വീടുണ്ടാക്കാൻ മാത്രമല്ല, നികുതി ലാഭിക്കാനും ഭാവന വായ്പ
ഭവന വായ്പ നല്ലൊരു കടമാണ്. വീട് എന്ന ആസ്തിയണ്ടാക്കാൻ സഹായിക്കുന്നു. മാത്രമല്ല, ഇത് നികുതി ലാഭിക്കാനും സഹായിക്കുന്നു. ഭവന വായ്പ തിരിച്ചടവിൽ രണ്ടു ഘടകങ്ങളാണുള്ളത് ഒന്ന് വായ്പ തുക. രണ്ട് പലിശ. ഈ രണ്ടു തിരിച്ചടവുകൾക്കും നികുതിയിളവ് ലഭിക്കും. നികുതിയിളവു ലഭിക്കുന്നതു വഴി ഇഫക്ടീവ് പലിശയിൽ കുറവുണ്ടാകുന്നു വെന്നതാണ് ശ്രദ്ധേയമായ സംഗതി.

പലിശയ്ക്കു ലഭിക്കുന്ന നികുതിയിളവ്:

ആദായ നികുതി വകുപ്പ് 24 പ്രകാരം പരമാവധി രണ്ടു ലക്ഷം രൂപയുടെ ഇളവാണ് പലിശ തിരിച്ചടവിനു ഒരു വർഷം ലഭിക്കുന്നത്.

വായ്പ തുക തിരിച്ചടവിൽ ലഭിക്കുന്ന നികുതിയിളവ്:

വായ്പ തുക തിരിച്ചടക്കുന്നതിന് ആദായ നികുതി വകുപ്പ് വിഭാഗം 80 സി പ്രകാരം ഇളവു ലഭിക്കും. പരമാവധി ഒന്നര ലക്ഷം രൂപയുടെ ഇളവാണ് ലഭിക്കുന്നത്. എന്നാൽ ഇളവു ലഭിക്കുന്നതിന് വസ്തു അഞ്ചു വർഷം വരെ വിൽക്കാൻപാടില്ല. അഞ്ചുവർഷത്തിനു മുന്പേ വിറ്റാൽ നേരത്തെ ക്ലെയിം ചെയ്ത വർഷങ്ങളിലെ തുക വിൽപന നടന്ന വർഷത്തിൽ വരുമാനത്തിൽ ചേർത്ത് നികുതി നൽകണം.

സ്റ്റാംപ് ഡ്യൂട്ടിയിലും രജിസ്ട്രേഷൻ ചാർജിലുമുള്ള കിഴിവ് :

വായ്പ തുകയിലാണ് ഈ ഇളവ് ലഭിക്കുന്നത്. സ്റ്റാംപ് ഡ്യൂട്ടിക്കും രജിസ്ട്രേഷൻ ചാർജിനുമുള്ള ഇളവു ലഭിക്കുന്നതും ആദായനികുതി വകുപ്പ് 80 സി പ്രകാരം ഒന്നര ലക്ഷം രൂപവരെയാണ്. എന്നാൽ ഇത് ലഭിക്കുന്നത് ഈ തുകകൾ അടച്ച വർഷം മാത്രമാണ്.

ആദ്യത്തെ വീടിന് കുടുതൽ ഇളവ്:

ആദായ നികുതി നിയമത്തിലെ 80 ഇഇ അനുസരിച്ച് ആദ്യമായി വീടു വാങ്ങുന്നതിനായി 2016 ഏപ്രിൽ ഒന്നിനും 2017 മാർച്ച് 31-നും ഇടയിൽ അനുവദിച്ച വായ്പയ്ക്ക് നിബന്ധനകൾക്കു വിധേയമായി പലിശയിൽ 50000 രൂപയുടെ കിഴിവു കൂടി ലഭിക്കും. അതായത് 2.5 ലക്ഷം രൂപ വരെയുള്ള പലിശയ്ക്ക് നികുതി കിഴിവ് നേടാം. വായ്പത്തുക 35 ലക്ഷം രൂപയ്ക്കു മുകളിലും വീടിന്‍റെ മൂല്യം 50 ലക്ഷം രൂപയും കവിയാൻ പാടില്ല.


2019 ജൂലൈയിലെ ബജറ്റിൽ എല്ലാവർക്കും വീട് ’’ എന്ന ലക്ഷ്യത്തോടെ കൂടുതൽ നികുതിയിളവു പ്രഖ്യാപിച്ചിട്ടുണ്ട്. അതിനുസരിച്ച് 2019 ഏപ്രിൽ ഒന്നു മുതൽ 2020 മാർച്ച് 31 വരെ അനുവദിക്കുന്ന വായ്പയിൽ ആദ്യ വീടു വാങ്ങുന്ന വ്യക്തിക്ക് രണ്ടു ലക്ഷം രൂപയുടെ നിലവിലുള്ള പലിശയുടെ ഇളവിനു പുറമേ 1.5 ലക്ഷം രൂപ കൂടി ഇളവു നേടാം. അതായത് ഭവനവായ്പയുടെ പലിശയയായി അടയ്ക്കുന്ന 3.5 ലക്ഷം രൂപയ്ക്ക് നികുതിയിളവു നേടാം. വീടിന്‍റെ മൂല്യം പക്ഷേ 45 ലക്ഷം രൂപയിൽ കവിയരുത്. 2019 സെപ്റ്റംബർ 19 മുതൽ അഫോഡബിൾ റിയൽ എസ്റ്റേറ്റ് പദ്ധതിക്കും ബാധകമാക്കിയിട്ടുണ്ട്.

പലിശയ്ക്ക് നികുതിയിളവു ലഭിക്കുവാൻ

* വീട്, സ്ഥലം എന്നിവയിൽ ഉടമസ്ഥാവകാശമുണ്ടായിരിക്കണം. സംയുക്ത ഉടമാവകാശമാണെങ്കിൽ, ഓരോരുത്തരുടേയും വിഹിതം എത്രയാണെന്നു വ്യക്തമാക്കിയിരിക്കണം. ആ അനുപാതത്തിലാണ് നികുതിയിളവും ക്ളെയിം ചെയ്യാൻ സാധിക്കുക.
* നിർമാണം പൂർത്തിയായ വർഷം മുതലുള്ള പലിശയുടെ തിരിച്ചടവിനാണ് ഇളവു ലഭിക്കുക. പ്രീ- കണ്‍സ്ട്രക്ഷൻ പലിശയ്ക്കും ഇളവു നേടാൻ വഴിയുണ്ട്. വീടു പണി പൂർത്തിയാക്കിയ വർഷം മുതലോ അല്ലെങ്കിൽ വീടു വാങ്ങിയ സമയം മുതലോ അഞ്ചു തുല്യ ഗഡുക്കളായി ക്ലെയിം ചെയ്യാം.
* വീടിന്‍റെ ഉടമസ്ഥാവകാശം പോലെ തന്നെ ഭവന വായ്പ ക്ലെയിം ചെയ്യുന്നയാളുടെ പേരിലായിരിക്കണം. വായ്പയുടെ കോ- ഓണറുമാകാം.
* വായ്പ, പലിശ എന്നിവ തിരിച്ചടച്ചതു സംബന്ധിച്ച് ബാങ്കിൽനിന്നുള്ള സർട്ടിഫിക്കറ്റ് വേണം.
* ഈ രേഖകളെല്ലാം തൊഴിലുടമയെ ഏൽപ്പിക്കണം. തൊഴിലുടമയ്ക്ക് സ്രോതസിൽ നികുതി കിഴിക്കുന്നത് അഡ്ജസ്റ്റ് ചെയ്യാൻ കഴിയും. ഇതിനായി വർഷാവസാനംവരെ കാത്തിരിക്കേണ്ടതില്ല.