നല്ല കടമെടുക്കാൻ നല്ല സമയം
ജോയി ഫിലിപ്പ്

ഏറ്റവും പുതിയ കണക്കുകളനുസരിച്ച് ഇന്ത്യയിലെ ആളോഹരി കടം 2018-ൽ 1402 ഡോളറാണ്. അതായത് ഇപ്പോഴത്ത വിനിമയ നിരക്കിൽ 99542 രൂപ. 2017-ലിത് 1384 ഡോളറായിരുന്നു. ഗവണ്‍മെന്‍റും സ്ഥാപനങ്ങളും പൗരന്മാരുമെല്ലാം കടം വാങ്ങിയാണ് മുന്നോട്ടു പോകുന്നത്. ഗവണ്‍മെന്‍റ് ഈ വർഷം വാങ്ങുന്ന കടം 7 ലക്ഷം കോടി രൂപയ്ക്കു മുകളിലാണ്.
പലിശയടയ്ക്കാനും ദൈനംദിന ആവശ്യങ്ങൾക്കുംവരെ ഗവണ്‍മെന്‍റ് കടമെടുക്കുന്നുണ്ട്. അതു തുടർന്നുപോരുകയും ഓരോ വർഷവും കടം വർധിപ്പിക്കുകയും ചെയ്തുപോരുന്നു. സാന്പത്തിക ബാധ്യതകൾ നിറവേറ്റാൻ ഐഎംഎഫിൽ സ്വർണം പണയം വയ്ക്കേണ്ട സ്ഥിതിയിൽ വരെ നമ്മുടെ രാജ്യം എത്തിയിട്ടുണ്ട്.

അപ്പോൾ വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും കാര്യം പറയേണ്ടതില്ലല്ലോ. കടമെടുക്കാതെ, കടമില്ലാതെ മുന്നോട്ടു പോകാൻ സാധിക്കുകയില്ലാത്ത സ്ഥിതയാണ്.
കടം എന്ന യാഥാർത്ഥ്യം ഇരുതലവാളുപോലെ. സൂക്ഷിച്ച് ഉപയോഗിച്ചാൽ ഏറ്റവും ഉപകാരിയാണ്. അലംഭാവത്തോടെ കൈകാര്യം ചെയ്താൽ അതു നമ്മെ കെണിയിലാക്കൂം. കടക്കെണിയിൽപ്പെട്ട് ജീവൻ നഷ്ടപ്പെടുത്തിയവർ ധാരാളമുണ്ട്. ഇതേ കടമുപയോഗിച്ച സന്പന്നരായവരും ധനസ്ഥിതി മെച്ചപ്പെട്ടവരും ധാരാളമാണ്.

അതായത് കടം തന്നെ രണ്ടു വിധത്തിലുണ്ട്. നല്ല കടവും ചീത്തക്കടവും. ഇവ തമ്മിലുള്ള വ്യത്യാസം മനസിലാക്കിയാൽ ഏതു കടത്തേയും നമുക്കു വരുതിയിൽ നിർത്താനും കടത്തെ നമ്മുടെ ഉന്നമനത്തിനായി ഉപയോഗിക്കാനും സാധിക്കും.

ഒരു കടവും നല്ലതല്ല കടം കടമാണ്. കടം ശത്രുവാണ്

നല്ലകടം, ചീത്തക്കടം എന്നിങ്ങനെ പറയുമെങ്കിലും ആത്യന്തികമായി ഒരു കടവും നല്ലതല്ല. അത് ഒരാളുടെ സന്പത്തിന്‍റെ ശേഷിയെ കുറയ്ക്കുന്നു. ഇതു വസ്തുതയാണ് .
എങ്കിലുപ്പോലും നല്ല കടവും ചീത്തക്കടവും നിലനിൽക്കുന്നു. എല്ലാ കടവും നമുക്ക് ചെലവു വരുത്തുന്നവയാണ്. ആ ചെലവിനേക്കാൾ കൂടുതൽ മൂല്യം കടമുപയോഗിച്ച് ഉണ്ടാക്കാകൻ കഴിയുന്പോൾ ആ കടം നല്ല കടമാകുന്നു.

ചിലപ്പോൾ നല്ല കടംപോലും അധികമാകുന്പോൾ അതു ചീത്തക്കടമാകുന്നു. കാരണം എതു കടവും നമ്മുടെ ചെലവു കൂട്ടുന്നു. അതു നമ്മുടെ സന്പാദ്യത്തിന്‍റെ അളവും കുറയ്ക്കുന്നു. സാന്പത്തികമായി അടിയന്തര സാഹചര്യത്തെ നേരിടാനുള്ള കഴിവിനെ കുറയ്ക്കുന്നു. അതിലുമുപരിയായ കടം മാനസിക പിരിമുറുക്കം വർധിപ്പിക്കുന്നു.

കടത്തിന്‍റെ കെണികളിൽപ്പെടാതിരിക്കുവാനുള്ള ഏറ്റവും നല്ല മാർഗം കടമെടുക്കാതിരിക്കുകയെന്നതാണ്. നിർഭാഗ്യവശാൽ അതിനുശേഷിയില്ലാത്തവരാണ് സമൂഹത്തിലെ 99 ശതമാനം ആളുകളും. അതുകൊണ്ടുതന്നെ അവരുടെ ആഗ്രഹങ്ങൾ കടങ്ങളിലൂടെ പൂർത്തിയാക്കുന്നു.

ബഹുഭൂരിപക്ഷം ആളുകൾക്കും വായ്പ എടുക്കാതെ ജീവിതത്തിലെ പല ധനകാര്യ ലക്ഷ്യങ്ങളും വാങ്ങലുകളും( ഒരു വീട്, കാർ, കോളജ് വിദ്യാഭ്യാസം തുടങ്ങിയവ) നേടുവാൻ സാധിക്കുകയില്ല എന്നതാണ് വസ്തുത. പ്രത്യേകിച്ചു ഹ്രസ്വകാലത്തിലെ ലക്ഷ്യങ്ങൾ. ഇതിനായി ഭാവി വരുമാനം ഈടു വയ്ക്കുന്നു. അതായത് ഭാവിയിലെ നേടാൻ ഉദ്ദേശിക്കുന്ന ലക്ഷ്യങ്ങൾ ഇന്നേ കടമെടുത്തു സഫലീകരിക്കുന്നു. പിന്നീട് വരുമാനത്തിൽനിന്ന് ആ കടം തിരിച്ചു നൽകുന്നു.

നേരത്തെ സൂചിപ്പിച്ചതുപോലെ കടത്തെ തിരിച്ചറിയുകയെന്നതാണ് ആദ്യത്തെ കാര്യം. നല്ല കടം മാത്രമെടുക്കുവാൻ ശ്രമിക്കുക. ചീത്തക്കടമെടുത്തു നേടുവാൻ ഉദ്ദേശിക്കുന്നവ സന്പാദ്യത്തിലൂടെ നേടുവാൻ തന്നെ തീരുമാനിക്കുക.

നമ്മുടെ ധനകാര്യ ലക്ഷ്യങ്ങൾ നേടുവാൻ ഇപ്പോൾ നമ്മുടെ കൈവശമുള്ള ആസ്തികളും സന്പാദ്യങ്ങളും പോരാതെ വരാം. ഭാവിയിൽ നാം സൃഷ്ടിക്കുവാൻ പോകുന്നവയും കൂടി കണക്കിലെടുത്തായിരിക്കും നമ്മുടെ ധനകാര്യ ലക്ഷ്യങ്ങൾ നിശ്ചയിക്കുക. അവ നേടുവാൻ ഇപ്പോൾ കൈവശമുള്ള ആസ്തികൾ പോരെങ്കിൽ ഭാവിയിൽ നാം നേടുമെന്നു കരുതുന്ന വരുമാനത്തെ ആശ്രയിക്കുകയേ വഴിയുള്ളു. ഭാവിയിലെ വരുമാനം വായ്പ വഴി ഇന്നു ലഭ്യമാക്കുന്നു.

ഭാവി വരുമാനത്തെക്കുറിച്ച് അത്രയ്ക്കുറപ്പുണ്ടെങ്കിൽ മാത്രമേ ഇന്നത്തെ ധനകാര്യ ലക്ഷ്യത്തിനായി കടമെടുക്കാവൂ.

നല്ല കടവും ചീത്തക്കടവും

ഭാവിയിൽ മൂലധന വളർച്ച പ്രതീക്ഷിക്കാവുന്ന ആസ്തികൾക്കുവേണ്ടി എടുക്കന്ന കടത്തെ നല്ല കട’മെന്നു നമുക്കു വിളിക്കാം.

വർഷങ്ങൾ കഴിഞ്ഞാലും നേടാൻ കഴിയാത്ത ജീവിതശൈലി ഇന്നേ ആസ്വദിക്കുവാൻ നല്ല കടങ്ങൾ നമ്മെ സഹായിക്കുന്നു. ഉദാഹരണത്തിന് ഭവന വായ്പ, അല്ലെങ്കിൽ വിദ്യാഭ്യാസ വായ്പ, അല്ലെങ്കിൽ ബിസിനസ് വായ്പ ഇവയെല്ലാം നല്ല കടമായി മാറുന്നു.
ഉദാഹരണത്തിന്, ഭവന വായ്പ. കടമെടുക്കാതെ വീടു വയ്ക്കുവാൻ തീരുമാനിച്ചാൽ അതിനുള്ള തുക സ്വരൂപിക്കവർഷങ്ങൾ വേണ്ടി വന്നേക്കാം. അതുവരെ വാടക വീട്ടിൽ താമസിക്കണം. അപ്പോൾ കടമെടുത്ത് ഇപ്പോൾ വീടു വയ്ക്കുന്നു. വർഷങ്ങൾ കഴിഞ്ഞ്, വീടെന്ന സന്തോഷം ഇപ്പോൾ അനുഭവിക്കുന്നു. വാടകക്കാശ് വായ്പയുടെ ഗഡുവായി അടയ്ക്കുന്നു. മാത്രവുമല്ല നികുതി ലാഭത്തിനും ഇതുപകരിക്കുന്നു.

ഇത്തരം വായ്പകൾ ദീർഘകാല സ്വഭാവത്തിലുള്ളതായതിനാൽ അടയ്ക്കേണ്ട പ്രതിമാസ ഗഡു കുറവായിരിക്കും. അതുകൊണ്ട് സാന്പത്തിക ഞെരുക്കം ഇതുണ്ടാക്കുന്നില്ല.
പക്ഷേ, നല്ല കടം എടുക്കുന്നിതിനു പിന്നാലെ സൂക്ഷ്മമായ പഠനവും നല്ല ജാഗ്രതയും ഉണ്ടാവേണ്ടതുണ്ട്. എടുക്കുന്ന കടം ഉചിതമായി ഉപയോഗിച്ചാൽ അതു വലിയൊരളവുവരെ സന്പത്തു സൃഷ്ടിക്കുവാൻ സഹായിക്കും. എടുക്കുന്ന ഓരോ കടവും തന്നെ എങ്ങനെ പ്രതികൂലമായി ബാധിക്കുന്നു അല്ലെങ്കിൽ തനിക്ക് അത് എന്ത് ഗുണം നൽകുന്നുവെന്നു മനസിലാക്കുന്നത് ഏറ്റവും പ്രധാനപ്പെട്ടതാണ്.


പലിശ നിരക്ക്, ചാർജുകൾ, പിഴകൾ, ഈ കടം എങ്ങനെ നിശ്ചിത കാലയളവിൽ അടച്ചു തീർക്കാം എന്നിങ്ങനെയുള്ള കാര്യങ്ങളിൽ വ്യക്തമായ അറിവുണ്ടായിരിക്കുന്നത് നല്ല കടത്തിന്‍റെ മാറ്റ് വർധിപ്പിക്കുന്നു. നല്ല കാര്യത്തിനായതുകൊണ്ടുമാത്രം എടുത്താൽ പൊങ്ങാത്ത കടം തലയിൽ വലിച്ചു വയ്ക്കരുത്.

ഭാവിയിൽ മികച്ച വരുമാനവും തൊഴിലും നൽകാൻ സാധ്യതയുള്ള ഉന്നത പഠനം, ഏതാണ്ട് സ്ഥിരതയോടെ മൂലധന വളർച്ച നേടുന്ന റിയൽ എസ്റ്റേറ്റ്, വാണിജ്യ ഉപയോഗത്തിനുള്ള കെട്ടിടങ്ങൾ, വീടും ഫ്ളാറ്റും, സ്വർണം, വെള്ളി, മ്യൂച്വൽ ഫണ്ടുകൾ പോലുള്ള നിക്ഷേപങ്ങൾ, വരുമാനം ഉണ്ടാക്കി നൽകുന്ന ചെറു സംരംഭങ്ങൾ തുടങ്ങിയവയ്ക്കായി എടുക്കുന്ന കടത്തെ നല്ല കടമെന്നു വിശേഷിപ്പിക്കാം.

അതേസമയം കടമെടുത്തു മൂല്യം കുറയുന്ന വസ്തുക്കളോ സേവനങ്ങളോ സ്വീകരിച്ചാൽ ആ കടത്തെ ചീത്തക്കടം എന്നു പറയാം. ഉദാഹരണത്തിന് ദിവസം കഴിയുന്തോറും മൂല്യം കുറയുന്ന വാഹനങ്ങൾ, വസ്ത്രങ്ങൾ, ഉപഭോഗ വസ്തുക്കൾ, വിനോദയാത്ര, സേവനങ്ങൾ തുടങ്ങിയവയ്ക്കു ഉപയോഗിക്കുന്ന കടങ്ങൾ, ക്രെഡിറ്റ് കാർഡ് കടം തുടങ്ങിയവയെല്ലാം ചീത്തക്കടങ്ങൾക്കു ഉദാഹരണമാണ്. ഇത്തരം വായ്പകളുടെ പലിശയും ഉയർന്നതായിരിക്കും. നികുതിയിളവുകളുമില്ല.

കടമെടുക്കൽ പ്ലാൻ ചെയ്യുക

എന്തിനു കടമെടുക്കണം, എത്രയെടുക്കണം, അതിന്‍റെ തിരിച്ചടവ് എങ്ങനെയാണ് തുടങ്ങിയവയെല്ലാം കടമെടുക്കുന്നതിനു മുന്പേ ആസൂത്രണം ചെയ്യുക. തിരിച്ചടവ് ഗഡുവിൽ വീഴ്ചവരുത്താതെ അടയ്ക്കാൻ പ്ലാൻ ചെയ്യണം. ഗഡുവിലെ വീഴ്ചകൾ പലിശ ബാധ്യത ഗണ്യമായി വർധിപ്പിക്കും. വരുമാനത്തിന്‍റെ നിശ്ചിത പരിധിയിൽ കൂടുതൽ ഒരിക്കലും തിരിച്ചടവ് എത്തിക്കരുത്. അങ്ങനെ സംഭവിച്ചാൽ ജീവിതം മുഴുവൻ സാന്പത്തിക ഞെരുക്കത്തിലൂടെ കടന്നുപോകേണ്ടതായി വരും. അതുണ്ടാക്കുന്ന പിരിമുറുക്കം അതിലും വലുതായിരിക്കും.
മിക്കവരും കടമെടുക്കുന്നത് ഭാവി വരുമാനം ഈടുവച്ചാണ്. അപ്പോൾ നല്ല കടമാണെങ്കിൽപ്പോലും അതു മോശം കടമായി മാറുവാനുള്ള സാധ്യത നിലനിൽക്കുകയാണ്. അതുകൊണ്ടുതന്നെ കടമെടുക്കുന്പോൾ വളരെ ജാഗ്രത കാണിക്കേണ്ടതുണ്ട്. ഇപ്പോഴത്തെ തൃപ്തിക്കായി കടമെടുത്ത് ദീർഘകാലത്തിൽ മാനസിക ഞെരുക്കമായി മാറുന്നതു കണ്ടിട്ടുണ്ട്. ചില തൃപ്തികൾ ഏതാനും വർഷം മുന്നോട്ടു നീട്ടിവച്ചാലും ഇപ്പോൾ സമാധാനത്തിൽ മുന്നോട്ടു പോകാം. ചെറിയ ഇച്ഛാഭംഗം മാത്രമേ ഉണ്ടാകൂ. ഇത്തരം തൃപ്തികൾക്കായി ( ലക്ഷ്യങ്ങൾക്കായി) കടമമെടുക്കുന്നതിനു പകരം സന്പാദ്യവും നിക്ഷേപവും നടത്തുക. ആവശ്യമെങ്കിൽ മാത്രം ചെറിയ വായ്പ എടുക്കുക.

നല്ല കടമാണെങ്കിൽപ്പോലും ചിലപ്പോൾ അതു മോശമായി മാറുന്ന സ്ഥിതിയുണ്ടാകും. ഉദാഹരണത്തിന്, ഉന്നത വിദ്യാഭ്യാസത്തിനായി വായ്പ എടുത്തു. പക്ഷേ നല്ല ജോലി കിട്ടിയില്ല. അല്ലെങ്കിൽ നല്ല വരുമാനം ലഭിച്ചില്ല. ഫലം തിരിച്ചടവു പ്രയാസത്തിലാകുന്നു. നല്ല ആശയമായിരുന്നു. അതിൽ ബിസിനസ് തുടങ്ങി. പക്ഷേ വിജയിച്ചില്ല. ഇവിടെയും നല്ല കടം ചീത്തക്കടമായി മാറുകയാണു ചെയ്തത്. അതുകൊണ്ടുതന്നെ നല്ല കടമാണെങ്കിൽപ്പോലും ഏറ്റവും കുറവു കടമെടുക്കുക. ഏതു കടമെടുത്താലും രണ്ടാമതൊന്ന് ആലോചിക്കുക.
കടമെടുക്കുന്നതിനു മുന്പ് സ്വയം ചോദിക്കുക, ന്ധന്ധ ഈ കടം എന്‍റെ സാന്പത്തികാവസ്ഥ മെച്ചപ്പെടുത്തുമോ?’’

ഏറ്റവും നല്ല കടം ഭവന വായ്പ

സ്വന്തമായൊരു വീട് സ്വപ്നം കാണാത്തവർ ഇല്ല. മിക്കവരുടേയും ജീവിതത്തിലെ സന്പാദ്യത്തിന്‍റെ നല്ലൊരു പങ്കും സ്വന്തം വീടിനുവേണ്ടിയാണ് ചെലവഴിക്കുന്നത്. വലിയൊരു തുക മുടക്കേണ്ടി വരുന്നതിനാൽ കടമില്ലാതെ വീടുണ്ടാക്കണമെങ്കിൽ നല്ലൊരു പങ്കിനെ സംബന്ധിച്ചിടത്തോളം വളരെ നാൾ കാത്തിരിക്കുകയോ ആ സ്വപ്നം ഉപേക്ഷിക്കുകയോ ചെയ്യേണ്ടതായി വരും.

മറ്റു പല കാരണങ്ങൾകൊണ്ടും വായ്പ എടുത്തു വീടു വയ്ക്കുന്നത് നല്ലൊരു തീരുമാനമാണ്. ആദ്യമായി സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നു. രണ്ടാമതായി വാടകയായി നൽകുന്ന തുക വീടിന്‍റെ ഗഡുവിലേക്ക് അടയ്ക്കന്നതി വഴി ഉടമസ്ഥാവകാശം വർധിച്ചുവരുന്നു.

ഭവന വായ്പയുടെ പലിശയ്ക്കു നികുതിയിളവു ലഭ്യമാക്കുന്നു. ഇതുവഴി ഭവന വായ്പയുടെ പലിശ നിരക്കും താഴുന്നു. മറ്റ് പല നിക്ഷേപങ്ങളേക്കാൾ മെച്ചപ്പെട്ട റിട്ടേണ്‍ ഇതു നൽകുന്നു. സർവോപരി വീടിന്‍റോും സ്ഥലത്തിന്‍റേയും മൂല്യം വർധിക്കുന്നു.

കഴിയുമെങ്കിൽ വായ്പ വരുമാനത്തിന്‍റ മൂന്നിലൊന്നിൽ നിർത്താൻ ശ്രമിക്കുക. ഉദാഹരണം നോക്കാം. ഒരാളുടെ മാസ ശന്പളം 72000 രൂപയാണെന്നു കരുതുക. അപ്പോൾ മൂന്നിലൊന്ന് 24000 രൂപ. പരമാവധി ഈ തുക ഗഡു നൽകാവുന്ന വിധത്തിൽ വായ്പ എടുക്കുക. ഇപ്പോഴത്തെ പലിശ നിരക്കായി 8.7 ശതമാനത്തിൽ ഈ തുകയ്ക്ക് 30 ലക്ഷം രൂപ വായ്പ എടുക്കാം. ഇത്തരത്തിൽ വായ്പ ആസൂത്രണം ചെയ്യുക.