പണമിടപാട് വേഗം നടത്താൻ നെഫ്റ്റ്, ആർടിജിഎസ്, ഐഎംപിഎസ്
ബാങ്കുകളിൽ നിന്നും ബാങ്കുകളിലേക്ക്, അക്കൗണ്ടിൽ നിന്നും അക്കൗണ്ടിലേക്ക് പണം കൈമാറാൻ നിരവധി പ്ലാറ്റ്ഫോമുകളുണ്ട് രാജ്യത്ത്. വേഗത്തിൽ, സുരക്ഷിതമായി പണം കൈമാറാൻ ഈ പ്ലാറ്റ്ഫോമുകളെ ഉപയോഗിക്കുന്നവരും നിരവധിയാണ്.

പണമയക്കാൻ ബാങ്കിനു മുന്നിൽ ക്യൂ നിൽക്കേണ്ട. പണമെത്താനായി ദിവസങ്ങളോളം കാത്തിരിക്കേണ്ട എന്നിങ്ങനെ നേട്ടങ്ങൾ നിരവധിയാണ്. ഇടപാടുകൾ എവിടെവെച്ചും എപ്പോഴും നടത്താം എന്നതാണ് മറ്റൊരു നേട്ടം.

രാജ്യത്തെ പൊതു-സ്വകാര്യ മേഖല ബാങ്കുകളും സ്വകാര്യ സ്ഥാപനങ്ങളും സർക്കാർ സ്ഥാപനങ്ങളും ഇടപാടുകൾക്കായി വിവിധ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. സമയ ലാഭം, പേപ്പർ വർക്കുകൾ കുറയ്ക്കാൻ സാധിക്കുന്നു എന്നിങ്ങനെ നിരവധി നേട്ടങ്ങൾ ഇടപാടുകാർക്കും സ്ഥാപനത്തിനും അതുപോലെ ഗുണഭോക്താവിനും ലഭിക്കും.

മൂന്നെണ്ണത്തെ അറിഞ്ഞിരിക്കാം

ഇന്ത്യയിൽ പണമിടപാടുകൾ നടത്താൻ ഡിജിറ്റൽ വാലറ്റുകൾ, യുപിഐ എന്നിങ്ങനെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ നിരവധിയെണ്ണമുണ്ട്.ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്നത് മൂന്ന് പ്ലാറ്റ്ഫോമുകളാണ്

1. നാഷണൽ ഇലക്ട്രോണിക് ഫണ്ട്സ് ട്രൻസ്ഫർ(നെഫ്റ്റ്)
2. റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്‍റ്(ആർടിജിഎസ്)
3. ഇമ്മീഡിയറ്റ് മൊബൈൽ പേമെന്‍റ്(ഐഎംപിഎസ്)

ഇതിൽ നെഫ്റ്റും ആർടിജിഎസും അവതരിപ്പിച്ചിട്ടുള്ളത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയാണ്. ഐഎംപിഎസിന്‍റെ പ്രായോജകർ നാഷണൽ പേമന്‍റ് കോർപറേഷനാണ്(എൻസിപിഐ).

1. നെഫ്റ്റ്
നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ എന്നതിന്‍റെ ചുരുക്കപ്പേരാണ് നെഫ്റ്റ്. ഒരു ബാങ്ക് അക്കൗണ്ടിൽ നിന്നും മറ്റൊരു അക്കൗണ്ടിലേക്ക് ഇന്‍റർനെറ്റ് ബാങ്കിംഗ് വഴി പണം അയയ്ക്കാനുള്ള പ്ലാറ്റ്ഫോമാണ് ഇത്.

രാജ്യത്തൊട്ടാകെ ഇതുപയോഗിച്ചു പണമിടപാട് നടത്താം. മണിക്കൂറുകൾക്കുള്ളിൽ പണം കൈമാറാനുള്ള മാർഗമാണിത്. പണം കൈമാറുന്നതിന് പരിധികളൊന്നും നിശ്ചയിച്ചിട്ടില്ല.
വ്യക്തികൾ, സ്ഥാപനങ്ങൾ, കോർപറേറ്റ് സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഏത് ബാങ്കിന്‍റെയും ഏത് ബ്രാഞ്ചിൽ നിന്നും ഇടപാടുകൾ നടത്താം. സ്വീകരിക്കുന്നവർക്കും നൽകുന്നവർക്കും ഒരേ ബാങ്കിൽ അക്കൗണ്ട് വേണമെന്നില്ല. നെഫ്റ്റ് സംവിധാനമുള്ള ഏതെങ്കിലും ബാങ്ക് മതി. ഇന്ത്യയിലെ ഒട്ടുമിക്ക ബാങ്കുകളും ഈ സേവനം ലഭ്യമാക്കുന്നുണ്ട്.

ആർക്കൊക്കെ നെഫ്റ്റ് പ്രയോജനപ്പെടുത്താം?

വ്യക്തികൾ, സ്ഥാപനങ്ങൾ, കോർപറേറ്റുകൾ എന്നിങ്ങനെ ബാങ്ക് അക്കൗണ്ടുള്ള ആർക്കും നെഫ്റ്റ് പ്രയോജനപ്പെടുത്താവുന്നതാണ്. ബാങ്ക് അക്കൗണ്ടില്ലാത്ത വ്യക്തികളാണെങ്കിൽ അടുത്തുള്ള ബാങ്ക് ശാഖയിലെ നെഫ്റ്റ് പ്രയോജനപ്പെടുത്താവുന്നതാണ്. അങ്ങനെ പണമയക്കുന്നവർ ബാങ്കിൽ അവരുടെ മുഴുവൻ വിവരങ്ങളും നൽകണം.

ഇടപാടുകളെക്കുറിച്ചുള്ള അറിയിപ്പ് ലഭിക്കുമോ?

ഇടപാട് നടന്നു കഴിയുന്പോൾ ബാങ്ക് എസ്എംഎസ് അല്ലെങ്കിൽ ഇമെയിൽ വഴി അറയിക്കും.

സർവീസ് ചാർജ്
നെഫ്റ്റ് വഴിയുള്ള പണമിടപാടിന് നിശ്ചിത തുക വീതം സർവീസ് ചാർജായി ബാങ്കുകൾ ഈടാക്കുന്നുണ്ട്. ഇതോടൊപ്പം 18 ശതമാനം ജിഎസ്ടിയും നൽകണം.
10000 രൂപ വരെ 2.50 രൂപ+ജിഎസ്ടി
10000-1 ലക്ഷം രൂപ 5 രൂപ +ജിഎസ്ടി
1-2 ലക്ഷം രൂപ 15 രൂപ +ജിഎസ്ടി
2 ലക്ഷം രൂപയ്ക്കു മുകളിൽ 25 രൂപ +ജിഎസ്ടി

തിങ്കൾ മുതൽ ശനി രാവിലെ 8 മണി മുതൽ വൈകിട്ട് 7 മണി വരെയുള്ള സമയത്ത് നെഫ്റ്റ് വഴി ഫണ്ട് കൈമാറാൻ കഴിയുകയുള്ളു. അവധി ദിവസങ്ങളിൽ നെഫ്റ്റ് വഴി പണം കൈമാറാൻ സാധിക്കുകയില്ല.

2. ആർടിജിഎസ്
റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്‍റ് എന്നതാണ് ആർടിജിഎസിന്‍റെ പൂർണ രൂപം. തുടർച്ചയായതും കൃത്യസമയത്ത് പൂർത്തിയാകുന്നതുമായ ഇടപാടുകൾക്കാണ് ആർടിജിഎസിനെ ആശ്രയിക്കാവുന്നത്.

ആർടിജിഎസിന്‍റെ നേട്ടങ്ങൾ
* വളരെ സുരക്ഷിതമായ പേമെന്‍റ് സംവിധാനമാണ്
* കൃത്യ സമയത്ത് ബെനഫിഷറിയുടെ അക്കൗണ്ടിലേക്ക് പണമയക്കാൻ സാധിക്കും
*ചെക്ക്, ഡിമാൻഡ് ഡ്രാഫ്റ്റ് എന്നിവയുടെ ആവശ്യമില്ല.

* ബാങ്കിന്‍റെ ശാഖ സന്ദർശിക്കേണ്ടതില്ല.
*പണം നഷ്ടപ്പെടുമോ മോഷ്ടിക്കപ്പെടുമോ എന്ന് ഭയക്കേണ്ട.
* ഇന്‍റർനെറ്റ് ബാങ്കിംഗ് ഉപയോഗിച്ച് ലോകത്തിൽ എവിടെവെച്ചും എപ്പോൾ വേണമെങ്കിലും ഇടപാട് നടത്താം
*ബാങ്ക് സന്ദർശിക്കുകയോ പേപ്പർ ഇടപാടുകൾ നടത്തുകയോ ചെയ്യേണ്ടതില്ല.
*ഇടപാടുകൾക്കുള്ള ചാർജ് നിശ്ചയിക്കുന്നത് ആർബിഐയാണ്.
*ഇടപാടുകൾക്ക് നിയമ പിന്തുണയുണ്ട്

നെഫ്റ്റിൽ നിന്നുള്ള വ്യത്യാസം

നെഫ്റ്റ് ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ സംവിധാനമാണ്. ഒരു നിശ്ചിത സമയത്തെ ഘട്ടം ഘട്ടമായുള്ള പ്രോസസിംഗിനുശേഷമേ പണം ഗുണഭേക്താവിന് ലഭിക്കു. എന്നാൽ ആർടിജിഎസിൽ തുടർച്ചയായ പ്രോസസിംഗാണ്. അതുകൊണ്ടു തന്നെ പെട്ടന്ന് പണം ലഭ്യമാകും.

പ്രവർത്തനസമയം
ആർടിജിഎസും 24 മണിക്കൂറും പ്രവർത്തിക്കില്ല. രാവിലെ എട്ടു മണിമുതൽ വൈകിട്ട് 4.30 വരെയെ ഇടപാടുകൾ നടത്താൻ സാധിക്കു. ബാങ്ക് പ്രവർത്തിക്കുന്ന ദിവസങ്ങളിലെ ഇതും പ്രവർത്തിക്കു.
എത്ര തുകയുടെ ഇടപാട് നടത്താം

വലിയ തുകയുടെ അതായത് രണ്ടു ലക്ഷം രൂപ മുതലുള്ള തുകയുടെ ഇടപാടുകൾക്കാണ് ആർടിജിഎസ് പ്രയോജനപ്പെടുത്തവുന്നത്. തുകയ്ക്ക് പരിധി നിശ്ചയിച്ചിട്ടില്ല.

സർവീസ് ചാർജ്
രണ്ടു ലക്ഷം രൂപ മുതൽ 5 ലക്ഷം രൂപ വരെ പണം ആർടിജിഎസ് വഴി കൈമാറുന്നതിന് 25 രൂപ വരെയാണ് ബാങ്കുകൾ ഈടാക്കുന്നത്. പുറമേ 18 ശതമാനം ജിഎസ്ടിയും നൽകണം.
അഞ്ചു ലക്ഷത്തിനു മുകളിലേക്കുള്ള പണ കൈമാറ്റത്തിന് 55 രൂപവരെ ഈടാക്കാം.

3. ഐഎംപിഎസ്
ഇന്ത്യയിലെ ബാങ്കിംഗ് സംവിധാനം പണമിടപാടുകൾക്കായി ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമാണ് ഐഎംപിഎസ്(ഇമ്മീഡിയറ്റ് പേമെന്‍റ് സർവീസ്).നാഷണൽ പേമെന്‍റ് കോർപറേഷൻ ഓഫ് ഇന്ത്യയാണ് ഇത് വികസിപ്പിച്ചെടുത്തിരിക്കുന്നത്.

സമയ- ദിവസ പരിധികളില്ലാതെ പണം കൈമാറാനുള്ള പ്ലാറ്റ്ഫോമാണിത്. ഇതുവഴി കൈമാറാവുന്ന പരമാവധി തുക രണ്ടു ലക്ഷം രൂപയാണ്. ഇന്‍റർനെറ്റ് ബാങ്കിംഗ് വഴിയാണ് ഇതും സാധ്യമാകുന്നത്.

24 മണിക്കൂറും ലഭ്യമാണ്
നെഫ്റ്റ്, ആർടിജിഎസ് എന്നിവ ബാങ്ക് പ്രവർത്തിക്കുന്പോൾ മാത്രമേ ലഭ്യമാകു. എന്നാൽ ഐഎംപിഎസ് 24 മണിക്കൂറും ലഭ്യമാകും.

സർവീസ് ചാർജ്
മറ്റു രണ്ട് പ്ലാറ്റ്ഫോമുകളെക്കാളും ഐഎംപിഎസിന് സർവീസ് ചാർജ് വളെരക്കുറവാണ്. ആയിരം രൂപ വരെയുള്ള ഇടപാടുകൾക്ക് ചാർജുകളൊന്നും നൽകേണ്ടതില്ല. ഇടപാടു തുക 1000 മുതൽ 10000 രൂപവരെയാണെങ്കിൽ ഒരു രൂപയാണ് ചാർജ്. ജിഎസ്ടിയും നൽകണം. 10000 മുതൽ ഒരു ലക്ഷം വരെയാണെങ്കിൽ രണ്ടു രൂപ. ഒരു ലക്ഷം മുതൽ രണ്ടു ലക്ഷം രൂപവരെയാണെങ്കിൽ മൂന്നു രൂപ.

വ്യത്യാസങ്ങൾ

* 365 ദിവസവും ലഭ്യം: സേവനം ലഭ്യമാകുന്ന സമയം വലിയൊരു ഘടകമാണ്. നെഫ്റ്റും ആർടിജിഎസും ബാങ്ക് പ്രവർത്തിക്കാത്ത ദിവസങ്ങളിലും സമയങ്ങളിലും ലഭ്യമാകില്ല. എന്നാൽ ഐഎംപിഎസ് 365 ദിവസവും ലഭ്യമാണ്.
* ഇടപാടു സമയം: നെഫ്റ്റ് വഴിയുള്ള ഇടപാടുകൾ പൂർത്തിയാകണമെങ്കിൽ അൽപ്പം സമയമെടുക്കും. എന്നാൽ ആർടിജിഎസും ഐഎംപിഎസും വഴി പണമയക്കുന്പോൾ തന്നെ ഉപഭോക്താവിന്‍റെ അക്കൗണ്ടിൽ അതു ക്രെഡിറ്റാകും.
* ഇടപാട് പരിധി: നെഫ്റ്റിനും ആർടിജിഎസിനും ഇടപാട് നടത്താവുന്ന തുകയ്ക്ക് പരിധിയില്ല. എന്നാൽ ആർടിജിഎസിൽ രണ്ടു ലക്ഷം രൂപ മുതലെ ഇടപാട് തുടങ്ങാൻ സാധിക്കു. ഐഎംപിഎസിൽ പരമാവധി രണ്ടു ലക്ഷം രൂപയെ ഇടപാട് നടത്താൻ സാധിക്കു.
* സർവീസ് ചാർജ്: ആർടിജിഎസിൽ നെഫ്റ്റിനെയും ഐഎംപിഎസിനെയും അപേക്ഷിച്ച് സർവീസ് ചാർജ് അൽപ്പം കൂടുതലാണ്.
* ഇടപാടിനുള്ള സമയം: നെഫ്റ്റ് രണ്ടു മണിക്കൂറെടുക്കും. ആർടിജിഎസ് ഐഎംപിഎസ് എന്നിവ അരമണിക്കൂറിനുളളിൽ ഇടപാട് പൂർത്തിയാക്കും.

നെഫ്റ്റ് വഴി സാധ്യമാകുന്ന ഇടാപാടുകൾ എന്തൊക്കെയാണ്?

വ്യക്തികൾ തമ്മിലോ അല്ലെങ്കിൽ സ്ഥാപനങ്ങളോ കോർപറേറ്റുകളോ നടത്തുന്ന പണമിടപാടുകൾക്കു പുറമേ ക്രെഡിറ്റ് കാർഡ് അടവുകൾ, വായ്പ അടവുകൾ, നിക്ഷേപങ്ങൾ തുടങ്ങിയവയ്ക്കെല്ലാം നെഫ്റ്റ് ഉപയോഗിക്കാം. പണം നൽകുന്നയാളുടെയും സ്വീകരിക്കുന്നയാളുടെയും ബാങ്ക് ഒന്നുതന്നെ അല്ലെങ്കിൽ അക്കൗണ്ട് നന്പർ, ഐഎഫ്എസ് സി വിവരങ്ങൾ എന്നിവ നൽകണം.