മാനന്തവാടി: വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന റൂ ടാഗ് സ്മാര്‍ട്ട് വില്ലേജ് സെന്റര്‍ താലൂക്കിലെ വിവിധ ബാങ്ക് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. ഇതോടനുബന്ധിച്ച് അവലോകന, ബ്ലോക്കുതല ബാങ്കേഴ്സ് കമ്മിറ്റി യോഗങ്ങള്‍ നടന്നു.
ഡബ്ല്യുഎസ്എസ്എസ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ജിനോജ് പാലത്തടത്തില്‍, പ്രോഗ്രാം ഓഫിസര്‍ പി.എ. ജോസ്, അഗ്രോണമിസ്റ്റ് സച്ചിന് മാത്യു എന്നിവര്‍ സെന്ററിന്റെ പ്രവര്‍ത്തനം, ലക്ഷ്യങ്ങള്‍, ഗ്രാമീണ ജനതയ്ക്ക് ലഭ്യമാക്കുന്ന സേവനങ്ങള്‍ എന്നിവ ഉദ്യോഗസ്ഥര്‍ക്ക് പരിചയപ്പെടുത്തി.
അവലേകന യോഗത്തിന് നബാര്‍ഡ് ജില്ലാ വികസന മാനേജര്‍ ആര്. ആനന്ദ്, ലീഡ് ബാങ്ക് മാനേജര്‍ ബി. വിനീഷ് എന്നിവര്‍ നേതൃത്വം നല്കി. താലൂക്കിലെ വിവിധ ബാങ്കുകളെ പ്രതിനിധാനം ചെയ്ത് 54 ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
കാര്‍ഷിക വായ്പകള്‍, സൂക്ഷ്മ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വായ്പകള്‍ തുടങ്ങിയ സാമ്പത്തിക സേവനങ്ങള്‍ കര്‍ഷകര്‍ക്കും ഗ്രാമീണ സംരംഭകര്‍ക്കും ലഭ്യമാക്കുന്നതിന് ബാങ്കുകളുമായി സഹകരിച്ച് സെന്റര്‍ പ്രവര്‍ത്തിക്കുമെന്ന് എക്സിക്യുട്ടീവ് ഡയറക്ടര്‍ പറഞ്ഞു. പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന, അടല്‍ പെന്ഷന് യോജന തുടങ്ങിയ സാമൂഹികസുരക്ഷാ പദ്ധതികളില്‍ അര്‍ഹരായവരെ അംഗങ്ങളാക്കുന്നതിനും മാര്‍ഗനിര്‍ദേശങ്ങളും സഹായങ്ങളും നല്‍കുന്നതിനും സെന്റര്‍ ഇടപെടും. ഗ്രാമീണരുടെ സാമ്പത്തിക അവബോധവും ബാങ്കിംഗ് ഇടപാടുകളിലുള്ള അറിവും വര്‍ധിപ്പിക്കുന്നതിന് സാമ്പത്തിക സാക്ഷരതാ പരിപാടികള്‍ സംഘടിപ്പിക്കും. ബാങ്കുകളുടെ സഹകരണത്തോടെ സെന്റര്‍ പ്രധാന സേവനകേന്ദ്രമായി പ്രവര്‍ത്തിക്കും.