പുതിയ നികുതി വ്യവസ്ഥയിലും ഇവ ഇളവുകള്‍ നേടിത്തരും
പുതിയ നികുതി വ്യവസ്ഥയിലും ഇവ ഇളവുകള്‍   നേടിത്തരും
Tuesday, March 17, 2020 5:10 PM IST
പുതിയ ആദായ നികുതി വ്യവസ്ഥകളില്‍ നികുതിയിളവുകളില്‍ 70 എണ്ണം ( 80സി നിക്ഷേപങ്ങള്‍, ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം, സേവിംഗ്‌സ് ബാങ്ക് പലിശ തുടങ്ങിയവ) ഇല്ലാതായെങ്കിലും നിരവധി നികുതിയിളവുകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അവയില്‍ ചിലതു ചുവടെ നല്‍കുന്നു

1. പോസ്റ്റോഫീസ് പലിശ
ആദായ നികുതി നിയമത്തിന്‍റെ 10 (15) (1) വകുപ്പു പ്രകാരം പോസ്റ്റോഫീസ് സമ്പാദ്യ അക്കൗണ്ടില്‍ നിന്നുള്ള പലിശയ്ക്കു നികുതി നല്‍കേണ്ടതില്ല. വ്യക്തികളുടെ കാര്യത്തില്‍ 3500 രൂപ വരെയും ജോയിന്‍റ് അക്കൗണ്ടുകളിലിത് 7000 രൂപയുമാണ്. 2011 ജൂണ്‍ മൂന്നിലെ ആദായനികുതി വകുപ്പിന്‍റെ വിജ്ഞാപനം അനുസരിച്ചാണിത്. പുതിയ നികുതി വ്യവസ്ഥയില്‍ 80 ടിടി എ അനുസരിച്ച് ബാങ്ക്, പോസ്റ്റോഫീസ് സേവിംഗ്‌സ് അക്കൗണ്ടുകളില്‍നിന്നുള്ള പലിശയ്ക്ക് നികുതിയിളവ് ലഭിക്കുകയില്ല. എന്നാല്‍ പുതിയ നികുതി ഘനട സ്വീകരിക്കുന്നവര്‍ക്കും 2011-ലെ ഇളവ് ഉപയോഗിക്കുവാന്‍ സാധിക്കും.

2. ഗ്രാറ്റ്വിറ്റി തുക
തൊഴില്‍ ദാതാവില്‍നിന്നു ലഭിക്കുന്ന ഗ്രാറ്റ്വിറ്റി. ഒരു സ്ഥാപനത്തില്‍ അഞ്ചുവര്‍ഷത്തില്‍ കൂടുതല്‍ ജോലിയെടുത്തിട്ടുള്ള തൊഴിലാളിക്ക് ഗ്രാറ്റ്വിറ്റിക്ക് അര്‍ഹതയുണ്ട്. തൊഴില്‍ ദാതാവില്‍നിന്നു ലഭിക്കുന്ന ഗ്രാറ്റ്വിറ്റിക്ക് നിശ്ചിത പരിധി വരെ നികുതിയിളവുണ്ട്.
സര്‍ക്കാര്‍ ജോലിക്കാര്‍ക്കു ലഭിക്കുന്ന ഗ്രാറ്റ്വിറ്റി തുക പൂര്‍ണമായും നികുതിമുക്തമാണ്. ഗവണ്‍മെന്‍റേതിര ജോലക്കാരുടെ കാര്യത്തില്‍ ജീവിതകാലം മുഴുവന്‍ 20 ലക്ഷം രൂപ വരെയുള്ള തുകയ്ക്കാണ് നികുതിയിളവുള്ളത്. ജോലിക്കാരന്‍ മരണമടഞ്ഞതിനെത്തുടര്‍ന്നു ലഭിക്കുന്ന ഗ്രാറ്റ്വിറ്റി തുകയ്ക്ക് പരിധിയില്ലാതെ നികുതിയിളവു ലഭിക്കും.

3. ഇപിഎഫ് പലിശ
ഇപിഎഫിന്‍റെ 9.5 ശതമാനം വരെ ലഭിക്കുന്ന പലിശയ്ക്ക് പുതിയ നികുതി വ്യവസ്ഥയില്‍ നികുതിയിളവുണ്ട്.

4. ലൈഫ് ഇന്‍ഷുറന്‍സ് മച്യൂരിറ്റി തുക
ലൈഫ് ഇന്‍ഷ്വറന്‍സ് മച്യൂരിറ്റിയാകുമ്പോള്‍ ലഭിക്കുന്ന തുകയ്ക്ക് പുതിയ സംവിധാനത്തിലും നികുതിയിളവു തുടരും.

5. ഇപിഎഫ്/ എന്‍പിഎസ് അക്കൗണ്ടിലേക്കുള്ള തൊഴില്‍ ദാതാവിന്റെ സംഭാവന
2020 ബജറ്റനുസരിച്ച് ഇപിഎഫ്, എന്‍പിഎസ് അല്ലെങ്കില്‍ സൂപ്പര്‍ ആന്വേഷന്‍ അക്കൗണ്ട് തുടങ്ങിയ തൊഴിലാളികളുടെ റിട്ടയര്‍മെന്‍റ് ഫണ്ടിലേക്കുള്ള തൊഴില്‍ ദാതാവിന്‍റെ സംഭാവനയ്ക്ക് നികുതിയിളവുണ്ട്. പക്ഷേ ഇവയിലെല്ലാം കൂടി ഒരു ധനകാര്യ വര്‍ഷം 7.5 ലക്ഷം രൂപ വരെയുള്ള തുകയ്ക്കാണ് ഇളവു ലഭിക്കുക.

6. പിപിഎഫ് റിട്ടേണ്‍
പുതിയ നികുതി വ്യവസ്ഥയില്‍ പിപിഎഫ് നിക്ഷേപത്തിനു 80 സിയില്‍ നികുതി ഇളവ് ക്ലെയിം ചെയ്യാന്‍ സാധിക്കുകയില്ല. എന്നാല്‍ പിപിഎഫ് കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ ലഭിക്കുന്ന മച്യൂരിറ്റി തുകയ്ക്കും പലിശയ്ക്കും പുതിയ സംവിധാനത്തിലും നികുതിയിളവു ലഭിക്കും.

7. സുകന്യ സമൃദ്ധി പേമെന്‍റും പലിശയും

പിപിഎഫിലെന്നതുപോലെ സുകന്യ സമൃദ്ധി യോജനയുടെ പലിശയും മച്യൂരിറ്റിത്തുകയും നികുതി വിമുക്തമാണ്. എന്നാല്‍ 80 സിയില്‍ ഇതിലെ നിക്ഷേപത്തിന് നികുതിയിളവില്ല.

8. തൊഴില്‍ ദാതാവില്‍നിന്നുള്ള സമ്മാനങ്ങള്‍
തൊഴില്‍ ദാതാവില്‍നിന്നു ലഭിക്കുന്ന 5000 രൂപ വരെയുള്ള സമ്മാനത്തിന് പുതിയ നികുതി വ്യവസ്ഥയിലും ഇളവ് അനുവദിച്ചിട്ടുണ്ട്.

9. ഫുഡ് കൂപ്പണ്‍
ബജറ്റില്‍ ഇതേക്കുറിച്ചു പരാമര്‍ശങ്ങളൊന്നുമില്ല. അതിനാല്‍ പുതിയ സംവിധാനത്തിലും ഈ ആനുകൂല്യം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിദിനം തൊഴില്‍ ദാതാവില്‍നിന്നു ലഭിക്കുന്ന 50 രൂപയുടെ കൂപ്പണ്‍ ആണ് ഇളവു ലഭിക്കുക.

10. എന്‍പിഎസ് അക്കൗണ്ടില്‍നിന്നു ലഭിക്കുന്ന തുക
എന്‍പിഎസ് കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ ലഭിക്കുന്ന തുകയ്ക്കു പുതിയ വ്യവസ്ഥയിലും നികുതിയിളവു ലഭിക്കും. ഇപ്പോഴത്തെ വ്യവസ്ഥയനുസരിച്ച് മച്യൂരിറ്റിത്തുകയില്‍നിന്നു പിന്‍വലിക്കുന്ന 60 ശതമാനം തുകയ്ക്ക് നികുതി നല്‍കേണ്ടതില്ല. ബാക്കി 40 ശതമാനം നിര്‍ബന്ധമായും ആന്വയിറ്റി പ്ലാനുകളില്‍ നിക്ഷേപം നടത്തണം.

പുതിയ സംവിധാനത്തിലും എന്‍പിഎസ് ടയര്‍ -1 അക്കൗണ്ടില്‍നിന്നു പിന്‍വലിക്കുന്ന തുകയ്ക്കു നികുതി നല്‍കേണ്ടതില്ല. എന്‍പിഎസ് ബാലന്‍സിന്‍റെ 25 ശതമാനം തുകവരെയാണ് പിന്‍വലിക്കാന്‍ കഴിയുന്നത്. ആ തുകയ്ക്ക് നികുതിയിളവുണ്ട്. എന്നാല്‍ എന്‍പിഎസിലെ 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിനു ഇതുവരെ നല്‍കിയിരുന്ന നികുതിയിളവ് അടുത്തവര്‍ഷം മുതലില്ല.

11. റിട്ടയര്‍മെന്‍റ് സമയത്തെ ലീവ് എന്‍കാഷ്‌മെന്‍റ്
റിട്ടയര്‍മെന്‍റ് സമയമാകുമ്പോള്‍ ഇതുവരെ എടുക്കാതിരുന്ന അവധിക്ക് പണം നല്‍കുന്ന പതിവ് പല കമ്പനികളിലുമുണ്ട്.ഗവണ്‍മെന്‍റേതര കമ്പനികളില്‍ 3 ലക്ഷം രൂപ വരെയുള്ള ലീവ് എന്‍കാഷ്‌മെന്‍റിന് ഇപ്പോള്‍ നികുതി നല്‍കേണ്ടതില്ല. പുതിയ സംവിധാനത്തിലും ഇതു തുടരും.

12. വോളന്‍ററി റിട്ടയര്‍മെന്‍റ് സ്‌കീം
വിആര്‍ എസ് ഓപ്റ്റ് ചെയ്യുമ്പോള്‍ തൊഴില്‍ ദാതാവില്‍നിന്നു ലഭിക്കുന്ന തുകയ്ക്കു പുതിയ നികുതി സംവിധാനത്തിലും നികുതിയൊഴിവുണ്ട്. അഞ്ചു ലക്ഷം രൂപവരെയുള്ള തുകയ്ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

13. പെന്‍ഷന്‍ കമ്യൂട്ടേഷന്‍
പെന്‍ഷന്‍ തുകയില്‍ ഒരു ഭാഗം ആവശ്യമെങ്കില്‍ പെന്‍ഷന്‍കാര്‍ക്ക് ഒരുമിച്ചു നല്‍കാറുണ്ട്. അല്ലെങ്കിലത് മാസ ഗഡുക്കളായി ലഭിക്കുകയാണ് പതിവ്. ഗവണ്‍മെന്‍റേതര ജോലിക്കാരനാണെങ്കില്‍ , തൊഴില്‍ ദാതാവില്‍നിന്നു ഗ്രാറ്റ്വിറ്റി ലഭിച്ചിട്ടുണ്ടെങ്കില്‍ കമ്യൂട്ടഡ് പെന്‍ഷന്‍റെ മൂന്നിലൊന്നു തുകയ്ക്കു നികുതി നല്‍കേണ്ടതില്ല. ഗ്രാറ്റ്വിറ്റി ലഭിച്ചിട്ടില്ലെങ്കില്‍ 50 ശതമാനം വരെയുള്ള തുകയ്ക്ക് നികുതിയില്ല. ഈ നിബന്ധകള്‍ തന്നെയാണ് പുതിയ നികുതിഘടനയിലും നിര്‍ദ്ദേശിച്ചിട്ടുള്ളത്.