പാലപ്പിള്ളി: മേഖലയിൽ രണ്ടിടത്ത് പുലിയിറങ്ങി വളർത്തുമൃഗങ്ങളെ കൊന്നു. കുണ്ടായിയിലും 907ലുമാണ് പുലിയിറങ്ങി കാളക്കുട്ടിയെയും പശുവിനെയും കൊന്നത്.
907 ജാറത്തിനുസമീപം കാമ്പ്രത്ത് മുഹമ്മദിന്റെ പശുക്കുട്ടിയും കുണ്ടായി ഇരുമ്പുപാലത്തിന് സമീപത്തുള്ള ബസ് സ്റ്റോപ്പിന് സമീപത്തെ റബർ തോട്ടത്തിൽ കിളിയംമണ്ണിൽ ഷഫീക്കിന്റെ മൂരിക്കുട്ടിയെയുമാണ് പുലി ആക്രമിച്ചുകൊന്നത്.ഇവയുടെ ശരീരഭാഗങ്ങൾ പുലി ഭക്ഷിച്ചനിലയിലാണ്. രാവിലെ ടാപ്പിംഗിനെത്തിയ തൊഴിലാളികളാണ് മൂരിക്കുട്ടിയെയും പശുവിനെയും ചത്തനിലയിൽ കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധനനടത്തി.
രണ്ടിനെയും ആക്രമിച്ചത് പുലിയാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. തോട്ടം തൊഴിലാളികൾ താമസിക്കുന്ന പാഡിക്ക് സമീപത്താണ് പുലിയിറങ്ങിയത്. പാലപ്പിള്ളി മേഖലയിൽ പുലിയിറങ്ങി വളർത്തുമൃഗങ്ങളെ കൊല്ലുന്നത് പതിവായിരിക്കുകയാണ്. ജനവാസമേഖലയിൽ പുലിശല്യം രൂക്ഷമായതോടെ പുലിയെ പിടികൂടാൻ പാലപ്പിള്ളി ബംഗ്ലാവ് കുന്നിൽ കൂടുവച്ചിട്ടുണ്ട്.