പേരൂർക്കട: പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ടത്തിൽ സർക്കാർ ഫണ്ടായ 1.1 9 കോടി രൂപ ചെലവിട്ട് കവടിയാർ മുതൽ എയർപോർട്ട് വരെ പുതിയ എൽഇഡി വിളക്കുകൾ സ്ഥാപിക്കുന്നു. 8 കിലോമീറ്റർ ദൂരം വരുന്ന പ്രസ്തുത റോഡിൽ 460 ലൈറ്റുകളാണ് സ്ഥാപാക്കാൻ ഉദ്ദേശിച്ചിട്ടുള്ളത്.
നവംബർ 19നാണ് ഇതു സംബന്ധിച്ച് ടെൻഡർ ക്ഷണിച്ചത്.ടെൻഡർ കാലാവധി 26ന് അവസാനിക്കും. ഓരോ 20 മീറ്ററും ഇടവിട്ടാണ് ലൈറ്റുകൾ സ്ഥാപിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. നിലവിൽ പ്രസ്തുത റോഡിൽ സോഡിയം വിളക്കുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഭൂരിഭാഗം സ്ഥലങ്ങളിലും ലൈറ്റുകൾ പ്രകാശിക്കാത്ത അവസ്ഥയിലാണ്.
തിരുവനന്തപുരം സിറ്റി പോലീസ് നടത്തിയ കണക്കെടുപ്പിൽ ഏകദേശം 270 ലൈറ്റുകൾ കേടായി കിടക്കുകയാണ്. ചില സ്ഥലങ്ങളിൽ 50 മീറ്ററോളം ദൂരത്തിൽ തെരുവിളക്കുകൾ പ്രകാശിക്കുന്നില്ല.ഇത് രാത്രികാല യാത്രകൾക്ക് ദുരിതം സൃഷ്ടിക്കുന്നു.ഈ തിരിച്ചറിവിൻറെ ഫലമായിട്ടാണ് പൊതുമരാമത്തു വകുപ്പ് പുതിയ ടെൻഡർ ക്ഷണിക്കാൻ തീരുമാനിച്ചത്.
വിദേശികൾ തിരുവനന്തപുരം ജില്ലയിൽ എത്തിക്കഴിഞ്ഞാൽ ആദ്യം പോകുന്നത് പ്രസ്തുത റോഡിലൂടെയാണ്. മാത്രമല്ല രാത്രികാലത്ത് 12 മണിക്ക് ശേഷവും വാഹന യാത്രക്കാർ കൂടുതൽ തെരഞ്ഞെടുക്കുന്ന റോഡ് കൂടിയാണ് ഇവ. ചില സ്ഥലങ്ങളിൽ വാഹനങ്ങൾ ഇടിച്ചോ അല്ലാതെയോ നശിപ്പിക്കപ്പെടുന്ന ലൈറ്റുകൾ പിന്നീട് പുനസ്ഥാപിക്കാറില്ല അങ്ങനെയാണ് കൂടുതൽ ലൈറ്റുകളും ഉപയോഗശൂന്യമായി തീർന്നത്.
സോഡിയം ലൈറ്റുകളുടെ സ്ഥാനത്ത് എൽഇഡി സ്ഥാപിക്കുന്നതോടുകൂടി ഇതിൻറെ ആയുസ്സും കൂടും. ചില സ്ഥലങ്ങളിൽ പോസ്റ്റുകൾ തന്നെ ബലക്ഷയത്തിലാണ്. ഇതും ചില സ്ഥലങ്ങളിൽ മാറ്റേണ്ടതായി വരും. വലിയൊരു പ്രോജക്ട് ആയതുകൊണ്ട് ഇതിൻറെ പണി എപ്പോൾ തീരും എന്ന കാര്യത്തിൽ ഒന്നും ഉറപ്പു പറയാൻ സാധിക്കുകയില്ല.
അതേസമയം ടെൻഡർ കാലാവധി അവസാനിച്ച ശേഷം കരാറുകാർ ആരെങ്കിലും ഒരാൾ പണി ഏറ്റെടുത്ത് തുടങ്ങി കഴിഞ്ഞാൽ യുദ്ധകാടിസ്ഥാനത്തിൽ പൂർത്തീകരിക്കണമെന്നാണ് ഉദ്ദേശിക്കുന്നതെന്ന് പിഡബ്ല്യുഡി അറിയിച്ചു.