണ്ടില്‍ത്തന്നെയുള്ള വേങ്ങമരത്തില്‍ ഇരിപ്പുറപ്പിക്കുകയും ഒടുവില്‍ ആഹാരസാധനങ്ങള്‍ കണ്ടു മനംമയങ്ങി സ്വമേധയാ കൂട്ടില്ക്കയറുകയും ചെയ്തത്.
തിങ്കളാഴ്ച രാവിലെ 8.30 നാണ് പെണ്‍കുരങ്ങ് കൂട്ടില്‍നിന്നു മതിലിലേക്കു ചാടി രക്ഷപ്പെട്ടത്. എന്നാല്‍ കോമ്പൗണ്ട് വിട്ടുപോകാതെ ഉയരമുള്ള മരത്തില്‍ കയറിയിരിക്കുകയായിരുന്നു. ഒടുവില്‍ അധികൃതര്‍ കുരങ്ങിനെ നിരീക്ഷിക്കാന്‍ രണ്ടു ജീവനക്കാരെ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ആഹാരംകാണിച്ചു പിടികൂടാനുള്ള തിങ്കളാഴ്ചത്തെ ശ്രമം വിഫലമായിരുന്നു. ഒടുവില്‍ ഇന്നലെ മയക്കുവെടിവച്ചു പിടികൂടാന്‍ ശ്രമം നടത്തിയിരുന്നുവെങ്കിലും അവസാനശ്രമമായി അതു ഉപയോഗിച്ചാല്‍ മതിയെന്നായിരുന്നു തീരുമാനം.
അതിനിടെ, ഇന്നലെ വൈകുന്നേരം കൂട്ടിനുള്ളില്‍ കുരങ്ങിന്റെ ഇഷ്ടഭക്ഷണങ്ങളായ പഴങ്ങളും പച്ചക്കറികളും നിരത്തിവച്ചു. പക്ഷേ കൂടിനകത്തെ കുരങ്ങുകളുമായി ആശയവിനിമയം നടത്തുകയും മരത്തില്‍ നിന്നു മരത്തിലേക്കു ചാടുകയും ചെയ്തതല്ലാതെ താഴേക്കു വന്നില്ല. ഒടുവിലാണു വൈകുന്നേരം അഞ്ചോ ടുകൂടി മരത്തില്‍നിന്നു താഴെയിറങ്ങിത്തുടങ്ങിയത്. ഇത്രയുമായപ്പോള്‍ അധികൃതര്‍ പടക്കംപൊട്ടിച്ചു കുരങ്ങിനെ ഭയപ്പെടുത്തി. ഒടുവില്‍ കുരങ്ങ് മരത്തില്‍നിന്നു താഴെയിറങ്ങിയശേഷം കൂട്ടിലേക്കു കയറുകയായിരുന്നു. രണ്ടുദിവസമായി ഭക്ഷണവും വെള്ളവുമില്ലാതിരുന്നതിനാല് കുരങ്ങ് സന്ധിക്കൊരുങ്ങുകയായിരുന്നുവെന്നു വേണം കരുതാന്‍.
2023-ല്‍ തിരുപ്പതിയില്‍ നിന്നാണ് പെണ്‍കുരങ്ങിനെ തിരുവനന്തപുരം മൃഗശാലയില്‍ എത്തിച്ചത്. ദിവസങ്ങള്‍ക്കുള്ളില്‍ കുരങ്ങ് കൂടു ചാടിപ്പോകുകയായിരുന്നു. പിന്നീട് ഇതു രണ്ടാംതവണയാണ് കൂട്ടില്‍നിന്നു രക്ഷപ്പെടുന്നത്.
കൂട്ടിലുള്ള പെണ്‍കുരങ്ങിനൊപ്പം ഏറെനാളായി ഒരു ആണ്‍കുരങ്ങും ഒരു കുട്ടിക്കുരങ്ങുമുണ്ട്. ആഹാരവും വെള്ളവും കഴിച്ചശേഷം സൗമ്യയും ശാന്തയുമായി കഴിയുകയാണ് ഹനുമാന് കുരങ്ങ്.