നെടുമങ്ങാട്: നഗരസഭയിലും ആനാട് പഞ്ചായത്ത് പ്രദേശങ്ങളിലും വാട്ടർ അഥോറിട്ടിയുടെ പൈപ്പ് വെള്ളത്തിനായി ഉപഭോക്താക്കൾ നെട്ടോട്ടമോടുന്നു.
ശുദ്ധജല പ്ലാന്റിന്റെ പരാധീനതകളും പഴകുറ്റി മുതൽ ആനാട് വരെയുള്ള കെആർഎഫ്ബിയുടെ റോഡ് പണിയുമാണ് വില്ലനായിരിക്കുന്നത്. ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും ലഭിച്ചിരുന്ന ശുദ്ധജലം ഇപ്പോൾ മുടങ്ങിയ അവസ്ഥയാണ്. കാലപ്പഴക്കം ചെന്ന പൈപ്പ് ലൈൻ റോഡു പണിക്കിടെ പലയിടത്തും ചോരുന്നതാണു ശുദ്ധജല പ്രതിസന്ധിക്ക് കാരണമാകുന്നത്. 13.75 എംഎൽഡി പ്ലാന്റിൽ നിന്നും നാല്പത്തിനായിരത്തോളം കണക്ഷനുകളിൽ ശുദ്ധജലം എത്തിക്കുകയെന്നാണു വലിയ കടമ്പയാണെന്നാണ് അധികൃതരുടെ വിശദീകരണം. അമ്പതു വർഷത്തോളം പഴക്കംചെന്ന പമ്പും പമ്പിംഗ് ലൈനും പുനരുദ്ധരിക്കുന്ന പ്രവർത്തനങ്ങൾക്കിടെയാണ് റോഡ് പണിമൂലം ശുദ്ധജലം പാഴാവുന്നത്. പഴകുറ്റി മുതൽ ഒന്നര കിലോമീറ്റർ പ്രദേശത്തെ നൂറുകണക്കിനു കുടുംബങ്ങളാണ് ശുദ്ധജലത്തിനായി പരക്കം പായുന്നത്. നെടുമങ്ങാട് ടൗണിൽ റവന്യു ടവറിലും ബസ് സ്റ്റാൻഡ് ലൈനിലുമടക്കം പൈപ്പ് വെള്ളത്തിന് ക്ഷാമമാണ്.
നഗരസഭയുടെ സഹായത്തോടെ 20 എംഎൽഡി പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാണെന്നും റോഡ് പണിക്കിടെ പൈപ്പ് പൊട്ടുന്നത് ഒഴിവാക്കാൻ തദ്ദേശ ജനപ്രതിനിധികളുടെയും പൊതുപ്രവർത്തകരുടെയും മരാമത്ത് അധികൃതരുടെയും സഹായം തേടിയിട്ടുണ്ടെന്നും വാട്ടർ അഥോറിട്ടി ഉദ്യോഗസ്ഥർ പറയുന്നു.