ആയുർ കണക്ട് - വിൽക്കാനും വാങ്ങാനും
ആയുർ കണക്ട് - വിൽക്കാനും വാങ്ങാനും
Thursday, December 19, 2019 2:54 PM IST
സോഫ്റ്റ് വേർ,ഐടി മേഖലയുമായിട്ടാണ് എറണാകുളം അങ്കമാലി സ്വദേശി ജസ്റ്റിന് ഏറെ ബന്ധം. ഈ ബന്ധവും പരന്ന വായനയും ജസ്റ്റിനെ ആഗോള ആയുർവേദ ഉച്ചകോടിയുടെ ഭാഗമായി നടന്ന ആയുർവേദ സ്റ്റാർട്ടപ് ചലഞ്ച് 2019ൽ ഒന്നാം സ്ഥാനത്ത് എത്തിച്ചിരിക്കുകയാണ്. ആയുർവേദ അസംസ്കൃത വസ്തുക്കളുടെ വിൽപ്പനയ്ക്കും വാങ്ങലിനുമായി ഒരു പ്ലാറ്റ്ഫോം ആയുർകണക്ട് എന്ന ആശയമാണ് ജസ്റ്റിൻ അവതരിപ്പിച്ചത്.

ജോലി വിട്ട് സംരംഭം

നല്ല ഒരു ജോലി ഉപേക്ഷിച്ചാണ് ജസ്റ്റിൻ ജോസഫ് സംരംഭ ലോകത്തേക്ക് ഇറങ്ങിയത്. ആയുർവേദവുമായി നേരിട്ട് ബന്ധമൊന്നുമില്ല. പക്ഷേ, ലോകത്തെ എണ്ണപ്പെട്ട ചികിത്സ രീതികളിൽ ഒന്ന് നമ്മുടെ നാട്ടിലെ ആയുർവേദമാണെന്നുള്ളതുകൊണ്ട് ഒരു താൽപ്പര്യമുണ്ടായിരുന്നു. പിന്നെ ധാരാളം വായിക്കുന്ന കൂട്ടത്തിലാണ്. പ്രത്യേകിച്ച് ഐടി അല്ലെങ്കിൽ സോഫ്റ്റ് വേർ എന്നു പറയുന്നത് ഒരു വ്യവസായം എന്നതിലുപരി മറ്റ് വ്യവസായങ്ങളിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സഹായിക്കുന്ന ഒന്നാണ്. അത് കൊണ്ട് തന്നെ ഓരോ വ്യവസായത്തെപ്പറ്റിയും അതിലെ പ്രശ്നങ്ങളേപറ്റിയും മനസ്സിലാക്കാൻ പണ്ടുമുതലേ ശ്രമിക്കാറുണ്ട്. സ്വന്തമായി എന്തെങ്കിലും ചെയ്യണം എന്ന് ആഗ്രഹം ഉണ്ടായിരുന്നത് കൊണ്ട് കൂടിയായിരിക്കാം എനിക്കെന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്ന് ആലോചിക്കാറുണ്ട്. ആയുർവേദ വ്യവസായം അഭിമുഖീകരിക്കുന്ന ഒരു വലിയ പ്രശ്നമാണ് അസംസ്കൃത വസ്തുക്കൾ എങ്ങനെ സമാഹരിക്കണം എന്നുള്ളത്. അതിനെ പറ്റി ചില ആശയങ്ങൾ മനസ്സിലുണ്ടായിരുന്നു. ജസ്റ്റിൻ ആയുർ കണക്ടിലേക്ക് എത്തിച്ചേർന്നതിനെക്കുറിച്ച് പറഞ്ഞു.
സോഫ്റ്റ് വേർ, ഐടി മേഖലയിൽ പ്രവർത്തിച്ചിരുന്ന ആളാണ് ജസ്റ്റിൻ. പന്ത്രണ്ട് വർഷത്തോളം ഐടി മേഖലയിൽ ജോലി ചെയ്തു. 2017 നവംബർ വരെ ടെക് മഹീന്ദ്രയിൽ ഡെലിവറി മാനേജർ ആയിരുന്നു. 2006 ൽ ബിടെക് പൂർത്തിയാക്കി 2009ൽ യുകെയിലെ ബാഡ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് എംബിഎ ചെയ്തു. തുടർന്ന് ജോലിയുമായി മുന്നോട്ടു പോകുന്പോഴാണ് 2017 നവംബറിൽ ജോലി രാജിവെയ്ക്കുന്നത്. 2017 അവസാനം മുതൽ മറ്റൊരു സ്റ്റാർട്ടപ്പ് ആശയത്തിനു പിന്നാലെയാണ് . അതിന്‍റെ മൊബൈൽ ആപ്ലിക്കേഷൻ ഡെവലപ് ചെയ്യുകയാണ്. ഡെവലപ്പേഴ്സ് പ്രധാനമായുംഅർമേനിയയിൽ നിന്നാണ്. ഏകദേശം പൂർത്തിയായിക്കഴിഞ്ഞ ആപ്ലിക്കേഷന്‍റെ ലോഞ്ച് അധികം വൈകാതെ ഉണ്ടാകും. ജസ്റ്റിൻ അറിയിച്ചു.

എന്താണ് ആയുർ കണക്ട്?

ആയുർവേദ മരുന്നുകൾക്കാവശ്യമായ അസംസ്കൃ വസ്തുക്കൾ വിൽക്കുകയും വാങ്ങുകയും ചെയ്യുന്നവർക്കു വേണ്ടിയുള്ള ഒരു ഓണ്‍ലൈൻ പ്ലാറ്റ്ഫോമാണ് ആയുർ കണക്ട്.

"നിലവിൽ ആയുർവേദ മേഖലയിൽ ഓരോ കന്പനിയും ഫാർമസിയും അവർക്ക് കാലങ്ങളായി അസംസ്കൃത വസ്തുക്കൾ എത്തിച്ചു നൽകുന്ന വിതരണക്കാരിൽ നിന്നുമാണ് വാങ്ങുന്നത്. അതുകൊണ്ടു തന്നെ ഈ മേഖലയിൽ കാര്യമായ മത്സരമൊന്നുമില്ല.മാത്രവുമല്ല പലപ്പോഴും പല സാധനങ്ങൾക്കും ലഭ്യത കുറവുണ്ടാകാറുണ്ട്. കാരണം ഒരാളെ തന്നെ ആശ്രയിക്കുന്പോൾ ആയാളുടെ പക്കൽ ഒരു തവണ ഉത്പന്നം കുറഞ്ഞാൽ അത് ഉത്പാദനത്തെ തന്നെ ബാധിക്കും. വിതരണക്കാരും ഈ പ്രശ്നം നേരിടുന്നുണ്ട് ഓരോ തവണയും പറഞ്ഞിരിക്കുന്ന അളവ് എത്തിച്ചു നൽകണം. ഉത്പന്നത്തിന്‍റെ അളവ് കൂടുതലാണെങ്കിൽ അത് വിറ്റൊഴിവാക്കാൻ വേറെ വഴിയുമുണ്ടാകില്ല. കാരണം അവരിൽ നിന്ന് സ്ഥിരമായി വാങ്ങുന്നവർ മാത്രമേ വാങ്ങുന്നുള്ളൂ. ആവശ്യമുള്ള സാധനങ്ങൾ എവിടെയെങ്കിലും ഉണ്ടെങ്കിലും അത് അറിയാതെ പോകുന്നു എന്ന പ്രശ്നവുമുണ്ട്. ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം എന്ന നിലയിൽ ഒരു ഓണ്‍ലൈൻ മാർക്കറ്റ് ഇടമാണ് ആയുർകണക്ട്. വാങ്ങേണ്ടവർക്ക് വേണ്ടെതെന്തെന്ന് ഈ പ്ലാറ്റ്ഫോമിൽ ഇടാം. വിതരണക്കാർക്ക് അതിൽ അപേക്ഷിക്കാം. അതിൽ നിന്ന് ആവശ്യക്കാർക്ക് ഏറ്റവും യോജിച്ചവരെ തിരഞ്ഞെടുക്കാം. അതേപോലെ തന്നെ ലഭ്യത തീരെയില്ലാത്ത മരുന്ന് ചെടികളും മറ്റുമുണ്ട്. കൃഷിക്കാരുമായി ബന്ധപ്പെട്ട് ഇത്തരം ചെടികൾ കൃഷി ചെയ്യാനും അത് ആയുർവേദ മേഖലയിലേക്ക് എത്തിക്കാനും സഹായിക്കുന്ന ഫാർമർ കണക്ട് എന്ന ഭാഗമാണ് അടുത്തത്. സർക്കാർ തലത്തിലും, ആയുർവേദ മേഖലയിൽ നിന്നും നല്ല പിന്തുണ ഉണ്ടെങ്കിലേ ഇത് വിജയകരമായി ചെയ്യാനാകൂ.'', ജസ്റ്റിൻ പറഞ്ഞു.

ആശയത്തെ സംരംഭമാക്കണം

നിലവിൽ ഒരു ആശയം മാത്രമാണ് ആയുർ കണക്ട്. അതിനെ ഇനി സംരംഭ രൂപത്തിലേക്ക് എത്തിക്കേണ്ടതുണ്ട്. “കേരളത്തിലെ ഫാർമസികളും മരുന്ന് നിർമ്മാതാക്കളുമായി ബന്ധപ്പെട്ട് ഈ വർഷം തന്നെ ഒരു മാർക്കറ്റ് സ്റ്റഡി ഉദ്ദേശിക്കുന്നുണ്ട്. അസംസ്കൃത വസ്തുക്കൾ വാങ്ങാൻ ഓരോരുത്തരും പിന്തുടരുന്നത് വിത്യസ്തമായ രീതികളാണ്. അത് വ്യക്തമായി മനസ്സിലാക്കാനും എന്തൊക്കെ കാര്യങ്ങളിൽ നമുക്ക് സഹായിക്കാൻ പറ്റും എന്ന് മനസ്സിലാക്കാനുമുള്ള അവസരമാണ് ഈ പഠനം. അതിന് ശേഷം അടുത്ത വർഷമാദ്യത്തോടെ പ്രവർത്തനങ്ങൾ ആരംഭിക്കാം എന്ന് പ്രതീക്ഷിക്കുന്നു. 2020 മദ്ധ്യത്തിലായി സംരംഭം ലോഞ്ച് ചെയ്യാം എന്നാണ് ഉദ്ദേശിക്കുന്നത.്''- ജസ്റ്റിൻ പറഞ്ഞു.