പാവറട്ടി: പാവറട്ടി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന മുല്ലശേരി ഉപജില്ല എൽപി വിഭാഗം കായികോത്സവം സമാപിച്ചു. ഉപജില്ലയിലെ 42 വിദ്യാലയങ്ങൾ പങ്കെടുത്തു.
എൽപി വിഭാഗം ആണ്‍കുട്ടികളിൽ പാടൂർ ടൈസ് ഇംഗ്ലീഷ് മീഡിയം യുപി സ്കൂൾ ഒന്നാംസ്ഥാനവും വെൻമേനാട് സെന്റ് ലൂയിസ് എൽപിഎസ് രണ്ടാം സ്ഥാനവും നേടി. പെണ്‍കുട്ടികളുടെ വിഭാഗത്തിൽ പാവറട്ടി സികെസി എൽപി സ്കൂൾ ജേതാക്കളായി. പാടൂർ ടൈസ് ഇംഗ്ലീഷ് മീഡിയം യുപി സ്കൂളാണു രണ്ടാമത്.
എൽപി കിഡീസ് ആണ്‍കുട്ടികളുടെ വിഭാഗത്തിൽ പാവറട്ടി എൽഎഫ് എൽപി സ്കൂൾ, പാടൂർ ടൈസ് ഇംഗ്ലീഷ് മീഡിയം യുപി സ്കൂൾ എന്നിവ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. പെണ്‍കുട്ടികളിൽ പാവറട്ടി സികെസി ഇഎംഎൽപി സ്കൂൾ ഒന്നാംസ്ഥാനവും വെൻമേനാട് സെന്റ് ലൂയിസ് എൽപി സ്കൂൾ, പാവറട്ടി സികെസി എൽപി സ്കൂൾ എന്നിവർ രണ്ടാംസ്ഥാനവും നേടി.
സമാപനസമ്മേളനം പാവറട്ടി ഗ്രാമപഞ്ചായത്തംഗം ധന്യ സിബിൽ ഉദ്ഘാടനം ചെയ്തു. മുല്ലശേരി വിദ്യാഭ്യാസ ഉപജില്ല ഓഫിസർ പി. ഷീബ ചാക്കോ അധ്യക്ഷത വഹിച്ചു. മുല്ലശേരി ബ്ലോക്ക് പഞ്ചായത്തംഗം നസീമ ഹാരിസ്, ജിൽസണ്‍ തോമസ്, ഷാജു ഫ്രാൻസിസ്, ഫാ. സെബി പാലമറ്റത്തിൽ, ഡോ: എസ്. സിന്ധു, സ്റ്റെല്ല ഇഗ്നേഷ്യസ്, പി.എം. മുഹ്സിൻ തുടങ്ങിയവർ പ്രസംഗിച്ചു.