ശ്രീനാരായണപുരം: എൻഎച്ച് നിർമാണ കമ്പനിയുടെ കരാർ ലംഘനത്തെത്തുടർന്ന് ശ്രീനാരായണപുരം പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ വർക്സൈറ്റിലെത്തി പണി തടസപ്പെടുത്തി.
കൊടുങ്ങല്ലൂർ - ഇടപ്പള്ളി ദേശീയപാത 66 നിർമാണത്തിന് കനോലി കനാലിൽനിന്നുള്ള മണലും മറ്റ് നിർമാണ സാമഗ്രികളും റോഡ് മാർഗം കൊണ്ടുപോകുന്നതിന് ശിവാലയ കമ്പനിയും ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തും തമ്മിൽ ഉണ്ടാക്കിയ കരാർപ്രകാരം ഒരുവർഷത്തേക്ക് കോതപറമ്പ് മാന്തുരുത്തി കടവ് റോഡ് ഉപയോഗിക്കാൻ അനുമതി നൽകിയിരുന്നു. കരാർ പ്രകാരം 185 മീറ്റർ ടൈൽ വിരിച്ച റോഡും 700 മീറ്റർ ടാറിംഗ് റോഡും പുനർനിർമിക്കാമെന്ന് സമ്മതിച്ച് കമ്പനി കരാറിൽ ഒപ്പുവച്ചു. കരാർ കാലാവധി അവസാനിച്ചിട്ടും തകർന്ന റോഡ് പുനർനിർമിക്കാൻ കരാർ കമ്പനി തയാറായില്ല. റോഡ് പുനർ നിർമാണത്തിനായി പഞ്ചായത്ത് 6,90,000 രൂപയ്ക്കാണ് എസ്റ്റിമേറ്റിട്ടത്. റോഡ് പുനർനിർമാണത്തിന് ആവശ്യമായ തുകയുടെ അഡ്വാൻസ്, മൂന്നുഘട്ടങ്ങളിലായി ഗ്രാമപഞ്ചായത്തിൽ കെട്ടിവയ്ക്കാമെന്ന് കമ്പനി ഉദ്യോഗസ്ഥർ, പഞ്ചായത്ത് അധികാരികളുമായി ഉണ്ടാക്കിയ ധാരണയും ലംഘിച്ചു. ഗ്രാമപഞ്ചായത്തിനെയും സമരസമിതി നേതാക്കളെയും ജനങ്ങളെയും കബളിപ്പിച്ച് പണംനൽകാതെ ഡ്രഡ്ജ് ചെയ്ത് സംഭരിച്ച മണൽ ഉപേക്ഷിച്ച് ഡ്രഡ്ജിംഗ് ഉപകരണങ്ങൾ ഉൾപ്പെടെ രാത്രിയിൽ ലോറിയിൽ കയറ്റികൊണ്ടുപോകാനുള്ള ശ്രമം പരാജയപ്പെടുത്തി. കോതപറമ്പ് മാന്തുരുത്തി റോഡ് നിലവിൽ ഗതാഗതയോഗ്യമല്ല. തുടർച്ചയായി കരാർ തെറ്റിച്ചു ഗ്രാമപഞ്ചായത്തിനെ കബളിപ്പിക്കുന്നതിൽ പ്രതിഷേധിച്ചാണ് കരാർ കമ്പനിയുടെ യാർഡിന്റെ പ്രവർത്തനം തടസപ്പെടുത്തിയത്.
ബിജെപി മെമ്പർ ഒഴികെയുള്ള ഭരണസമിതിയുടെ ആഭിമുഖ്യത്തിൽ രാവിലെ പത്തിന് ആരംഭിച്ച പ്രതിഷേധത്തെ തുടർന്ന് പ്രവർത്തനങ്ങൾ തടസപ്പെട്ടു. പൊലിസ് സ്ഥലത്തെത്തി ശിവാലയ കമ്പനി പിആർഒ ഷിബുവും ജനപ്രതിനിധികളുമായി ചർച്ച നടത്തി. ഇതേതുടർന്നുണ്ടാക്കിയ ധാരണപ്രകാരം ഈ മാസം 26ന് റോഡിന്റെ പുനർനിർമാണം ആരംഭിക്കുമെന്ന് പഞ്ചായത്തിലേക്ക് ഇമെയിൽ അയച്ചു ഉറപ്പുനൽകി. പ്രസിഡന്റ് മിനി ഷാജി, വൈസ് പ്രസിഡന്റ് സി.എൻ. സതീഷ്കുമാർ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സ്വാതി ശ്രീജിത്ത്, കെ. രഘുനാഥ്, രമ്യ പ്രദീപ്, കെ.ആർ. അശോകൻ, പഞ്ചായത്ത് അംഗങ്ങളായ എ.എസ്. സിദ്ധാർഥൻ, സജിത പ്രദീപ്, കെ.എ. ഹൈദ്രോസ്, ഫാസില അഷറഫ്, ശില്പ, സുനീതി, സിന്ധു സുധീർ, ശ്രീദേവി സുധി, സുനിൽ, ഷെറീന സഗീർ തുടങ്ങിവയവർ പങ്കെടുത്തു. ഉറപ്പു പാലിച്ചില്ലെങ്കിൽ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ശക്തമായ സമരം നടത്തുമെന്ന് ഭരണസമിതി അറിയിച്ചു.