District News
കല്‍പ്പറ്റ: പുത്തൂര്‍വയല്‍ പിയോഭവന്‍ ധ്യാനകേന്ദ്രത്തില്‍ പതിനാറാം വാര്‍ഷികവും വിശുദ്ധ പാദ്രേ പിയോയുടെ തിരുനാളും ആഘോഷിച്ചു.
കൃതജ്ഞതാബലിയില്‍ സെന്റ് ഫ്രാന്‍സിസ് ഓഫ് അസീസി കപ്പുച്ചിന്‍ പ്രൊവിന്‍സ് കേരള പ്രൊവിന്‍ഷ്യന്‍ മിനിസ്റ്റര്‍ ഫാ.ഡോ.സ്റ്റാന്‍ലി വര്‍ഗീസ് ഒഎഫ്എം മുഖ്യകാര്‍മികനായി. പ്രദക്ഷിണം, ആരാധന, കൈകെട്ടിയ ഈശോയോടുള്ള നൊവേന, അടയാള പ്രാര്‍ഥന, തൈലാഭിഷേകം എന്നിവ നടന്നു. ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ.സെബാസ്റ്റ്യന്‍ കാക്കരിയില്‍ നേതൃത്വം നല്കി.
District News
മാനന്തവാടി: വെള്ളമുണ്ടയില്‍ നടന്ന ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ ദ്വാരക എയുപി സ്കൂള്‍ കാഴ്ചവച്ചത് മികച്ച പ്രകടനം. എല്‍പി ജനറല്‍ വിഭാഗത്തില്‍ 65 പോയിന്റോടെ വിദ്യാലയം ഒന്നാംസ്ഥാനം നേടി. 45 പോയിന്റുമായിഅറബിക് കലോത്സവത്തിലും ഒന്നാമതെത്തി.
യുപി ജനറല്‍ വിഭാഗത്തില്‍ 78 പോയിന്റോടെ രണ്ടാം സ്ഥാനവും സംസ്കൃതോത്സവത്തില്‍ 76 പോയിന്റോടെ ആറാംസ്ഥാനവും കരസ്ഥമാക്കി.
65 കുട്ടികളാണ് കലോത്സവത്തില്‍ പങ്കെടുത്തത്. വിജയികളെ മാനേജര്‍ ഫാ.മാത്യു മലയില്‍, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ സിജി ജോസഫ്, പിടിഎ പ്രസിഡന്റ് എം. ഇബ്രാഹിം എന്നിവര്‍ അഭിനന്ദിച്ചു.
District News
കല്‍പ്പറ്റ: യുഡിഎഫ് സര്‍ക്കാരിന് ഐക്യദാര്‍ഢ്യം അറിയിച്ച് കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷന്(കെജിഒയു)ജില്ലാ കമ്മിറ്റി കളക്ടറേറ്റ് പരിസരത്ത് സദസ് സംഘടിപ്പിച്ചു. എഐസിസി അംഗം എന്‍.ഡി. അപ്പച്ചന് ഉദ്ഘാടനം ചെയ്തു.
ജീവനക്കാരെ ചേര്‍ത്തുപിടിക്കുന്ന സര്‍ക്കാരാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇടത് സര്‍വീസ് സംഘടനകള്‍ സര്‍ക്കാരിനെതിരേ നടത്തുന്ന സമരങ്ങള്‍ കാപട്യം നിറഞ്ഞതാണ്. എല്‍ഡിഎഫ് ഭരണകാലത്ത് ജീവനക്കാര്‍ക്ക് നഷ്ടപ്പെട്ട ഓരോ ആനുകൂല്യവും യുഡിഎഫ് സര്‍ക്കാര്‍ ഘട്ടങ്ങളായി പുനഃസ്ഥാപിക്കുമെന്നാണ് കരുതുന്നതെന്നും അപ്പച്ചന് പറഞ്ഞു. കെജിഒയു ജില്ലാ പ്രസിഡന്റ് പി. സഫ്വാന് അധ്യക്ഷത വഹിച്ചു.
. സെക്രട്ടറി സി.ബി. സന്ദേശ്, സംസ്ഥാന കൗണ്‍സില്‍ അംഗം എന്‍.ജെ. ഷിബു, ജില്ലാ ട്രഷറര്‍ ഇ.എസ്. ബെന്നി, എല്‍.എല്‍. ഭവ്യലാല്‍, കാര്‍ത്തിക അന്ന തോമസ്, കെ. ബിന്ദു, ഡോ.രഞ്ജിത്ത്, വി.ഡി. തോമസ്, പി.എസ്. പ്രവീണ്‍, എ. സലില്‍, എച്ച്. ഹുസ്ന, അഫ്സത്ത്, ഇ.എം. സുമേഷ്, ടി.എം. മുകേഷ്, കെ.ജി. സുനില്‍ എന്നിവര്‍ പ്രസംഗിച്ചു.
District News
തലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ ആദ്യ ആറുമാസത്തിനിടെ പന്ത്രണ്ടായിരത്തോളം പട്ടയം വിതരണം ചെയ്തതായി റവന്യു മന്ത്രി എ.പി. അനില്‍കുമാര്‍. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടിയുടെ ഭാഗമായി തവിഞ്ഞാലില്‍ നിര്‍മിച്ച സ്മാര്‍ട്ട് വില്ലേജ് ഓഫിസ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട് കെട്ടിക്കിടന്ന രണ്ടരലക്ഷത്തോളം അപേക്ഷകളില്‍ 52,000 എണ്ണം തീര്‍പ്പാക്കി. തവിഞ്ഞാല്‍ പ്രദേശത്ത് ഭൂമിയുടെ ഫെയര്‍വാല്യു അമിതമായി വര്‍ധിച്ചതിനാല്‍ ഭൂമി വില്‍ക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും പ്രയാസം നേരിടുന്നതായി ജനപ്രതിനിധികള്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യം പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അര്‍ഹരായവര്‍ക്ക് പട്ടയം ലഭ്യമാക്കാന്‍ നടപടികള്‍ വേഗത്തിലാക്കും. ഭൂമി സംബന്ധമായ സേവനങ്ങള്‍ക്ക് ജനങ്ങള്‍ നിരന്തരം ഓഫിസുകള്‍ കയറിയിറങ്ങേണ്ട സാഹചര്യം ഒഴിവാക്കും. സമയബന്ധിതമായും സുതാര്യമായും സേവനങ്ങള്‍ ലഭ്യമാക്കുക സര്‍ക്കാരിന്റെ ലക്ഷ്യമാണെന്നും മന്ത്രി പറഞ്ഞു.
ഉഷ വിജയന് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ വി. ചെല്‍സസിനി, എഡിഎം കെ. അജീഷ്, സബ് കളക്ടര്‍ അതുല്‍ സാഗര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമന്, പഞ്ചായത്ത് പ്രസിഡന്റ് എം.ജി. ബിജു, വൈസ് പ്രസിഡന്റ് റാബിയ അബ്ബാസ്, ജില്ലാ പഞ്ചായത്ത് ഡിവിഷന് അംഗം ലിസി ജോസ്, പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ ജോസഫ് മറ്റത്തിലാനി, എല്‍സി ജോയി, വി.കെ. ശശികുമാര്‍, വാര്‍ഡ് അംഗങ്ങളായ ലൈജി തോമസ്, മുജീബ് റഹ്മാന് തുടങ്ങിയവര്‍ പങ്കെടുത്തു. എസ്എഎസ്സിഐ ഫണ്ടില്‍നിന്ന് 45 ലക്ഷം രൂപ ചെലവഴിച്ച് പൊതുമരാമത്ത് വകുപ്പാണ് സ്മാര്‍ട്ട് വില്ലേജ് ഓഫിസ് കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കിയത്.
District News
പുല്‍പ്പള്ളി: ആപ്പിള്‍ പുല്‍പ്പള്ളിയിലെ മണ്ണിലും കായ്ക്കുമെന്ന് തെളിയിച്ച് യുവകര്ഷകന് അമ്മാവന്‍മുക്ക് മുടക്കാലില്‍ സിനീഷ്. ഒന്നര വര്‍ഷംമുമ്പ് സിനീഷ് വീട്ടുമുറ്റത്ത് നട്ട രണ്ട് ആപ്പിള്‍ തൈകളും കായ്ച്ചു. ഒരു ചെടിയില്‍ പതിനൊന്നും മറ്റൊന്നില്‍ രണ്ടും ഫലങ്ങളാണുള്ളത്. ഏതാനും മാസങ്ങള്‍ കഴിഞ്ഞാല്‍ വിളവെടുക്കാം. ഒന്നിന് 350 രൂപ വില നല്കി വാങ്ങിയ ഗ്രാഫ്റ്റ് തൈകളാണ് സിനീഷ് നട്ടത്. എല്ലുപൊടി, വേപ്പിന് പിണ്ണാക്ക്, ചാണകപ്പൊടി എന്നിവ ചേര്‍ത്താണ് തൈകള്‍ നടുന്നതിന് കുഴി ഒരുക്കിയത്.
പിന്നീട് ജൈവ വളങ്ങള്‍ മാത്രമാണ് പ്രയോഗിച്ചത്. കൃത്യമായ ജലസേചനവും പ്രൂണിംഗും ആപ്പിള്‍ ചെടിയുടെ വളര്‍ച്ചയില്‍ പ്രധാനമണെന്ന് സിനീഷ് പറയുന്നു. പ്രൂണിംഗ് നടത്തിയില്ലെങ്കില്‍ ചെടി ഒറ്റത്തണ്ടായി നില്ക്കും. തൈകള്‍ ലഭ്യമാക്കിയ കര്‍ഷക കൂട്ടായ്മയില്‍പ്പെട്ടവരാണ് പരിപാലനത്തില്‍ മാര്‍ഗനിര്‍ദേശം നല്‍കിയത്. കായ്ച്ച ആപ്പിള്‍ ചെടികള്‍ കാണാന്‍ നിരവധിയാളുകളാണ് വീട്ടിലെത്തുന്നത്. "ദീപിക’ കാപ്പിസെറ്റ് ഏജന്റാണ് സിനീഷ്.
District News
കല്‍പ്പറ്റ: വയനാട് ടൂറിസം ഫെഡറേഷന് ഓഫിസ് ടൗണില്‍ പ്രവര്‍ത്തനം തുടങ്ങി. ബീ ക്രാഫ്റ്റ് ചെയര്മാന് ഉസ്മാന് മദാരി ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ പ്രസിഡന്റ് വി.പി. മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി. മുഹമ്മദ് നിയാസ്, അബ്ദുള്‍ ജലീല്‍, നാസര്‍ ടാസ്ക്, എം.എസ്. മുഹമ്മദ്, ഒ.എച്ച്. ഷമീര്‍ എന്നിവര്‍ പ്രസംഗിച്ചു.
ഇതോടനുബന്ധിച്ച് നടത്തിയ ബി ടു ബി കണക്ട് ശില്പശാലയ്ക്ക് കെ.പി. ഫാസില്‍ യൂസഫ്, കെ. ആല്ഫിന്, എഫ്. പ്രശോഭ് എന്നിവരും മെംബര്‍ഷിപ് കാമ്പയിന് കെ. രതീഷ്, കെ. ജംഷീര്‍ എന്നിവരും നേതൃത്വം നല്കി.
District News
കേണിച്ചിറ: യുവപ്രതിഭാ ഗ്രന്ഥാലയത്തിന്റെയും എക്സൈസ് വിമുക്തി മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ മൊബൈല്‍ ഫോണ്‍ സ്ക്രീന്‍, ലഹരിവസ്തു ആസക്തിക്കെതിരേ ബോധവത്കരണ ക്ലാസും "സ്ക്രീന്‍ ലോക്ക്’ ടെലിഫിലിം പ്രദര്‍ശനവും നടത്തി. ഗ്രന്ഥാലയം ഹാളില്‍ വിമുക്തി മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എന്‍.സി. സജിത്ത്കുമാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡന്റ് എം.എന്‍. ദിവാകരന് അധ്യക്ഷത വഹിച്ചു.
വനിതാ കോ-ഓര്‍ഡിനേറ്റര്‍ ബിന്ദു മാധവ്, കെ.ജി. സുകുമാരന്‍, എക്സൈസ് പ്രിവന്റീവ് ഓഫിസര്‍ പി.വി. രജിത്ത്, വി. സന്തോഷ് വരദൂര്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രതിനിധി എന്‍.പി. വേണുഗോപാല്‍, ലൈബ്രേറിയന്‍ എം.പി. മുരളീധരന് എന്നിവര്‍ പ്രസംഗിച്ചു.
District News
കല്‍പ്പറ്റ: കേരള പിഎസ്സി എംപ്ലോയീസ് യൂണിയന് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പിഎസ്സി ഓഫിസ് പരിസരത്ത് ധര്‍ണ നടത്തി. പിഎസ്സിക്കെതിരേ സര്‍ക്കാര്‍ നടത്തുന്ന രാഷ്ട്രീയ നീക്കവും ജീവനക്കാരെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടയ്ക്കുന്നതും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം.
യൂണിയന് മുന്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗം എം. ദേവകുമാര്‍ ഉദ്ഘാടനം ചെയ്തു. കെ.എന്‍. വിനോദ്കുമാര്‍ അധ്യക്ഷത വഹിച്ചു. അരുണ്‍ ജോസ്, കെ. ദിലീപ്കുമാര്, ആര്. സുനില്‍ എന്നിവര്‍ പ്രസംഗിച്ചു.
District News
കല്‍പ്പറ്റ: കേരള പ്രവാസി സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി. പ്രവാസി പെന്ഷന് കുടിശിക സഹിതം വിതരണം ചെയ്യുക, നോര്‍ക്ക കെയര്‍ ഇന്‍ഷ്വറന്‍സ് പ്രീമിയം വര്‍ധന പിന്‍വലിക്കുക, സാന്ത്വന പദ്ധതികള്‍ പുനഃസ്ഥാപിക്കുക, ലോകകേരള സഭ പിരിച്ചുവിട്ട നടപടി റദ്ദുചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.
എസ്കെഎംജെ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പരിസരത്ത് ആരംഭിച്ച മാര്‍ച്ചില്‍ നിരവധി പ്രവാസികള്‍ പങ്കെടുത്തു. ധര്‍ണ ജില്ലാ സെക്രട്ടറി അഡ്വ. സരുണ്‍ മാണി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.ടി. മന്‍സൂര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം കെ. സജീവ്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കല്‍പ്പറ്റ ഏരിയ സെക്രട്ടറി അഡ്വ.പ്രമോദന്‍, സംസ്ഥാന കമ്മിറ്റി മുന്‍ അംഗം കെ.കെ. നാണു എന്നിവര്‍ പ്രസംഗിച്ചു.
District News
തെക്കുംതറ: അമ്മസഹായം യുപി സ്കൂളില്‍ സ്പെഷ്യല്‍ എന്റിച്ച്മെന്റ് പ്രോഗ്രാമിന്റെയും ദേശീയ ഉദ്ഗ്രഥന ദിനാഘോഷത്തിന്റെയും ഭാഗമായി ലഹരിവിരുദ്ധ ബോധവത്കരണവും പോസ്റ്റര്‍ പ്രകാശനവും നടത്തി. പ്രധാനാധ്യാപകന് കെ. സത്യജിത്ത് അധ്യക്ഷത വഹിച്ചു. സ്പെഷ്യല്‍ എന്റിച്ച്മെന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ പി.സി. അഖില, സ്റ്റാഫ് സെക്രട്ടറി പി.ഒ. സ്മിത, അധ്യാപകരായ കെ.വി. സംഗീത, എം.കെ. ഷാജി, കെ. ധന്യ, കെ. വിദ്യ, എം. രജീഷ് എന്നിവര്‍ പ്രസംഗിച്ചു. വിമുക്തി മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എന്‍.സി. സജിത്ത്കുമാര്‍ ക്ലാസെടുത്തു. പോസ്റ്റര്‍ പ്രകാശനം അദ്ദേഹം നിര്‍വഹിച്ചു.
District News
സുല്‍ത്താന്‍ ബത്തേരി: ജനങ്ങളുടെ സ്വൈര ജീവിതം കെടുത്തുന്ന അനധികൃത മദ്യവില്‍പനയ്ക്കെതിരേ തെരുവിലിറങ്ങി നാട്ടുകാര്‍. നൂല്‍പ്പുഴ കല്ലൂര്‍ 67 പണപ്പാടി, തേക്കുംപറ്റ പ്രദേശങ്ങളിലെ സ്ത്രീകളും കുട്ടികളുമടക്കമുള്ളവരാണ് അനധികൃത മദ്യവില്‍പനയ്ക്കെതിരേ രംഗത്തെത്തിയത്. ആഭ്യന്തരമന്ത്രിക്ക് അടക്കം പരാതി നല്‍കിയിട്ടും മദ്യവില്പന തടയാന്‍ നടപടിയില്ലാത്തതില്‍ പ്രതിഷേധിച്ച് പൊലിസ് സ്റ്റേഷനിലേക്കും എക്സൈസ് ഓഫിസിലേക്കും മാര്‍ച്ച് നടത്താനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.
കല്ലൂര്‍ 67 പണപ്പാടി, തേക്കുംപറ്റ എന്നിവിടങ്ങളില്‍ രാപകല്‍ വ്യത്യാസമില്ലാതെയാണ് മദ്യക്കച്ചവടവും ഉപഭോഗവും. ഇത് നാട്ടുകാരെ ദുരിതത്തിലാക്കുകയാണ്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വഴിനടക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ബിവറേജസ് ഔട്ട്ലെറ്റുകളില്‍നിന്നും കര്‍ണാടകയില്‍നിന്നും കൊണ്ടുവരുന്ന മദ്യമാണ് ഇവിടെ വില്പനയ്ക്ക് എത്തുന്നത്. കഞ്ചാവ്, രാസലഹരി വില്പനയും നടക്കുന്നുണ്ടെന്നാണ് നാട്ടുകാരുടെ സംശയം. രണ്ടുവര്‍ഷംമുമ്പ് വീട്ടമ്മമാര്‍ സംഘടിച്ച് അനധികൃത മദ്യവില്പനക്കാരെ അടിച്ചോടിച്ചിരുന്നു. എന്നാല്‍ മാസങ്ങള്‍ക്കുശേഷം ഇവര്‍ വീണ്ടും തലപൊക്കുകയാണുണ്ടായത്.
അനധികൃത മദ്യവില്പന തടഞ്ഞില്ലെങ്കില്‍ സമരം: സിപിഎം
സുല്‍ത്താന്‍ ബത്തേരി: കല്ലൂര്‍ 67 പണപ്പാടി, തേക്കുംപറ്റ പ്രദേശങ്ങളിലെ അനധികൃത മദ്യവില്പന തടയാന്‍ അടിയന്തര നടപടികള്‍ ഉണ്ടാകുന്നില്ലെങ്കില്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് ശക്തമായ സമരത്തിന് സിപിഎം നൂല്‍പ്പുഴ ലോക്കല്‍ കമ്മിറ്റി നേതൃത്വം നല്‍കുമെന്ന് സെക്രട്ടറി വി.എസ്. ഷാരിസ് പറഞ്ഞു. ജനങ്ങളടെ സമാധാനം കെടുത്തുന്ന അനധികൃത മദ്യവില്‍പനയ്ക്കെതിരേ പൊലിസ്, എക്സൈസ് ഉദ്യോഗസ്ഥര്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കണമെന്ന് ആദിവാസി വനിതാപ്രസ്ഥാനം സംസ്ഥാന പ്രസിഡന്റ് ഡോ. കെ. അമ്മിണി ആവശ്യപ്പെട്ടു.
District News
കല്‍പ്പറ്റ: ലോക ശിശുദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റിയും സന്നധ സംഘടന ഗ്രാമിന് വയനാടും സംയുക്തമായി ടൗണ്‍ ചര്‍ച്ച് ഹാളില്‍ ചില്‍ഡ്രസ് സമ്മിറ്റ്-2കെ26 സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി ഇ. അയ്യൂബ് ഖാന് ഉദ്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഓഫിസ് നിര്‍ദേശിച്ച 11 വിദ്യാലയങ്ങളില്‍നിന്നുള്ള ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍, സന്നധ പ്രവര്‍ത്തകര്‍, വിവിധ വകുപ്പ് പ്രതിനിധികള്‍ ഉള്‍പ്പടെ 300 ഓളം പേര് പങ്കെടുത്തു.
കുട്ടികളുടെ ക്ഷേമം, സുരക്ഷ, അടിസ്ഥാന സൗകര്യങ്ങള്‍, മെച്ചപ്പെട്ട സാമൂഹികാന്തരീക്ഷം എന്നിവയുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഡിഎല്‍എസ്എ ജില്ലാ സെക്രട്ടറിയും സിവില്‍ ജഡ്ജുമായ ആര്. അനിത, ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ സി. ബിജു, നര്‍കോട്ടിക് സെല്‍ ആന്‍ഡ് ജെന്‍ഡര്‍ ജസ്റ്റീസ് ഡിവൈഎസ്പി ആര്. മനോഹരന്, റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ പി.ആര്. സുമേഷ്, അസിസ്റ്റന്റ് എക്സൈസ് കമ്മിഷണര്‍ സജിത്ത് ചന്ദ്രന്, ആര്‍സിഎച്ച് ഓഫിസര്‍ ഡോ. എന്‍.കെ. ഷീജ, ജില്ലാ ശിശുസംരക്ഷണ ഓഫിസര്‍ കാര്‍ത്തിക അന്ന തോമസ്, ജില്ലാ പഞ്ചായത്ത് സീനിയര്‍ സൂപ്രണ്ട് എന്‍.എ. ജയരാജന്, ഐടിഡിപി സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ് പി.ആര്. രാജേന്ദ്രന്, ഗ്രാമിന് ഡയറക്ടര്‍ റീന വര്‍ഗീസ് എന്നിവരടങ്ങുന്ന പാനല്‍ മറുപടി നല്കി.
കുട്ടികളുടെ അവകാശ പ്രവര്‍ത്തകനും കോഴിക്കോട് മുക്കം ഡോണ്‍ ബോസ്കോ കോളജ് അസി. പ്രഫസറുമായ വി.ജെ. ജെന്സണ് വിദ്യാര്‍ഥി-ഉദ്യോഗസ്ഥ സംവാദം നിയന്ത്രിച്ചു. കുട്ടികള്‍ക്ക് സുരക്ഷിതവും സൗഹാര്‍ദപരവുമായ സാമൂഹികാന്തരീക്ഷം ഒരുക്കുന്നതിനുള്ള ആശയങ്ങളും നിര്‍ദേശങ്ങളും ചര്‍ച്ച ചെയ്തു. വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.
District News
മാനന്തവാടി: മാധ്യമപ്രവര്‍ത്തകനായിരുന്ന ബിജു കിഴക്കേടത്തിന്റെ അനുസ്മരണത്തിന്റെ ഭാഗമായി പ്രസ്ക്ലബ് കോളജ് വിദ്യാര്‍ഥികള്‍ക്ക് ഉപന്യാസ രചനാമത്സരം സംഘടിപ്പിച്ചു. "വാര്‍ത്തകളിലെ സത്യസന്ധതയും മാധ്യമ ധാര്‍മികതയും: സമകാലിക വെല്ലുവിളികള്‍’എന്ന വിഷയത്തില്‍ മേരിമാതാ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് ജേണലിസം വിഭാഗത്തിന്റെ സഹകരണത്തോടെയായിരുന്നു മത്സരം.
മേരിമാതാ കോളജില്‍ നടന്ന മത്സരത്തില്‍ ജില്ലയിലെ വിവിധ കോളജുകളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കെടുത്തു. പ്രിന്‍സിപ്പല്‍ പ്രഫ. ഡോ. തോമസ് മോണോത്ത് ഉദ്ഘാടനം ചെയ്തു.
പ്രസ്ക്ലബ് പ്രസിഡന്റ് അരുണ്‍ വിന്‍സന്റ് അധ്യക്ഷത വഹിച്ചു. കെ.എസ്. സജയന് "ബിജു അനുസ്മരണ' പ്രഭാഷണം നടത്തി. മേരിമാതാ കോളജ് ജേണലിസം വിഭാഗം മേധാവി ഫാ. ജെറി ജോസഫ് ഓണംപള്ളി, പ്രസ്ക്ലബ് സെക്രട്ടറി ജസ്റ്റിന് ചെഞ്ചട്ടയില്‍ എന്നിവര്‍ പ്രസംഗിച്ചു. മത്സരത്തില്‍ ഒന്ന് മുതല്‍ മൂന്നുവരെ സ്ഥാനം നേടിയവര്‍ക്ക് യഥാക്രമം 5,000, 3,000, 2,000 രൂപ കാഷ് പ്രൈസ് ഇന്നുരാവിലെ 11.30ന് പെരുവക സെന്റ് ആന്‍സ് ഭവനില്‍ ബിജു അനുസ്മരണത്തില്‍ വിതരണം ചെയ്യും. അനുസ്മരണയോഗം ഉഷ വിജയന് എംഎല്‍എ ഉദ്ഘാടനം ചെയ്യും.
District News
മീനങ്ങാടി: ഏഴാംചിറ സഹൃദയ ക്ലബ്ബിന്റെയും ബത്തേരി ശ്രേയസിന്റെയും നേതൃത്വത്തില്‍ ദുരന്തനിവാരണ പരിശീലനവും മെഡിക്കല്‍ ഉപകരണങ്ങളുടെ കൈമാറ്റവും നടത്തി. സഹൃദയ ഗ്രന്ഥശാലയില്‍ നടത്തിയ പരിശീലനത്തിന് നാദാപുരം ഫയര്‍ ആന്‍ഡ് സേഫ്റ്റി ഓഫിസര്‍ എ. സതീഷ് നേതൃത്വം നല്കി. അപകടങ്ങളെ എങ്ങനെ ഒഴിവാക്കാമെന്ന് അദ്ദേഹം വിശദീകരിച്ചു. അപകടം സംഭവിച്ചാല്‍ നല്‍കേണ്ട പ്രഥമശുശ്രൂഷയില്‍ പരിശീലനം നല്കി. മെഡിക്കല്‍ ഉപകരണങ്ങളുടെ കൈമാറ്റം ശ്രേയസ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ഡേവിഡ് ആലിങ്കല്‍ നിര്‍വഹിച്ചു.
സഹൃദയ ഗ്രന്ഥശാല പ്രസിഡന്റും വാര്‍ഡ് അംഗവുമായ അനീഷ് കെ. ജോസഫ് അധ്യക്ഷത വഹിച്ചു. ശ്രേയസ് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ മേരി നിഷ, കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റര്‍ കെ.ജി. ലെനീഷ്, റോബിന് ജോസഫ്, സഹൃദയ ക്ലബ് സെക്രട്ടറി എം.സി. രാജു, എം.ടി. കുര്യന്, പി.എ. സജി, ബീന മേരി, കെ. സിന്ധു എന്നിവര്‍ പ്രസംഗിച്ചു. ശ്രേയസ് നെല്ലിമാളം യൂണിറ്റിലെ സെലീന സാജു ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്കി.
District News
കല്‍പ്പറ്റ: 45-ാമത് റവന്യു ജില്ലാ സ്കൂള്‍ കലോത്സവം 23 മുതല്‍ 26 വരെ മുട്ടില്‍ ഓര്‍ഫനേജ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടത്തും. ഇതിന്റെ ഒരുക്കം അന്തിമഘട്ടത്തിലാണെന്ന് സംഘാടക സമിതി ഭാരവാഹികളായ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.എ. ശശീന്ദ്രവ്യാസ്, ഹയര്‍ സെക്കന്‍ഡറി കോ-ഓര്‍ഡിനേറ്റര്‍ ഡോ.പി. അബ്ദുള്‍ ജലീല്‍, എം. നാസര്‍, സഫ്വാന് വെള്ളമുണ്ട, ഇ. മുസ്തഫ, അന്‍വര്‍ ഗൗസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കലോത്സവത്തില്‍ വിവിധ വിദ്യാലയങ്ങളില്‍നിന്നുള്ള മൂവായിരത്തോളം കലാപ്രതിഭകള്‍ എട്ട് വേദികളില്‍ 94 സ്റ്റേജ് ഇതരം ഉള്‍പ്പടെ 317 ഇനങ്ങളില്‍ മാറ്റുരയ്ക്കും. വിധികര്‍ത്താക്കളായി ജില്ലയ്ക്ക് പുറത്തുള്ള 150 പേരെയാണ് നിയോഗിച്ചിരിക്കുന്നത്. ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളായ പൂക്കോട്, കാന്തന്‍പാറ, എടക്കല്‍, ബാണാസുര, കാരാപ്പുഴ, കുറുവ, ചെമ്പ്ര, സൂചിപ്പാറ എന്നീ പേരുകളാണ് വേദികള്‍ക്ക് നല്‍കുന്നത്. ആറ് വേദികള്‍ ഡബ്ല്യുഎംഒ കാമ്പസിലും രണ്ട് വേദികള്‍ ഡബ്ല്യുഎംഒ ഇംഗ്ലീഷ് അക്കാദമിയിലുമാണ് സജ്ജമാക്കിയത്.
23ന് രാവിലെ ഒമ്പതിന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.എ. ശശീന്ദ്രവ്യാസ് പതാക ഉയര്‍ത്തുന്നത്തോടെ മേളയ്ക്ക് തുടക്കമാകും. സ്റ്റേജ് ഇതര വിഭാഗത്തില്‍ മത്സരം അന്ന് പൂര്‍ത്തിയാകും. 24ന് വൈകുന്നേരം നാലിന് മേള ഉദ്ഘാടനം ഉഷ വിജയന് എംഎല്‍എ നിര്‍വഹിക്കും.സിനിമാതാരം സണ്ണി വെയ്ന്‍ മുഖ്യാതിഥിയാകും. 26ന് വൈകുന്നേരം സമാപനസമ്മേളനം ഐ.സി. ബാലകൃഷ്ണന് എംഎല്‍എ ഉദ്ഘധാടനം ചെയ്യും. ജില്ലാ കളക്ടര്‍ വി. ചെല്‍സസിനി മുഖ്യാതിഥിയാകും. കലോത്സവ നടത്തിപ്പിന് 13 സബ് കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരികയാണ്. മുന്നൂറോളം വോളന്റിയര്‍മാര്‍ നഗരിയില്‍ ഉണ്ടാകും. ഒരേസമയം 500 പേര്‍ക്ക് ഭക്ഷണം കഴിക്കാവുന്ന ഭോജനശാലയാണ് സജ്ജമാക്കുന്നത്.
ശുചിത്വ മിഷന്റെയും മുട്ടില്‍ പഞ്ചായത്ത് ഹരിതകര്‍മസേനയുടെയും സേവനം നഗരിയില്‍ ഉണ്ടാകും. ഹരിതചട്ടം പാലിച്ചാണ് കലോത്സവ നടത്തിപ്പ്. മത്സരങ്ങളില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടുന്നവര്‍ക്ക് വ്യക്തിഗത ട്രോഫി നല്‍കും. ഒപ്പന മത്സര വിജയികള്‍ക്ക് നിസാര്‍ വയനാട്, ഹിപ്സ് റഹ്മാന് എന്നിവരുടെ സ്മരണാര്‍ഥമുള്ള ട്രോഫികള്‍ സമ്മാനിക്കും. ഇതിനുമുമ്പ് 2008ലാണ് മുട്ടില്‍ ഓര്‍ഫനേജ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ജില്ലാ സ്കൂള്‍ കലോത്സവത്തിന് വേദിയായത്. കലോത്സവം വിളംബരം ചെയ്ത് ഇന്നലെ വൈകുന്നേരം മുട്ടില്‍ ടൗണില്‍നിന്ന് കലോത്സവ നഗരിയിലേക്ക് വിളംബര ജാഥ നടന്നു. വെള്ളമുണ്ടയിലെ കലാകാരന് നിസാറാണ് കലോത്സവ ലോഗോ രൂപകല്പന ചെയ്തത്.
District News
സുല്‍ത്താന്‍ ബത്തേരി: ലൈസന്‍സ്ഡ് എന്‍ജിനിയേഴ്സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് ഫെഡറേഷന് (ലെന്‍സ്ഫെഡ്) ഏരിയ കണ്വെന്ഷന് നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രന് ഉദ്ഘാടനം ചെയ്തു. ലെന്‍സ്ഫെഡ് ഏരിയ പ്രസിഡന്റ് ജിന്സണ് കെ. ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ജാഫര്‍ സേട്ട്, സംസ്ഥാന വൈസ് പ്രസിഡന്റ് കെ. സുരേന്ദ്രന്, ജില്ലാ സെക്രട്ടറി എം. രവീന്ദ്രന്, ഏരിയ സെക്രട്ടറി കെ. എ. റോയ് എന്നിവര്‍ പ്രസംഗിച്ചു. സംഘടനാ പ്രവര്‍ത്തനവും തൊഴില്‍ വിഷയങ്ങളും ചര്‍ച്ച ചെയ്തു.
District News
പുല്‍പ്പള്ളി: കൃപാലയ സ്പെഷ്യല്‍ സ്കൂളില്‍ ദ്വിദിന സംയോജിത സഹവാസ ക്യാമ്പ് തുടങ്ങി. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, പൂതാടി പഞ്ചായത്തുകളിലെ ഒമ്പത് സ്കൂളുകളില്‍നിന്ന് തെരഞ്ഞെടുത്ത വിദ്യാര്‍ഥികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാര് ഉദ്ഘാടനം ചെയ്തു. ഫാ. ജോഷി പുല്‍പയില്‍ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് മുഖ്യപ്രഭാഷണം നടത്തി. പ്രഥമാധ്യാപിക സിസ്റ്റര്‍ ആന്‍ട്രീസ, സിസ്റ്റര്‍ ടെസീന, സിസ്റ്റര്‍ ആന്‍സ് മരിയ, സിസ്റ്റര്‍ ആന്‍സീന, ബിജു അരീക്കാട്ട്, മാത്യു മത്തായി ആതിര, ജിജി പ്രിന്‍സ്, ജോസഫ് കരിക്കേടത്ത്, ടി.യു. ഷിബു എന്നിവര്‍ പ്രസംഗിച്ചു.
District News
അമ്പലവയല്‍: സെന്റ് മാര്ട്ടിന് ഡി പോറസ് പള്ളിയില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ മാര്ട്ടിന് ഡി പോറസിന്റെയും വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും തിരുനാള്‍ തുടങ്ങി. 29നാണ് സമാപനം. വികാരി ഫാ. ചാക്കോ മേപ്പുറത്ത് കൊടിയേറ്റി. മാനന്തവാടി രൂപത പ്രൊക്യുറേറ്റര്‍ ഫാ. ജോസ് കൊച്ചറയ്ക്കലിന്റെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാന, വചനസന്ദേശം, ലദീഞ്ഞ് എന്നിവ നടന്നു. 26 വരെ ദിവസവും വൈകുന്നേരം 4.30ന് വിശുദ്ധ കുര്‍ബാന, നൊവേന.
27ന് വൈകുന്നേരം 4.30ന് വിശുദ്ധ കുര്‍ബാന, ആറിന് ദിവ്യകാരുണ്യ പ്രദക്ഷിണം. 28ന് വൈകുന്നേരം 4.30ന് ആഘോഷമായ പാട്ടുകുര്‍ബാന, തിരുനാള്‍ സന്ദേശം, ടൗണ്‍ കപ്പേളയിലേക്ക് പ്രദക്ഷിണം. 29ന് രാവിലെ 9.30ന് ആഘോഷമായ പാട്ടുകുര്‍ബാന, വചനസന്ദേശം, ആയിരംകൊല്ലി കപ്പേളയിലേക്ക് പ്രദക്ഷിണം, പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം, നേര്‍ച്ചഭക്ഷണം, കൊടിയിറക്കല്‍.
District News
കല്‍പ്പറ്റ: എസ്കെഎംജെ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പവര്‍ ബ്രിഗേഡ് റോഡ് സേഫ്റ്റി അംഗങ്ങള്‍ക്ക് യൂണിഫോം വിതരണം ചെയ്തു. നീല ജീന്‍സും കറുത്ത ടീ ഷര്‍ട്ടും അഞ്ച് വ്യത്യസ്ത നിറങ്ങളിലുള്ള തൊപ്പിയുമാണ് യൂണിഫോം. പ്രിന്‍സിപ്പല്‍ എം. വിവേകാനന്ദന് വിതരണോദ്ഘാടനം നിര്‍വഹിച്ചു. പവര്‍ ബ്രിഗേഡ് കോ-ഓര്‍ഡിനേറ്റര്‍ കെ. ഷാജി, ജോയിന്റ് കോ-ഓര്‍ഡിനേറ്റര്‍ വി.ആതിര, കരിയര്‍ ഗൈഡ് കെ. പ്രസാദ്, വിദ്യാര്‍ഥി ലീഡര്‍മാരായ ആര്. പ്രണേഷ്, ശ്രുതി കൃഷ്ണ എന്നിവര്‍ പ്രസംഗിച്ചു.
ഇതോടനുബന്ധിച്ച് രക്ഷിതാക്കള്‍ക്ക് നടത്തിയ ബോധവത്കരണ പരിപാടിയില്‍ സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാക്കളായ കെ.എസ്. ശ്യാല്‍, അജിത്ത് കാന്തി എന്നിവര്‍ ക്ലാസെടുത്തു. പവര്‍ ബ്രിഗേഡ് അംഗങ്ങള്‍ രക്ഷിതാക്കള്‍ക്ക് ഗതാഗത നിയമ ബോധവത്കരണ ക്വിസ് മത്സരം നടത്തി. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിദ്യാര്‍ഥികള്‍ വിതരണം ചെയ്തു.