കാറിനൊപ്പം ഇനി ഇ-സ്കൂട്ടറും
Wednesday, August 28, 2019 3:42 PM IST
സിയൂൾ: ദക്ഷിണകൊറിയൻ വാഹനനിർമാതാക്കളായ ഹ്യുണ്ടായ് മോട്ടോർ ഗ്രൂപ്പ് പുതിയ പദ്ധതിയുമായി രംഗത്തെത്തി. കാറുകളുടെ ബോഡി പാനലുകളിൽ ഒളിപ്പിച്ചുവയ്ക്കുംവിധത്തിൽ ഇ-സ്കൂട്ടറുകളാണ് കന്പനി പുതുതായി അവതരിപ്പിക്കുക. ലിഥിയം അയോൺ ബാറ്ററി ഊർജമേകുന്ന മടക്കി സൂക്ഷിക്കാവുന്ന ഇ-സ്കൂട്ടറുകൾക്ക് 7.7 കിലോഗ്രാമാണ് ഭാര
തിരക്കേറിയ നഗരങ്ങളിൽ പാർക്കിംഗ് സൗകര്യം ലഭിക്കാതെ പോകേണ്ട സ്ഥലത്തുനിന്ന് ഒരുപാട് ദൂരെ വാഹനം പാർക്ക് ചെയ്യേണ്ടിവരുന്ന ഡ്രൈവർമാരെ ഉദ്ദേശിച്ചാണ് ഇത്തരത്തിലൊരു ഇ-സ്കൂട്ടർ വികസിപ്പിക്കാൻ കന്പനിയെ പ്രേരിപ്പിച്ചത്. മടക്കി സൂക്ഷിക്കാവുന്ന വിധത്തിൽ ക്രമീകരിച്ചിരിക്കുന്നതിനാൽ ബുദ്ധിമുട്ടും ഉണ്ടാവില്ല.
ഹ്യുണ്ടായിയുടെയും കിയയുടെയും ചില മോഡലുകളിൽ വൈകാതെ ഇ-സ്കൂട്ടറുകളും സ്ഥാനംപിടിക്കും. 10.5എഎച്ച് ലിഥിയം അയോൺ ബാറ്ററിയുള്ള ഇ-സ്കൂട്ടറിൽ 20 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ കഴിയും. പരമാവധി വേഗം മണിക്കൂറിൽ 20 കിലോമീറ്ററാണ്.
വാഹനത്തിൽ നിർദിഷ്ട സ്ഥലത്ത് ഇ-സ്കൂട്ടർ വച്ചുകഴിഞ്ഞാൽ ഡ്രൈവ് ചെയ്യുന്നതിനിടെ ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതി ഉപയോഗിച്ച് ഇ-സ്കൂട്ടർ ചാർജ് ആകും എന്ന പ്രത്യേകതയുമുണ്ടെന്ന് ഹ്യുണ്ടായ് മോട്ടോർ ഗ്രൂപ്പ് റോബോട്ടിക്സ് ടീം മേധാവി ഡോംഗ്ജിൻ ഹ്യുൻ പറഞ്ഞു. മാത്രമല്ല രണ്ടു ചെറിയ ചക്രങ്ങളുള്ള ഇ-സ്കൂട്ടറിന് മുന്നിൽ സസ്പെൻഷനും നല്കിയിട്ടുണ്ട്. പരുപരുത്ത പാതകളിൽ സുഗമമായ യാത്ര ഉറപ്പുവരുത്താൻ ഈ സംവിധാനം സഹായിക്കും.
ഇ-സ്കൂട്ടറിൽ നല്കിയിരിക്കുന്ന ഡിജിറ്റൽ ഡിസ്പ്ലേയിലൂടെ ബാറ്ററി ചാർജ്, വേഗം എന്നിവ അറിയാം. രാത്രിയിൽ യാത്രചെയ്യാനായി മുന്നിൽ എൽഇഡി ലൈറ്റുകളും പിന്നിൽ രണ്ട് ടെയിൽ ലാന്പുകളുമുണ്ട്.