കാതൽ മേഖലയുടെ ഉത്പാദനത്തിൽ 0.5% ഇടിവ്
കാതൽ മേഖലയുടെ  ഉത്പാദനത്തിൽ  0.5% ഇടിവ്
Tuesday, November 5, 2019 3:34 PM IST
എട്ടു അടിസ്ഥാനസൗകര്യമേഖല വ്യവസായങ്ങളടങ്ങിയ കാതൽ മേഖലയിലെ ഉത്പാദനം ഓഗസ്റ്റിൽ 0.5 ശതമാനം ഇടിഞ്ഞിരിക്കുകയാണ്. മുൻവർഷം ഓഗസ്റ്റിൽ 4.7 ശതമാനവും ഇക്കഴിഞ്ഞ ജൂലൈയിൽ 2.7 ശതമാനവും വളർച്ച കാണിച്ച സ്ഥാനത്താണിത്.
വ്യാവസായികോത്പാദന സൂചികയിൽ 40 ശതമാനം വെയിറ്റേജ് ആണ് ഈ വ്യവസായങ്ങൾക്കുള്ളത്. ഡിമാൻഡ് കുറയുന്നത് പ്രതിഫലിപ്പിക്കുന്നതാണ് കാതൽ മേഖലയിലെ വളർച്ചാ ഇടിവ്.

കൽക്കരി, ക്രൂഡോയിൽ, പ്രകൃതിവാതകം, സിമന്‍റ്, വൈദ്യുതി തുടങ്ങിയ അഞ്ചു മേഖലകൾ ന്യൂന വളർച്ചയാണ് കാണിച്ചത്. ഇവയുടെ ഉത്പാദനത്തിൽ യഥാക്രമം 8.6 ശതമാനം, 5.4 ശതമാനം 3.9 ശതമാനം, 4.9 ശതമാനം, 2.9 ശതമാനം വീതം ഇടിവാണുണ്ടായത്. എന്നാൽ വളം (2.9 ശതമാനം), റിഫൈനിംഗ് (2.6 ശതമാനം), സ്റ്റീൽ ( 5 ശതമാനം) എന്നീ മേഖലകൾ വളർച്ച കാണിച്ചിട്ടുണ്ട് ഓഗസ്റ്റിൽ.

ഏപ്രിൽ- ഓഗസ്റ്റ് കാലയളവിലെ വളർച്ച മുൻവർഷമിതേ കാലയളവിലെ 5.7 ശതമാനത്തിൽനിന്ന് 2.4 ശതമാനമായി കുറഞ്ഞു.

വ്യവസായ മേഖല മികച്ച വളർച്ചയിലേക്കു തിരിച്ചുവരുവാൻ ഇനിയും സമയെടുക്കുമെന്ന സൂചനയാണ് കാതൽ മേഖലയിലെ കണക്കുകൾ നൽകുന്നത്.

ജിഎസ്ടി വരുമാനം 19 മാസത്തെ താഴ്ചയിൽ; സെപ്റ്റംബറിൽ
91.916 കോടി രൂപ
സാന്പത്തിക പ്രവർത്തനങ്ങൾ കുറയുന്നതും ഉപഭോക്തൃ ഡിമാൻഡിലെ ഇടിവും നികുതി വരുമാനത്തിൽ ശക്തമായി പ്രതിഫലിച്ചു തുടങ്ങി. രാജ്യത്തിന്‍റെ യഥാർത്ഥ സാന്പത്തിക ചിത്രമാണ് ജിഎസ്ടി വരുമാനത്തിലൂടെ പുറത്തുവരുന്നത്.

സെപ്റ്റംബറിലെ ജിഎസ്ടി വരുമാനം 91 916 കോടി രൂപയായി കുറഞ്ഞു. പത്തൊന്പതു മാസത്തെ ഏറ്റവും കുറഞ്ഞ ജിഎസ്ടി വരുമാനമാണിത്. ഓഗസ്റ്റിലിത് 98202 കോടി രൂപയായിരുന്നു. തുടർച്ചയായ രണ്ടാമത്തെ മാസമാണ് പ്രതിമാസ ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി രൂപയ്ക്കു താഴെയെത്തുന്നത്. സെപ്റ്റംബറിൽ എല്ലാ മേഖലകളിലേയുംതന്നെ ജിഎസ്ടി ഓഗസ്റ്റിലേതിനേക്കാൾ കുറഞ്ഞു.

ആദ്യ ആറുമാസക്കാലത്ത് ജിഎസ്ടി വരുമാനം മുൻവർഷത്തേക്കാൾ 4.9 ശതമാനം വളർച്ചയോടെ 6,06,294 കോടി രൂപയിലെത്തിയിട്ടുണ്ട്. കേന്ദ്രത്തിന്‍റെ ജിഎസ്ടി വരുമാനത്തിൽ നടപ്പുവർഷം പ്രതീക്ഷിക്കുന്നത് 16 ശതമാനം വളർച്ചയാണ്.

നടപ്പു സാന്പത്തിക വർഷത്തിന്‍റെ ആദ്യ ക്വാർട്ടറിൽ കറന്‍റ് അക്കൗണ്ട് കമ്മി ജിഡിപിയുടെ രണ്ടു ശതമാനമായി. കൃത്യമായി പറഞ്ഞാൽ ഈ കാലയളവിലെ കറന്‍റ് അക്കൗണ്ട് കമ്മി മുൻവർഷമിതേ കാലയളവിലെ 1580 കോടി ഡോളറിൽനിന്ന് 1430 കോടി ഡോളറായി താഴ്ന്നു.

രാജ്യത്തിന്‍റെ ചരക്ക്, സേവനം മറ്റ് ട്രാൻസ്ഫറുകൾ എന്നിവ കയറ്റുമതി വരുമാനത്തേക്കാൾ കൂടുന്പോഴാണ് കറന്‍റ് കമ്മി സംഭവിക്കുന്നത്. ഇതിനെ ജിഡിപിയുടെ ശതമാനമായിട്ടാണ് രേഖപ്പെടുത്തുന്നത്. വിദേശത്തു ജോലി ചെയ്യുന്ന ഇന്ത്യക്കാരിൽനിന്നു റെമിറ്റൻസ് വർധിച്ചതാണ് കറന്‍റ് അക്കൗണ്ട് കമ്മി കുറച്ചു നിർത്താൻ സഹായിച്ചത്. നേരിട്ടുള്ള വിദേശ നിക്ഷേപവും വർധിച്ചു. ഏപ്രിൽ- ജൂണ്‍ കാലയളവിലെ നേരിട്ടുള്ള വിദേശ നിക്ഷേപം മുൻവർഷമിതേ കാലയളവിലെ 960 കോടി ഡോളറിൽനിന്ന് 1390 കോടി ഡോളറായി ഉയർന്നു.
ആദ്യക്വാർട്ടറിൽ ക്രൂഡോയിൽ ഇറക്കുമതി 0.4 ശതമാനം വളർച്ചയോടെ 3490 കോടി ഡോളറായി.

ധനകമ്മി ബജറ്റ് അനുമാനത്തിന്‍റെ 78.7 %

ആദ്യ അഞ്ചുമാസക്കാലത്ത് ധനകമ്മി ബജറ്റ് അനുമാനമായ 7.03 ലക്ഷം കോടി രൂപയുടെ 78.7 ശതമാനത്തിലെത്തി. അതായത് 5.5 ലക്ഷം കോടി രൂപയിൽ. റിസർവ് ബാങ്കിൽനിന്നു ഫണ്ട് ( 1.47 ലക്ഷം കോടി രൂപ) ലഭിച്ചതാണ് ധനകമ്മി കുറച്ചു നിർത്താൻ സർക്കാരിനെ സഹായിച്ചത്. മുൻവർഷമിതേ കാലയളവിൽ ധനകമ്മി ബജറ്റ് എസ്റ്റിമേറ്റിന്‍റെ 94.7 ശതമാനമായിരുന്നു.
നടപ്പുവർഷം ജിഡിപിയുടെ 3.35 ശതമാനം ധനകമ്മിയാണ് ഗവണ്‍മെന്‍റ് ബജറ്റിൽ അനുമാനിച്ചിട്ടുള്ളത്. എന്നാൽ നികുതി വരുമാനത്തിൽ ഉയർച്ചയുണ്ടാകാത്തതും കന്പനി നികുതിയിനത്തിൽ 1.45 ലക്ഷം കോടി രൂപയുടെ ഇളവും നൽകിയതും മൂലം ധനകമ്മി ലക്ഷ്യം പാലിക്കുക പ്രയാസകരമാണെന്നു കരുതുന്നവരാണ് പല സാന്പത്തിക വിദഗ്ധരും.
ഗവണ്‍മെന്‍റിന്‍റെ മൂലധന നിക്ഷേപം ബജറ്റ് എസ്റ്റിമേറ്റിന്‍റെ 40.1 ശതമാനമാണ് ഏപ്രിൽ- ഓഗസ്റ്റ് കാലയളവിൽ. മുൻവർഷമിത് 44.1 ശതമാനമായിരുന്നു. മൂലധന നിക്ഷേപം കുറയുന്നത് സാന്പത്തിക വളർച്ചയെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തുന്നത്.

സ്വകാര്യ നിക്ഷേപം 16 വർഷത്തെ താഴ്ചയിൽ:

ഗവണ്‍മെന്‍റ് മൂലധനച്ചെലവ് വർധിപ്പിക്കുന്നുണ്ടെങ്കിലും സ്വകാര്യമേഖലയിലെ നിക്ഷേപം 16 വർഷത്തെ താഴ്ചയിലാണെന്ന് സെന്‍റർ ഫോർ മോണിട്ടറിംഗ് ഇന്ത്യൻ ഇക്കണോമി ( സിഎംഐഇ) കണക്കുകൾ പറയുന്നു.


ജൂലൈ- സെപ്റ്റംബർ ക്വാർട്ടറിൽ ഇന്ത്യൻ കന്പനികൾ 95300 കോടി രൂപയുടെ പുതിയ പദ്ധതികളാണ് പ്രഖ്യാപിച്ചത്. മുൻക്വാർട്ടറിനേക്കാൾ 16 ശതമാനം കൂടുതലാണിതെങ്കിലും മുൻവർഷം ജൂണ്‍- സെപ്റ്റംബർ ക്വാർട്ടറിനേക്കാൾ 59 ശതമാനം കുറവാണിത്. ഇതു 16 വർഷത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ്.

മാനുഫാക്ചറിംഗ് ഉൾപ്പെടെ എല്ലാ മേഖലകളിലും നിക്ഷേപം കുറഞ്ഞതായാണ് സിഎംഐഇ കണക്കാക്കുന്നത്. സേവനമേഖലയിലാണ് ഏറ്റവും വലിയ ഇടിവ്. ഏതാണ്ട് 82 ശതമാനം.
പണമില്ലാത്തതുമൂലം പൂർത്തിയാക്കാൻ കഴിയാതെ 14 ശതമാനത്തോളം പദ്ധതികൾ വെറുതെ കിടക്കുകയാണ്. ഏതാണ്ട് 1.9 ലക്ഷം കോടി രൂപ മുതൽ മുടക്കാണ് ഇവയിലേത്.

മാനുഫാക്ചറിംഗ് പിഎംഐ 51.4

രാജ്യത്തെ ഉപഭോക്തൃ ഡിമാൻഡ്, വിദേശ ഡിമാൻഡ് എന്നിവ കാര്യമായി ഉയരാത്തത് മാനുഫാക്ചറിംഗ് മേഖലയിലെ മുരടിപ്പ് രൂക്ഷമാക്കുകയാണ്. സെപ്റ്റംബറിലെ മാനുഫാക്ചറിംഗ് പർച്ചേസ് മാനേജേഴ്സ് സൂചിക (പിഎംഐ) 51.4 ആണ്. ഓഗസ്റ്റിലും ഇതുതന്നെയായിരുന്നു. 2018 മേയിക്കുശേഷമുള്ള ഏറ്റവും കുറഞ്ഞ പിഎംഐ ആണിത്. 2019 ജനുവരിയിൽ 53.9 പോയിന്‍റായിരുന്നു പിഎംഐ.

അതേസമയം രാജ്യത്തെ ബിസിനസ് കോണ്‍ഫിഡൻസ് രണ്ടര വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. കയറ്റുമതി വളർച്ച രണ്ടുവർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ്. ഉപഭോക്തൃ ഡിമാൻഡ് കുറയുകയാണ്. അതിനൊപ്പം തൊഴിൽ സൃഷ്ടിയും കുറയുകയാണ്. കാപ്പിറ്റൽ ഗുഡ്സ് മേഖല ചുരുങ്ങുന്ന പ്രവണതയാണ് കാണിക്കുന്നത്.

ഇന്ത്യയുടെ സാന്പത്തിക പ്രവർത്തനങ്ങൾ അതിന്‍റെ ചരിത്രത്തിലെ ഏറ്റവും താഴന്ന നിലയിലാണ് നീങ്ങുന്നതെന്നാണ് പല സാന്പത്തിക വിദഗ്ധരും വിലയിരുത്തുന്നത്. അതിൽനിന്നുള്ള മോചനത്തിന്‍റെ സൂചനകൾ ഇനിയും ഉയർന്നുകാണുന്നില്ല.

ശന്പള വളർച്ച അഞ്ചാം വർഷവും കുറഞ്ഞു

സംഘടിത മാനുഫാക്ചറിംഗ് മേഖലയിലെ ശന്പള വളർച്ച തുടർച്ചയായി അഞ്ചാവർഷവും കുറഞ്ഞിരിക്കുകയാണ് 2017-18-ൽ. ശന്പളവളർച്ച 6.05 ശതമാനമാണെന്ന് വാർഷിക വ്യവസായ സർവേ (എഎസ്ഐ) റിപ്പോർട്ട് പറയുന്നു.

2016-17-ൽ ഇത് 6.2 ശതമാനവും 2015-16-ൽ 7.2 ശതമാനവും 2012-13-ൽ 13 ശതമാനവുമായിരുന്നു. ഏതാണ്ട് 2,38,000 മാനുഫാക്ചറിംഗ് യൂണിറ്റുകളെ കവർ ചെയ്താണ് ഈ പഠനം. ശന്പളം കുറയുന്പോഴും സംഘടിത യൂണിറ്റുകളിലെ തൊഴിലാളികളുടെ എണ്ണം 2010-11-ൽനിന്ന് 4.81 ശതമാനം വളർച്ച 2017-18-ലുണ്ടായിട്ടുണ്ട്. ശന്പള വളർച്ച കുറഞ്ഞിതിനൊപ്പം തൊഴിലില്ലായ്മ വളർച്ച 45 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 8.1 ശതമാനത്തിലെത്തിയെന്നതും കൂടി കൂട്ടി വായിക്കണം. സാന്പത്തിക മുരടിപ്പിന്‍റെ വലുപ്പം മനസിലാക്കാൻ ഇതു സഹായിക്കും.

ഉത്സവസീസണും കാർ വിപണിക്കു തുണയാകുന്നില്ല: വിൽപ്പന സെപ്റ്റംബറിലും താഴോട്ട്

വന്പൻ ഡിസ്കൗണ്ടുകളും മറ്റ് ഓഫറുകളൊന്നും ഉപഭോക്താക്കളെ നേടുവാൻ കാർ കന്പനികളെ സഹായിച്ചില്ലെന്നാണ് സെപ്റ്റംബറിലെ വിൽപ്പന കണക്കുകൾ നൽകുന്ന സൂചന. എന്നാൽ ദീപാവലിയോടനുബന്ധിച്ച് ഒക്ടോബറിൽ അന്വേഷണങ്ങൾ വർധിച്ചിട്ടുണ്ടെന്നതു മാത്രമാണ് ആശ്വാസകരമായ സംഗതി.

സെപ്റ്റംബറിൽ എല്ലാ മുൻനിര കന്പനികളുടെ വിൽപ്പനയിലും ഇടിവാണുണ്ടായത്. രാജ്യത്തെ കാർ വിപണിയുടെ 50 ശതമാനത്തോളം കൈവശം വയ്ക്കുന്ന മാരുതി സുസുക്കിയുടെ സെപ്റ്റംബർ മാസത്തെ വിൽപ്പനയിൽ 24.43 ശതമാനം ഇടിവാണുണ്ടായത്. കന്പനി കയറ്റുമതിയുൾപ്പെടെ 1,22,640 യൂണിറ്റുകളാണ് വിറ്റത്. മുൻവർഷമിതെ കാലയളവിലെ വിൽപ്പന 1,62,290 യൂണിറ്റായിരുന്നു.

രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ കാർ നിർമാതാക്കളായ ഹ്യുണ്ടായി മോട്ടോറിന്‍റെ സെപ്റ്റംബർ വിൽപ്പന 14.8 ശതമാനം കുറവോടെ 40,075 യൂണിറ്റായി. മുൻവർഷം സെപ്റ്റംബറിലിത് 47,718 യൂണിറ്റായിരുന്നു. പുതിയ മോഡലുകൾ പുറത്തിറക്കിയതാണ് ഹ്യുണ്ടായിയുടെ വിൽപ്പനയിലെ ഇടിവ് പിടിച്ചു നിർത്തിയത്.

ടാറ്റാ മോട്ടോഴ്സ്, മഹീന്ദ്ര, ടൊയോട്ട തുടങ്ങി എല്ലാ കാർ നിർമാതാക്കളുടേയും സെപ്റ്റംബർ വിൽപ്പന കുറവാണ്. ഇരുചക്രവാഹനങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഹീറോ മോട്ടോറിന്‍റെ വിൽപ്പന 20.4 ശതമാനം കുറവോടെ 6,12,204 യൂണിറ്റായി.

ഇന്ത്യൻ വളർച്ച 6.5% ആകും: എഡിബി

ഇന്ത്യൻ സാന്പത്തിക വളർച്ച 2019-20-ൽ 6.5 ശതമാനമായിരിക്കുമെന്ന് ഏഷ്യൻ വികസന ബാങ്ക് വിലയിരുത്തുന്നു. ജൂലൈയിലെ വിലയിരുത്തലിൽ 7 ശതമാനം വളർച്ച നേടുമെന്നാണ് എഡിബി പറഞ്ഞിരുന്നത്. 2020-21-ൽ 7.1 ശതമാനത്തിലേക്ക് വളർച്ച ഉയർന്നേക്കുമെന്നും എഡിബി വിലയിരുത്തുന്നു.