പുതിയ ഉത്തേജന പദ്ധതി വ്യവസായീ പ്രീണനത്തിന്
പുതിയ ഉത്തേജന പദ്ധതി വ്യവസായീ പ്രീണനത്തിന്
Wednesday, October 23, 2019 3:43 PM IST
‌റ്റി.സി. മാത്യു

മൂലധനദായനികുതി (ക്യാപ്പിറ്റൽ ഗെയൻസ് ടാക്സ് ) വർധിപ്പിക്കുന്ന പ്രഖ്യാപനം രണ്ടു വർഷം മുന്പ് അന്നത്തെ ധനമന്ത്രി അരുണ്‍ ജയ്റ്റ് ലി നടത്തിയപ്പോൾ അതിനെ ന്യായീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തുവന്നു. ഓഹരിവിപണിയിൽനിന്നു ലാഭമുണ്ടാക്കണമെന്നും അതു മറ്റുള്ളവരുമായി പങ്കുവയ്ക്കണം എന്നുമാണ് മോദി പറഞ്ഞത്. അഞ്ചു ദശാബ്ദം മുന്പ് ഇന്ദിരാ ഗാന്ധി സോഷ്യലിസ്റ്റ് നയങ്ങൾ നടപ്പാക്കാൻ പറഞ്ഞ അതേ ന്യായം.

ധനമന്ത്രി നിർമല സീതാരാമൻ തന്‍റെ കന്നി ബജറ്റിനെക്കാൾ വലിയ മിനി ബജറ്റുകൾ ’ പല വെള്ളിയാഴ്ച’കളിലും അവതരിപ്പിച്ചുപോരുന്പോൾ മോദിഭരണം മുഖച്ഛായ മാറ്റുകയായിരുന്നു. 2014ൽ ഭരണമേറ്റപ്പോൾ മുതൽ ഒട്ടേറെ കാര്യങ്ങളിൽ ഒരുതരം സോഷ്യലിസ്റ്റ് മേലങ്കി അദ്ദേഹം അണിഞ്ഞിരുന്നു. കന്പനികളും നിക്ഷേപകരും മോദിയിൽനിന്നു പ്രതീക്ഷിച്ച നികുതിയിളവുകൾ കിട്ടാതെ വിഷമിച്ചു. മോദിയാവട്ടെ ഉജ്വൽ യോജന അടക്കം ദരിദ്ര വിഭാഗങ്ങളെ മുന്നിൽ കണ്ടുള്ള പദ്ധതികൾക്കാണു മുൻഗണന നൽകിയത്.

നയം തിരുത്തി

രാഷ്ട്രീയമായി നേട്ടം നല്കിയ ആ നയം ഇപ്പോൾ തിരുത്തിയിരിക്കുന്നു. കന്പനികൾക്കുള്ള നികുതി 30ൽനിന്ന് 25 ശതമാനം ആക്കുമെന്നാണ് 2014ൽ ജെയ്്റ്റി ലി വാഗ്ദാനം ചെയ്തത്. അഞ്ചു വർഷംകൊണ്ട് അതു ചെയ്യുമെന്നായിരുന്നു വാഗ്ദാനം. പക്ഷേ, ആദ്യവർഷം കഴിഞ്ഞപ്പോൾ അത് സൗകര്യപൂർവം മറന്നു.

സാന്പത്തികവളർച്ചാത്തോതു കുറഞ്ഞുവന്നപ്പോൾ ഏറ്റവും വലിയ നികുതി ഇളവായ കന്പനി നികുതി കുറയ്ക്കാൻ ജയ്റ്റ് ലി പഠിച്ചു. മാത്രമല്ല, കന്പനികളെ സഹായിച്ചാൽ മുതലാളിത്ത പ്രീണനമെന്ന പഴി കേൾക്കുമെന്ന പേടിയും തുടർന്നു. നിർമല സീതാരാമൻ വന്നിട്ടും ആ ഭയം മാറിയില്ല.

തിരിച്ചോട്ടം

പക്ഷേ, അവിടെനിന്നു സർക്കാർ ഇപ്പോൾ ഓടിമാറുന്നു. എന്തുകൊണ്ട്. സാന്പത്തിക വളർച്ചാത്തോത് ഞെട്ടിക്കുന്ന വിധം താഴ്ന്നതുകൊണ്ടുമാത്രം. ഏപ്രിൽ, ജൂണിൽ ജിഡിപി വളർച്ച വെറും അഞ്ചു ശതമാനം മാത്രം.

(ഈ കണക്കുതന്നെ കൃത്രിമമാണെന്നു കാര്യവിവരമുള്ള നിരവധി ധനശാസ്ത്രജ്ഞർ പറയുന്നു. സർക്കാരിന്‍റെ മിക്ക കണക്കുകളും കൃത്രിമമാണെന്ന് അവർ വിശ്വസിക്കുന്നു. മോദി ഭരണത്തിലെ മുൻ സാന്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം പോലും സർക്കാർ കണക്കുകളെ പുച്ഛിക്കുന്നു. അവരുടെയൊക്കെ കാഴ്ചപ്പാടിൽ 3-3.5 ശതമാനം തോതിലാണ് വളർച്ച. 1960കളിലും 70 കളിലും ഉണ്ടായിരുന്ന നിരക്ക്.)

വളർച്ച ഇങ്ങനെയായാൽ പോരാ. അതു കൂട്ടിയാലേ ഭാവിയുള്ളൂ. അതിനായി വ്യവസായ നിക്ഷേപം പ്രോത്സാഹിപ്പിക്കണം. അതിനു കന്പനികളുടെ ലാഭത്തിലുള്ള നികുതിയും ഓഹരി നിക്ഷേപത്തിന്‍റെ ആദായത്തിനുള്ള നികുതിയും കുറച്ചു. അതാണ് നിർമല സീതാരാമൻ സെപ്റ്റംബർ 20 വെള്ളിയാഴ്ച പ്രഖ്യാപിച്ചത്.

ഇതാണോ വഴി

കന്പനികളുടെ നികുതി ഭാരം സെസും സർചാർജുമടക്കം 34 ശതമാനത്തിൽനിന്ന് നിലവിലുള്ളവയ്ക്ക് 25.17 ശതമാനവും പുതിയവയ്ക്ക് 17.01 ശതമാനവും ആക്കുന്നതാണ് നിർമലയുടെ പ്രഖ്യാപനങ്ങൾ. മിനിമം ഓൾട്ടർനേറ്റ് ടാക്സ് 18.5ൽനിന്ന് 15 ശതമാനമായി താഴും. നിർമലയുടെ ഈ പ്രഖ്യാപനം1.45 ലക്ഷം കോടി രൂപയുടെ നികുതിവരുമാനം നഷ്ടപ്പെടുത്തുന്നതാണ്. ഇതുവഴി ബജറ്റിലെ ധനകമ്മി കൂടുമെന്നു തീർച്ച.
ഓഹരിവിപണിയിൽ പ്രവർത്തിക്കുന്നവർ അത്യാവേശത്തിലായി. ഒരു ദശകത്തിനൊടുവിലെ ഏറ്റവും വലിയ ഏകദിന വളർച്ചയാണ് ഓഹരി കന്പോളം നേടിയത്. തുടർന്നു വന്ന തിങ്കളാഴ്ചയും വിപണി അതേപോലെ തന്നെ കുതിച്ചു. രണ്ടു ദിവസംകൊണ്ട് മൂവായിരത്തിലധികം പോയിന്‍റാണ് സെൻസെക്സ് നേടിയത്.

പക്ഷേ, ഓഹരി കന്പോളം സാന്പത്തിക മേഖലയുടെ ശരിയായ വിധിയാളനാണെന്ന് ആരും കരുതുന്നില്ല. അവിടെ ഓഹരിനിക്ഷേപത്തിലെ ലാഭത്തിലാണ് കണ്ണ്. ജിഡിപി വളർച്ച കൂട്ടുന്നതുകൊണ്ടു തങ്ങളുടെ ലാഭം കൂടണമെന്നേ അവർക്കുള്ളൂ.

നിർമല സീതാരാമന്‍റെപ്രഖ്യാപനത്തിൻറെ ഫലം എന്ത്?
കൂടുതൽ പേർ പുതിയ വ്യവസായങ്ങൾ തുടങ്ങുമെന്നാണ് ഗവണ്‍മെൻറ് കണക്കുകൂട്ടുന്നത്. അല്ലെങ്കിൽ ആഗ്രഹിക്കുന്നത്.

പുതിയ യൂണിറ്റ് തുടങ്ങിയാൽ നികുതി കുറച്ചു മതി എന്നതുകൊണ്ട് ഉടനെ വ്യവസായം തുടങ്ങുമോ?

ഇപ്പോൾതന്നെ പുതിയ യൂണിറ്റുകൾക്ക് ഒട്ടേറെ ഇളവുകളുണ്ട്. പിന്നോക്ക സംസ്ഥാനങ്ങളിൽ ഉള്ള ഇളവുകൾ ആരെയും മോഹിപ്പിക്കുന്നതാണ്.

ഗവണ്‍മെന്‍റ് വിവിധ പേരുകളിൽ നല്കുന്ന നികുതി ഒഴിവുകളും കിഴിവുകളും പ്രതിവർഷം ഒരു ലക്ഷം കോടിയിലധികം രൂപയുടേതാണ്. ബജറ്റിലെ രേഖകളിൽതന്നെ ഇതു വിശദീകരിച്ചിട്ടുണ്ട്. 2019 -20ലേക്ക് 1,08,785 കോടി രൂപ ഇപ്രകാരം ഉപേക്ഷിച്ചിട്ടുണ്ട്. അവയ്ക്കില്ലാത്ത ഫലം 1.45 ലക്ഷം കോടി രൂപയ്ക്ക് ഉണ്ടാകുമെന്നു പ്രതീക്ഷിക്കേണ്ടതുണ്ടോ?


വേണ്ടത് പണമിറക്കൽ

ധനമന്ത്രി ഒരു കാര്യം ഉറപ്പാക്കി. വ്യവസായികൾക്കും ഓഹരിനിക്ഷേപകർക്കും സർക്കാരിനെ കുറ്റം പറയാനുള്ള പഴുത് ഇല്ലാതാക്കി. അവർ പറഞ്ഞതു പോലെ സിംഗപ്പൂരിലെ നിരക്കിലാക്കി കന്പനി നികുതി.

പക്ഷേ, സാന്പത്തികവളർച്ച കൂട്ടാൻ വേണ്ടതു മൂലധന നിക്ഷേപമാണ്. അതു തുടങ്ങാൻ നികുതിയിളവിനു പ്രതീക്ഷ പോരാ. ലാഭം ഉണ്ടാകുമെന്ന ഉറപ്പ് വേണം. അതിനു വേണ്ടത്, കന്പോളത്തിൽ ആവശ്യം വർധിക്കലാണ്. അതിനു തുടക്കമിടേണ്ടതു സർക്കാരാണ്. സർക്കാർ ആദ്യം മൂലധനം ഇറക്കണം.

റോഡിനും പാലത്തിനും തുറമുഖത്തിനുമൊക്കെ സർക്കാർ പണം മുടക്കണം. അപ്പോൾ സിമൻറിനും കന്പിക്കും ആവശ്യം കൂടും. പണികൾ ഉണ്ടാകും പണിക്കാർക്കും കന്പനികൾക്കും പണം കിട്ടും. അത്തരം നടപടിയല്ല നിർമല പ്രഖ്യാപിച്ചത്.

ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള നടപടികൾ ദീർഘകാല അടിസ്ഥാനത്തിൽ നല്ലവയാണ്, നികുതി താണുനിൽക്കുന്നു എന്നതുകൊണ്ട്. പക്ഷേ, അടിയന്തരമായി വേണ്ട മൂലധന നിക്ഷേപം ഇതുവഴിയുണ്ടാകുന്നില്ല.

സർക്കാരിന്‍റെ അണിയറയിൽ ആരോ ചിന്തിക്കുന്നതു വ്യവസായികളെ പ്രീണിപ്പിച്ചാൽ വളർച്ച ഉണ്ടാകുമെന്നാണ്. പല കാലത്തും അബദ്ധ വിശ്വാസങ്ങൾ സർക്കാരുകളെ നയിച്ചിട്ടുണ്ട്. ഇത്തവണത്തേത് അങ്ങനെ ആകാതിരിക്കട്ടെ എന്ന് ആശംസിക്കാം.

നികുതിനഷ്ടം വലയ്ക്കുന്നത് സംസ്ഥാനങ്ങളെ

2002ൽ വാജ്പേയി മന്ത്രിസഭയിലെ ധനമന്ത്രി യശ്വന്ത് സിൻഹ അവതരിപ്പിച്ച ബജറ്റിനെ റോൾ ബാക്ക് ബജറ്റ് എന്നാണ് പലരും വിശേഷിപ്പിച്ചത്. പാർലമെൻറ് ബജറ്റ് പാസാക്കും മുന്പേ അതിലെ മിക്ക നിർദേശങ്ങളും സിൻഹയ്ക്കു പിൻവലിക്കേണ്ടിവന്നു.

നിർമല സീതാരാമന് ബജറ്റ് പാസാക്കുംമുന്പ് ഒന്നും പിൻവലിക്കേണ്ടിവന്നില്ല. പക്ഷേ, പിന്നീടിങ്ങോട്ട് ബജറ്റ് മാറ്റിയെഴുതുന്ന തരം പ്രഖ്യാപനങ്ങളാണ് നടത്തേണ്ടിവന്നത്. ബജറ്റിൽ കൊണ്ടുവന്ന നികുതി സർചാർജ് ഇപ്പോൾ ആർക്കെങ്കിലും ബാധകമാണോ എന്ന് മന്ത്രിക്കുപോലും അറിയില്ല.

കന്പനി നികുതി കുറയ്ക്കാൻ പറ്റാത്തതിനെപ്പറ്റി നിർമല സീതാരാമൻ പലവട്ടം പാർലമെൻറിൽ വിശദീകരിച്ചു. ഇപ്പോൾ പാർലമെൻറിന് പുറത്ത് 1.45 ലക്ഷം കോടിയുടെ നികുതിയിളവ് പ്രഖ്യാപിച്ചപ്പോൾ പഴയ വിശദീകരണം നിർമല ഓർത്തില്ല.

ബജറ്റിൻറെ അലകും പിടിയും മാറ്റിയ നാല് ഉത്തേജക പ്രഖ്യാപനങ്ങളാണ് നിർമല ഇതുവരെ നടത്തിയത്. അതിന് ധനമന്ത്രിയെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. തന്േ‍റതല്ലാത്ത കാരണത്താൽ മോശപ്പെട്ട ഒരു സന്പദ്ഘടനയാണ് നിർമലയുടെ കൈയിൽ വന്നുപെട്ടത്.

കറൻസി റദ്ദാക്കൽ, ഒരുക്കമില്ലാത്തതും അശാസ്ത്രീയവുമായ ജിഎസ്ടി നടപ്പാക്കൽ, അമിതമായ അഴിമതി പ്രചാരണവും കേസുകളും വഴി നിക്ഷേപകരെ ആട്ടിയോടിക്കൽ തുടങ്ങിവയ്ക്കൊന്നും നിർമല ഉത്തരവാദിയല്ലല്ലോ. പക്ഷേ, അതിന്‍റെയൊക്കെ ഫലമായി താഴോട്ടുപോയ സാന്പത്തികവളർച്ചയുടെ പേരുദോഷം നിർമല ചുമക്കുന്നു.

ഡൽഹിയിലെ ജഐൻയുവിൽ ധനശാസ്ത്രം പഠിച്ച നിർമല അന്നു പഠിച്ചതല്ല ഇന്നു നടപ്പാക്കുന്നത്. സർക്കാർ കൂടുതൽ മുതൽമുടക്കി സാന്പത്തിക ഉത്തേജനം നല്കണമെന്നു ചിന്തിക്കുന്ന കെനീഷ്യൻ ചിന്താഗതിക്കാരാണ് ജഐൻയുവിൽ പഠിപ്പിച്ചത്. പക്ഷേ, ഇപ്പോൾ അതല്ല, റോണൾഡ് റെയ്ഗനും മാർഗരറ്റ് താച്ചറും തെളിച്ച വഴിയിലാണ് നിർമലയുടെ ഉത്തേജന പ്രഖ്യാപനങ്ങൾ. ജഐൻയുവിലെ ഡോക്ടറേറ്റ് ഗവേഷണം പൂർത്തിയാക്കാത്ത ധനമന്ത്രി ബജറ്റിലെ കണക്കുകളെല്ലാം തെറ്റിക്കുന്ന കാര്യങ്ങളാണ് കഴിഞ്ഞ കുറേ ആഴ്ചകളായി പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നത്. ജിഡിപിയുടെ 3.3 ശതമാനത്തിൽ കമ്മി നിർത്തുമെന്ന പ്രഖ്യാപനവും ഇതോടെ പാഴ്വാക്കാകും. നാലു ശതമാനത്തിനു മുകളിലാകും 2019- 20ൽ കമ്മി. അതു റേറ്റിംഗ് താഴാനിടയാക്കിയേക്കും.

ഇത്രനാളും റേറ്റിംഗുകാരെ ഭയന്നിരുന്ന സർക്കാർ മറ്റു മാർഗമില്ലാതെയാണു കമ്മി കൂട്ടുന്ന നടപടിക്കു തുനിയുന്നത്. ഇതിലെ വലിയ നഷ്ടം സംസ്ഥാനങ്ങൾക്കാണ്. കേന്ദ്രത്തിനു കിട്ടുന്ന നികുതിയുടെ 40 ശതമാനം സംസ്ഥാനങ്ങൾക്കുള്ളതാണ്. 1.45 ലക്ഷം കോടിയുടെ നികുതി കുറഞ്ഞാൽ സംസ്ഥാനങ്ങൾക്കുള്ള നഷ്ടം 58,000 കോടി രൂപ വരും.

കേരളമടക്കം പലസംസ്ഥാനങ്ങളുടെയും കണക്കുകൾ തകിടം മറിയും. ജിഎസ്ടിയിലെ കുറവുമൂലം നട്ടംതിരിയുന്ന സംസ്ഥാനങ്ങൾ ഇത് എങ്ങനെ മറികടക്കുമെന്നു കണ്ടറിയേണ്ടിയിരിക്കുന്നു.