നടത്തറ: വലക്കാവ് കണ്ണാറ റോഡ് നിർമാണത്തിലെ അഴിമതി ആരോപണം സംബന്ധിച്ച് വിജിലൻസ് സംഘം പരിശോധനനടത്തി. വിജിലൻസ് ഡിവൈഎസ്പി സി. സുന്ദരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
റോഡ് നിർമാണത്തിനുപയോഗിച്ച മെറ്റീരിയലുകളുടെ സാമ്പിൾ ക്വാളിറ്റി പരിശോധനയ്ക്കായി ശേഖരിച്ചു. കണ്ണാറ മുതൽ നടത്തറവരെയുള്ള ഒമ്പതു കിലോമീറ്റർ റോഡ് നിർമാണത്തിലെ അശാസ്ത്രീയതും അഴിമതിയും ആരോപിച്ചാണ് റോഡ് സംരക്ഷണസമിതി പ്രവർത്തകരുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചത്.
ആരോപണം സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്കും വിജിലൻസിനും പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് സംഘം സ്ഥലത്തെത്തിയത്.
നടത്തറ മുതൽ പൂച്ചട്ടി, മൂർക്കിനിക്കര, വലക്കാവ് മാരായ്ക്കൽ കണ്ണാറ വരെയുള്ള വരെയുള്ള ഒമ്പതു കിലോമീറ്റർ ദൂരം ഏകദേശം 70 കോടിയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഇകെകെ ഇൻഫ്രാസ്ട്രക്ചർ കമ്പനിയാണ് റോഡ് നിർമിക്കുന്നത്.
എന്നാൽ റോഡ് നിർമാണം അടിമുടി അശാസ്ത്രീയമാണെന്ന് ആരംഭംമുതലേ റോഡ് സംരക്ഷണസമിതി പ്രവർത്തകർ ആരോപിച്ചിരുന്നു. ഓവർസിയർമാരോ, എൻജിനീയർമാരോ മറ്റേതെങ്കിലും ഒരു ഉദ്യോഗസ്ഥനോപോലും ഇല്ലാതെയായിരുന്നു റോഡ് നിർമാണം. വെള്ളമൊഴുകുന്ന സ്ഥലത്തോ, ഒഴുകിപ്പോകുന്ന വിധത്തിലോ അല്ലായിരുന്നു കാനകൾ നിർമിച്ചിരുന്നത്. വിജിലൻസ് സംഘം പരിശോധന നടത്തിയ സാഹചര്യത്തിൽ കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് റോഡ് സംരക്ഷണസമിതി പ്രവർത്തകർ.