പെട്രോൾ, ഡീസൽ വാഹനങ്ങൾ നിരോധിക്കില്ല: നിതിൻ ഗഡ്കരി
Saturday, September 7, 2019 3:51 PM IST
മുംബൈ: പെട്രോൾ, ഡീസൽ വാഹനങ്ങളുടെ ഉപയോഗത്തിനു വിലക്കേർപ്പെടുത്തില്ലെന്നും അവയുടെ ഉത്പാദനം നിരോധിക്കില്ലെന്നും കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. പെട്രോൾ, ഡീസൽ വാഹനങ്ങൾക്കു സമീപഭാവിയിൽ കേന്ദ്രസർക്കാർ വിലക്കേർപ്പെടുത്തുമെന്നുള്ള പ്രചാരണം വ്യാപകമായ സാഹചര്യത്തിലാണ് കേന്ദ്രമന്ത്രി നിലപാടറിയിച്ചത്.
“മലിനീകരണ തോത് കുറയ്ക്കാനുള്ള ക്രമീകരണം ഉൾപ്പെടുത്തുന്പോൾ ഉത്പാദനച്ചെലവ് വളരെയധികം കൂടുന്നതായി വാഹന നിർമാതാക്കൾ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ജിഎസ്ടിയിൽ ഇളവ് ഏർപ്പെടുത്തിയാൽ നിർമാണച്ചെലവ് കുറയ്ക്കാനാകുമെന്നാണ് ഇവരുടെ വാദം. ഇക്കാര്യം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെ അറിയിച്ചിട്ടുണ്ട്. കേന്ദ്രസർക്കാർ ഈ വിഷയം അനുഭാവപൂർവം പരിഗണിക്കും.
അതേസമയം, വർധിച്ചുവരുന്ന മലിനീകരണം, ക്രൂഡ് ഓയിൽ ഇറക്കുമതിച്ചെലവ്, വർധിച്ചുവരുന്ന വാഹനാപകടങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾ സർക്കാരിനു കണ്ടില്ലെന്നു നടിക്കാനാവില്ല. ഇവ പരിഹരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.
രാജ്യത്തെ ക്രൂഡ് ഓയിൽ ഇറക്കുമതി ഏഴു ലക്ഷം കോടി പിന്നിട്ടിരിക്കുന്നു. ഗതാഗത സുരക്ഷ വർധിപ്പിക്കുന്നതു ലക്ഷ്യമിട്ടാണ് മോട്ടോർ വാഹന നിയമം ഭേദഗതി ചെയ്തത് .
വാഹനനിർമാണ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കൂടുതൽ പദ്ധതികൾ സർക്കാർ പ്രഖ്യാപിക്കും. - ഗഡ്ഗരി പറഞ്ഞു.