വാടാനപ്പിള്ളി: കുടിവെള്ളംകിട്ടാതെ വലഞ്ഞ വീട്ടമ്മമാർ പരിഹാരം ആവശ്യപ്പെട്ട് വാട്ടർ അഥോറിറ്റി ഓഫിസിന് മുന്നിൽ കുത്തിയിരിപ്പുസമരം നടത്തി. കണ്ടശാംകടവ് പാലത്തിന് തെക്കുപടിഞ്ഞാറെ കരയിൽ താമസിക്കുന്നവരാണ് കുടിവെള്ളം കിട്ടാതെ സമരവുമായി രംഗത്തിറങ്ങിയത്.
വാടാനപ്പിള്ളി പഞ്ചായത്തിലെ 12-ാം വാർഡിൽ ഉൾപ്പെട്ട കനോലി കനാലിന്റെ തീരദേശമായ ഇവിടെ മൂന്നുവർഷമായി കുടിവെള്ളക്ഷാമം രൂക്ഷമാണ്. 40 ഓളം കുടുംബങ്ങളാണ് കുടിവെള്ളംകിട്ടാതെ വലയുന്നത്. പുഴയോര പ്രദേശമായ ഇവിടത്തെ കിണറുകളിൽ ഉപ്പുവെള്ളമായതിനാൽ പ്രദേശവാസികൾ കുടിവെള്ളത്തിന് വാട്ടർ അഥോറിറ്റിയുടെ ടാപ്പുകളെയാണ് ആശ്രയിക്കുന്നത്. കുടുംബങ്ങൾ ഏറെയുംപേർ കുടിവെള്ള കണക്ഷനുമെടുത്തിരുന്നു. എന്നാൽ പണമടച്ചിട്ടും ടാപ്പുകളിൽ വെള്ളം വരാത്തതാണ് കുടുംബങ്ങളെ വലച്ചത്. കുടിവെള്ളം വല്ലപ്പോഴുമാണ് ടാപ്പുകളിൽ എത്തുന്നത്. വീട്ടുകാർ ടാങ്കുകളിൽ ശേഖരിച്ച വെള്ളമെല്ലാം കഴിഞ്ഞതോടെ ഏറെ പ്രയാസത്തിലാണ്.
ഇതോടെ പ്രദേശവാസികൾ പണംമുടക്കി വാഹനത്തിൽ ടാങ്ക് വെള്ളം കൊണ്ടുവന്നാണ് ഉപയോഗിക്കുന്നത്. ഒരു ടാങ്ക് വെള്ളത്തിന് 700 രൂപയാണ് വില. ഇവിടത്തുകാരാണെങ്കിൽ ഏറെയും പാവപ്പെട്ട തൊഴിലാളി കുടുംബങ്ങളാണ്. ഇതോടെ സഹികെട്ടാണ് വീട്ടമ്മമാർ സംഘടിച്ചെത്തി തളിക്കുളം കച്ചേരിപ്പടിയിലെ വാട്ടർ അഥോറിറ്റി ഓഫിസിൽ കുത്തിയിരിപ്പ് സമരം നടത്തിയത്.
നേരത്തെ സമരം ചെയ്തപ്പോൾ തെരഞ്ഞെടുപ്പ് സമയത്ത് ഒരുമാസം കുടിവെള്ളം മുടങ്ങാതെ വന്നു. എന്നാൽ വീണ്ടും വെള്ളമില്ലാത്ത അവസ്ഥ വന്നെന്ന് വീട്ടമ്മമാർ പറഞ്ഞു. ജില്ല കളക്ടർ, എംഎൽഎ, വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥർ എന്നിവർക്ക് പലതവണ പരാതി നൽകിയിട്ടും ഒരു നടപടിയും ഇല്ലാതെ വന്നതോടെയാണ് സമരം ചെയ്യുന്നത്. പരിഹാരമാകുന്നതുവരെ കുത്തിയിരിപ്പ് സമരവുമായി മുന്നോട്ടുപോകുമെന്ന് വീട്ടമ്മമാർ പറഞ്ഞു. വിവരമറിഞ്ഞ് വാടാനപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐ.എൻ. സുധീഷ്, പഞ്ചായത്ത് അംഗങ്ങളായ റെജീന രാജു, വി. മുരളിധരൻ എന്നിവരും സ്ഥലത്തെത്തി. ഇവർ വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. വാൽവ് പ്രശ്നം പരിഹരിക്കാൻ ജീവനക്കാരെ പറഞ്ഞുവിടുകയും നാലുദിവസത്തിനുള്ളിൽ പരിഹാരം ഉണ്ടാക്കുമെന്നും ഉദ്യോഗസ്ഥർ ജനപ്രതിനിധികൾക്ക് ഉറപ്പുനൽകി.
ഇതിന്റെ അടിസ്ഥാനത്തിൽ വീട്ടമ്മമാർ കുത്തിയിരിപ്പുസമരം അവസാനിപ്പിക്കുകയായിരുന്നു. അതേസമയം ഉദ്യോഗസ്ഥരുടെ ഉറപ്പു പാലിക്കപ്പെട്ടില്ലെങ്കിൽ വീണ്ടും സമരവുമായി മുന്നോട്ടുപോകുമെന്ന് വീട്ടമ്മമാർ പറഞ്ഞു. സജിനി ഷാജി, അരുന്ധതി, മിനി ആരിഫ, വിജയ, ഷൈനി, നസീറ, കനക, സുഹറ, ബഷീർ കബീർ എന്നിവർ സമരത്തിന് നേതൃത്വംനൽകി.