അതിജീവനത്തിന് എൻബിഎഫ്സി
നിരവധി വർഷങ്ങൾ വളർച്ചയിലൂടെ കടന്നുപോയ ബാങ്കിംഗേതര ധനകാര്യ സ്ഥാപനങ്ങളും (എൻബിഎഫ്സി) ഭവന വായ്പാ കന്പനികളും ഇന്നു വല്ലാത്തൊരു പ്രതിസന്ധിയിലാണ്. കഴിഞ്ഞ അഞ്ചോ ആറോ മാസത്തിനുള്ളിലാണ് ഈ പ്രതിസന്ധിയിലേക്ക് എൻബിഎഫ്സികൾ വീണിട്ടുള്ളത്. ലിക്വിഡിറ്റിയാണ് ഇവ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. ഇതോടൊപ്പം പലിശനിരക്കുകൾ ഉയർന്നു തുടങ്ങിയത് പ്രശ്നം രൂക്ഷമാക്കി. ഇന്ന് ഈ മേഖലയെ ഒരു തരം അവിശ്വാസം പൊതിഞ്ഞിരിക്കുകയാണെന്നു പറയാം.

വെറും ലിക്വിഡിറ്റിക്കപ്പുറത്തുള്ള പ്രശ്നങ്ങളാണ് ഇവ നേരിടുന്നതെന്നതാണ് വസ്തുത. എൻബിഎഫ്സിയുടെ പ്രശ്നങ്ങൾ അവയെ മാത്രം ബാധിക്കുന്നതല്ല. രാജ്യത്തെ നിരവധിയാളുകളെയാണ് ഇതു പ്രതികൂലമായി ബാധിക്കുക. വലിയ ബിൽഡർമാർ മുതൽ ബാങ്കിംഗിൽനിന്ന് ഒഴിച്ചുനിർത്തപ്പെട്ടിട്ടുള്ള പാവപ്പെട്ടവർ വരെ ഇതിന്‍റെ ഫലം അനുഭവിച്ചുവരികയാണ്.

കഴിഞ്ഞ മൂന്നുവർഷങ്ങളിൽ രാജ്യത്തു നൽകിയിട്ടുള്ള വായ്പയിൽ 30 ശതമാനത്തിലധികം ഇത്തരം ധനകാര്യ സ്ഥാപനങ്ങളിൽനിന്നും ഭവന വായ്പ കന്പനികളിൽനിന്നുമാണെന്നു വസ്തുത കണക്കിലെടുക്കുന്പോഴാണ് ഈ മേഖല നേരിടുന്ന പ്രതിസന്ധിയുടെ ആഴം വർധിക്കുന്നത്. അവ സന്പദ്ഘടനയെ അപ്പാടെ പ്രതികൂലമായി ബാധിക്കുമെന്നു ചുരുക്കം.

തുടക്കം ഐ എൽ & എഫ് എസിൽ

രാജ്യത്തെ ഉയർന്ന റേറ്റിംഗുള്ള, ഏറ്റവും വലിയ ഇൻഫ്രാസട്രക്ചർ ഓപ്പറേറ്റർ- ഫിനാൻസിയർ ആയ ഐഎൽ ആൻഡ് എഫ് എസ് ഗ്രൂപ്പ് എടുത്തിട്ടുള്ള കടംതിരിച്ചടവു മുടങ്ങുമെന്നു വന്നതോടെയാണ് ഇന്ത്യൻ എൻബിഎഫ്സി മേഖല നേരിടുന്ന പ്രശ്നങ്ങൾ പുറത്തുവന്നു തുടങ്ങിയത്. ഈ മേഖലയെ പ്രതിസന്ധിയിലേക്കു വീഴ്ത്തിയതും ഈ വാർത്തയാണ്.
കഴിഞ്ഞ സെപ്റ്റംബറിലാണ് ഐഎൽ ആൻഡ്എഫ്എസ് കടം തിരച്ചടയ്ക്കലിൽ വീഴ്ച വരുത്തിയത്. മൂന്നു പതിറ്റാണ്ടു കാലമായി അടിസ്ഥാനസൗകര്യമേഖലയ്ക്കു വായ്പ നൽകിവരുന്ന കന്പനിയാണ് ഐഎൽ ആൻഡ് എഫ്എസ്. വാണിജ്യ ബാങ്കിംഗ് മേഖല നൽകുന്ന അതേ സേവനങ്ങൾ കന്പനിയും നൽകിപ്പോന്നിരുന്നു. എൽഐസിയാണ് മുഖ്യ ഓഹരിയുടമ. അവർ 25.3 ശതമാനം ഓഹരി പങ്കാളിത്തം കൈവശം വയ്ക്കുന്നു. കനറാ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ പൊതുമേഖല ബാങ്കുകൾക്കും ഇതിൽ ഓഹരി പങ്കാളിത്തമുണ്ട്. ഐഎൽആൻഡ് എഫ്എസിന്‍റെ കീഴിൽ വിവിധ ആവശ്യങ്ങൾക്കായി 139 പരോക്ഷ കന്പനികൾ ഉൾപ്പെടെ 169 ഉപകന്പനികളുടെ ശൃംഖലയാണുള്ളത്. ഇതു പ്രശ്നം രൂക്ഷമാക്കുന്നു.

കഴിഞ്ഞ രണ്ടു ദശകങ്ങളായി അടിസ്ഥാനസൗകര്യമെന്നത് രാജ്യത്തെ മുഖ്യവിഷയമാണ്. ഐഎൽ ആൻഡ് എഫ് എസ് ഈ രംഗത്ത് മുൻനിരയിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ വായ്പ നൽകുന്ന കന്പനിയുടെ ഡെറ്റ് ഇക്വിറ്റി അനുപാതം 18.7 ആണ്. ഉപകന്പനികൾ ഉൾപ്പെടെ കന്പനിക്ക് 91000 കോടി രൂപയുടെ കടമുണ്ട്. ഇതിൽ 60000 കോടി രൂപയുടെ പദ്ധതികളേ പ്രവൃത്തിതലത്തിൽ എത്തിയിട്ടുള്ളു. റോഡ്, വൈദ്യുതി, ജലസേചനം ഉൾപ്പെടെ നിരവധി പദ്ധതികൾ ഇതിലുൾപ്പെടുന്നു. കന്പനിയുടെ ഇപ്പോഴത്തെ പ്രശ്നങ്ങളുടെ മുഖ്യ പ്രശ്നം പദ്ധതികളുടെ താമസവും അതുവഴി വരുന്ന ചെലവിലെ വർധനയുമാണ്. പല പദ്ധതികളും ഭൂമി ഏറ്റെടുക്കാനാകാതെ പകുതിവഴിയിലാണ്.
വായ്പ നൽകാനായി പുറത്തിറക്കിയ കടപ്പത്രങ്ങളുടെ തുക സമയത്തു മടക്കിക്കൊടുക്കാൻ കന്പനിക്കു കഴിയാതെ വന്നതാണ് പ്രശ്നമായത്. അതായത് കന്പനിയുടെ കൈവശം വായ്പ മടക്കിക്കൊടുക്കാനുള്ള കാഷ് ഇല്ല. അതേസമയം കടം വർധിക്കുകയും ചെയ്തിരിക്കുന്നു. 2018-ന്‍റെ രണ്ടാം പകുതിയിൽ കന്പനി മടക്കി നൽകേണ്ടിയിരുന്നത് 3500 കോടി രൂപയുടെ സ്ഥാനത്ത് 200 കോടി രൂപയാണ് കാഷ് ആയി ഉണ്ടായിരുന്നത്. ഇതോടൊപ്പം ഗവണ്‍മെന്‍റിന്‍റെ ഭാഗത്തുനിന്നു 9000 കോടി രൂപ തർക്കം മൂലം കിട്ടാതിരിന്നതു പ്രതിസന്ധി രൂക്ഷമാക്കുകയും ചെയ്തു.

കന്പനി കടം തിരിച്ചടയ്ക്കാതിരുന്നത് അവരെ മാത്രമല്ല ബാധിച്ചത്. ബാങ്കുകൾ, ഇൻഷുറൻസ് കന്പനികൾ. മ്യൂച്വൽ ഫണ്ടുകൾ തുടങ്ങി അവർക്കു വായ്പ നൽകിയ നിരവധി ധനകാര്യ സ്ഥാപനങ്ങളേയും അതു ബാധിച്ചു.

ഈ സഹചര്യത്തിൽ കന്പനി 25 പദ്ധതികൾ വിൽപ്പനയ്ക്കു വച്ചിരിക്കുകയാണ്. ഇതുവഴി കടത്തിൽ 30000 കോടി രൂപയുടെ കുറവു വരുത്തുവാൻ സാധിക്കുമെന്നാണ് കരുതുന്നത്. പക്ഷേ അതിനു കുറഞ്ഞതു രണ്ടുവർഷത്തെ സമയമെടുക്കുമെന്നതാണ് പ്രധാന പ്രശ്നം. കന്പനിയെ തകരാൻ അനുവദിക്കുകയില്ലെന്നാണ് ഏറ്റവും വലിയ ഓഹരിയുടമയായ എൽഐസി വ്യക്തമാക്കിയിട്ടുള്ളത്.

മാത്രവുമല്ല, കേന്ദ്രസർക്കാർ ഇടപെടുകയും എൻബിഎഫ്സികൾക്കുള്ള പണ ലഭ്യത വർധിപ്പിക്കുവാൻ നടപടിയെടുക്കുകയും ചെയ്തു. ബാങ്കിംഗ് മേഖലയിലേക്ക് 2.3 ലക്ഷം കോടി രൂപയുടെ പണലഭ്യത വർധിപ്പിക്കുകയും ചെയ്തു. മാത്രവുമല്ല, റിസർവ് ബാങ്ക് പലിശനിരക്ക് കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. മാത്രവുമല്ല, ഈ സ്പെഷലിസ്റ്റ് കന്പനിക്കുള്ള വായ്പയിൽ ഇളവുകൾ നൽകുകയും ചെയ്തിട്ടുണ്ട്.

വായ്പ വാങ്ങുന്നവരും പ്രശ്നത്തിൽ

ഐഎൽ ആൻഡ് എഫ് എസിനു കടം കൊടുത്തവർ മാത്രമല്ല, വായ്പാ രംഗത്തു പ്രവർത്തിക്കുന്ന മറ്റു കന്പനികളും പ്രശ്നത്തെ നേരിടുകയാണ്. ഇതുവഴി പല സ്ഥാപനങ്ങളും വായ്പ നൽകുന്നത് കുറയ്ക്കുവാൻ നിർബന്ധിതരായിരിക്കുകയാണ്. ഉദാഹരണത്തിനു ദിവാൻ ഹൗസിംഗ് ഫിനാൻസ് കോർപറേഷൻ. അതിന്‍റെ ഓഹരി വില സെപ്റ്റംബർ മുതൽ 84 ശതമാനത്തോളം നഷ്ടമായി. കണ്‍സ്ട്രക്ഷൻ മേഖലയിലെ വായ്പ കുറയ്ക്കുവാൻ അവർ നിർബന്ധിതരാവുകയാണ്.

നിർമാണ മേഖലയിലെ കാര്യമെടുക്കാം. ഈ മേഖലയിലെ 90 ബിൽഡർമാർക്ക് അവരുടെ കടം സർവീസു ചെയ്തുകൊണ്ടുപോകാൻ ഒരു വർഷം 44000 കോടി രൂപ വേണം. പക്ഷേ അവരുടെ വരുമാനം അതിന്‍റെ പകുതിയോളമേയുള്ളു. ദിവാൻ ഹൗസിംഗ് പോലുള്ള ഭവനവായ്പ കന്പനികളിൽനിന്നുള്ള റീഫിനാൻസിംഗ് വഴിയാണ് കണ്‍സ്ട്രക്ഷൻ മേഖല പിടിച്ചു നിന്നുപോരുന്നത്. ഇത്തരത്തിൽ ഫിനാൻസ് ലഭിക്കുന്നില്ലെങ്കിൽ റിയൽ എസ്റ്റേറ്റ് മേഖലയിലെ കന്പനികളും തകർച്ചയിലേക്കു നീങ്ങും.


പാവപ്പെട്ടവരും പ്രശ്നത്തിൽ

അടിസ്ഥാനസൗകര്യമേഖലയിലെ കന്പനികൾ മാത്രമല്ല, പാവപ്പെട്ടവരും ഇതിന്‍റെ പ്രത്യാഘാതം അനുഭവിക്കേണ്ടതായി വരുന്നു. മൈക്രോ ഫിനാൻസ് കന്പനികളിൽനിന്നു ചെറിയ ചെറിയ വായ്പകൾ എടുത്തു ബിസിനസ് നടത്തുന്ന സ്ത്രീകൾ, തയ്യൽക്കാർ, ഭക്ഷണം വിതരണം ചെയ്യുന്നവർ തുടങ്ങി നിത്യവൃത്തിക്കായി ചെറിയ തൊഴിലുകൾ ചെയ്യുന്നവരെ വരെ എൻബിഎഫ്സി മേഖല നേരിടുന്ന പ്രശ്നങ്ങൾ ബാധിക്കുകയാണ്.

നോട്ടു പിൻവലിക്കൽ പല മൈക്രോ ഫിനാൻസ് കന്പനികളേയും ബാധിച്ചിരുന്നു. അതിന്‍റെ ഫലമായുണ്ടായ കിട്ടാക്കടങ്ങൾ എഴുതിത്തള്ളി പുതിയ വായ്പകളിലൂടെ അവരെ മടക്കിക്കൊണ്ടുവരുന്ന സാഹചര്യത്തിലാണ് പുതിയ പ്രതിസന്ധി ഉയർന്നുവന്നിട്ടുള്ളത്. രാജ്യത്തെ ഏറ്റവും താഴെത്തട്ടിലുള്ളവർക്ക് കൈത്താങ്ങായി എത്തിയ മൈക്രോഫിനാൻസ് കന്പനികൾക്ക് വിപണിയിൽനിന്നു ഇനി ഫണ്ടു സമാഹരിക്കുക ബുദ്ധിമുട്ടായിരിക്കും. പ്രത്യേകിച്ചും ചെറിയ രീതിയിൽ പ്രവർത്തിക്കുന്ന മൈക്രോ ഫിനാൻസ് കന്പനികൾക്ക്.
ഇപ്പോഴത്തെ പ്രതിസന്ധിയുടെ ഫലമായി കന്പനികളുടെ വായ്പാ കോസ്റ്റ് ഉയരുകയാണ്. മാത്രവുമല്ല, വായ്പ ലഭിക്കുവാനുള്ള പ്രയാസവും വർധിക്കുകയാണ്.

രാജ്യത്തെ ഇരുചക്ര വാഹനങ്ങളുടെ വിൽപ്പനയെ ത്വരിതപ്പെടുത്തുന്നത് എൻബിഎഫ്സികളിൽനിന്നുള്ള വായ്പയാണ്. അതുപോലതന്നെ ഫ്രിഡ്ജ്, മിക്സി തുടങ്ങിയ ഗൃഹോപകരണമേഖലയിലും എൻബിഎഫ്സി വായ്പ നിർണായക പങ്കുവഹിക്കുന്നുണ്ട്. ബാങ്കുകളിൽനിന്നു വായ്പ ലഭിക്കാത്തവർക്ക് ആശ്രയമായിരുന്നതു എൻബിഎഫ്സികളാണ്. അവയില്ലാതായാൽ വലിയൊരു വിഭാഗത്തിനു ക്രെഡിറ്റ് എടുക്കാനുള്ള അവസരമില്ലാതെയാകും. അതു രാജ്യത്തെ ഉപഭോഗത്തേയും സാന്പത്തിക വളർച്ചയേയും ബാധിക്കും.

വായ്പ കുറയുന്നു

ഐഎൽ ആൻഡ് എഫ്എസ് പ്രശ്നങ്ങളെത്തുടർന്നു നടപ്പുവർത്തിന്‍റെ മൂന്നാം ക്വാർട്ടറിൽ എൻബിഎഫ്എസിൽനിന്നുള്ള വായ്പയിൽ 20-40 ശതമാനം കുറവുണ്ടായതായാണ് വിലയിരുത്തുന്നത്. റീട്ടെയിൽ മേഖലയിൽ ഇതിലും കൂടുതലാണ്. ആദ്യ പകുതിയിൽ എൻബിഎഫ്സി നൽകിയ വായ്പയിൽ 20 ശതമാനം വളർച്ച കാണിച്ചിട്ടുണ്ട്. രണ്ടാം പകുതിയിൽ ഇത് 15 ശതമാനത്തിനു താഴേയക്കു പോകുമെന്നാണ് കണക്കാക്കുന്നത്. 2014-18 കാലയളവിൽ എൻബിഎഫ്സ് മേഖലയിൽനിന്നുള്ള വായ്പ 18 ശതമാനം വാർഷിക വളർച്ച നേടിപ്പോന്നിരുന്നു. ഉപഭോക്താക്കളുമായുള്ള മികച്ച ബന്ധങ്ങളും കുറഞ്ഞ നിബന്ധനകളും അന്തരീക്ഷത്തിന് അനുസരിച്ചു മാറാനുമുള്ള എൻബിഎഫ്സികളുടെ കഴിവുമാണ് ഈ വളർച്ചയ്ക്കു നിദാനമായിട്ടുള്ളത്. നടപ്പുവർഷത്തിൽ ഈ വളർച്ച കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അടുത്ത കാലം വരെ ഹോൾസെയിൽ വായ്പാ മേഖലയിൽ എൻബിഎഫ്സികൾ മികച്ച വളർച്ചയാണു നേടിയിരുന്നത്. അതു കുറയുമെന്നാണ് വിലയിരുത്തുന്നത്. കാരണം പല എൻബിഎഫ്സികൾക്കും വായ്പയ്ക്ക് ആവശ്യമായ കടമെടുപ്പു നടത്താൻ സാധിക്കുന്നില്ല. ഈ മേഖലയിലെ കിട്ടാക്കടം വർധിക്കുന്നതും ക്രെഡിറ്റ് ഫ്ളോ കുറയുന്നതും എൻബിഎഫ്സി ബിസിനസിനെ ബാധിച്ചിരിക്കുകയാണ്.

വസ്തു ഈ‌ടിന്മേൽ നൽകുന്ന വായ്പയാണ് ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾക്കു എൻബിഎഫ്സി നൽകിയിരുന്നത്. ഈടു നൽകുന്ന വസ്തുവിന്‍റെ ഗുണമേ· സംബന്ധിച്ച ആശങ്ക ഉയരുന്നുണ്ട്. മാത്രവുമല്ല, ഈ മേഖലയിലെ തിരിച്ചടവിന്‍റെ വീഴ്ച മൂന്നു ശതമാനത്തിനു മുകളിലേക്ക് എത്തിയതും ആശങ്കപ്പെടുത്തുന്നു. സാധാരണ ഇതിന്‍റെ പകുതിയിൽ താഴെയുള്ള വീഴ്ചയെ ഉണ്ടായിരുന്നുള്ളു.

നാലഞ്ചുവർഷമായി കുറഞ്ഞുനിന്നിരുന്ന പലിശനിരക്കിന്‍റെ പശ്ചാത്തലത്തിൽ വിപണിയിൽനിന്നുള്ള വായ്പ വർധിപ്പിച്ചിരുന്നു. പ്രത്യേകിച്ചും ഹൃസ്വകാലത്തേക്കുള്ള എൻബിഎഫ്സികളുടെ വായ്പ. ലിക്വിഡിറ്റി കുറഞ്ഞതോടെ ഇതു എൻബിഎഫ്സികളെ പ്രശ്നത്തിലേക്കു തള്ളിവിടാനുള്ള സാധ്യത വർധിച്ചിരിക്കുകയാണ്.

ചുരുക്കത്തിൽ വായ്പ നൽകുന്നതിനുള്ള നിബന്ധനകൾ കൂടുതൽ കർക്കശമാകും. ഇതു പുതിയ വായ്പ കിട്ടുന്നതിലും കുടുതൽ നിബന്ധനകൾ വരും. ഇതെല്ലാം രാജ്യത്തെ ചെറുകിട സംരംഭകരെ പ്രതികൂലമായി ബാധിക്കും. ഒപ്പം ഉപഭോഗത്തിൽ കുറവുണ്ടാക്കും. ഇപ്പോൾ ജിഡിപിയുടെ വളർച്ചാ എൻജിനായി നിലനിൽക്കുന്നത് കണ്‍സംപ്ഷനാണ് എന്നതു കൂടി കണക്കിലെടുക്കുന്പോൾ.

പണലഭ്യത പ്രശ്നമുൾപ്പെടെയുള്ള ഇപ്പോഴത്തെ പ്രതിസന്ധിയെ അതിജീവിക്കാൻ എൻബിഎഫ്സികളെ സഹായിക്കാൻ ആവശ്യമായ നയങ്ങൾ ഗവണ്‍മെന്‍റിന്‍റേയും റെഗുലേറ്റർമാരുടേയും ഭാഗത്തുനിന്നുണ്ടാകണം. ഇല്ലെങ്കിൽ എൻബിഎഫ്സി
രാജ്യത്തിന്‍റെ സന്പദ്ഘടനയിൽ എൻബിഎഫ്സിക്കും ഭവന വായ്പ കന്പനികൾക്കും വലിയ സ്ഥാനമാണുള്ളത്. മുൻകാലത്തെ അവയുടെ വളർച്ച അതു പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. ബാങ്ക് അല്ലാതെ തന്നെ ബാങ്കിംഗ് സൗകര്യങ്ങൾ എളുപ്പത്തിൽ നല്കുന്ന എൻബിഎഫ്സികൾ രാജ്യത്തിന്‍റെ വളർച്ചയ്ക്കായി നിലനിൽക്കേണ്ടത് ആവശ്യമാണ്. ഇപ്പോഴത്തെ പ്രതിസന്ധിയെ അതിജീവിച്ച് അതു നിലനിൽക്കുമെന്നു പ്രതീക്ഷിക്കാം. മുൻകാലങ്ങളിലും ഇവ പല പ്രതിസന്ധികളേയും അതിജീവിച്ചാണ് ഇന്ത്യൻ ധനകാര്യ സംവിധാനത്തിൽ തങ്ങളുടേതായ സ്ഥാനം നേടിയെടുത്തിട്ടുള്ളത്. എൻബിഎഫ്സികൾ അതു നിലനിർത്തുമെന്നു പ്രതീക്ഷിക്കാം.