തേഡ് പാർട്ടി അഡ്മിനിസ്ട്രേറ്ററെ പോളിസി ഉടമയ്ക്ക് തെരഞ്ഞെടുക്കാം
തേഡ് പാർട്ടി അഡ്മിനിസ്ട്രേറ്ററെ  പോളിസി ഉടമയ്ക്ക്  തെരഞ്ഞെടുക്കാം
Wednesday, February 5, 2020 4:05 PM IST
ഇനി മുതൽ പോളിസി ഉടമകൾക്കു തന്നെ തേഡ് പാർട്ടി അഡ്മിനിസ്ട്രേറ്ററെ (ടിപിഎ) തെരഞ്ഞെടുക്കാം. പോളിസി വാങ്ങിക്കുന്പോഴോ അല്ലെങ്കിൽ പോളിസി പുതുക്കുന്ന സമയത്തോ ഇത് കണ്ടെത്താവുന്നതാണ്. ഇൻഷുറൻസ് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ഡിസിംബർ 10 ന് പുറപ്പെടുവിച്ച സർക്കുലറിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
ഇതുവരെ തേർഡ് പാർട്ടി അഡ്മിനിസ്ട്രേറ്ററെ നിശ്ചയിച്ചിരുന്നത് ഇൻഷുറൻസ് കന്പനിതന്നെയായിരുന്നു. ഇനി ഇതുമാറുകയാണ്.

ഓരോ പോളിസിയുടെയും തേഡ് പാർട്ടി അഡ്മിനസ്ട്രേറ്റർ ആരായിരിക്കണം എന്നു തീരുമാനിക്കാനുള്ള അവകാശം ഇതുവരെ പോളിസി ഉടമയ്ക്ക് ഉണ്ടായിരുന്നില്ല. എന്നാൽ പോളിസിയുടെ സ്വഭാവം, പോളിസി ഉടമ താമസിക്കുന്ന സ്ഥലം എന്നിവയൊക്കെ പരിഗണിക്കുന്പോൾ ഇൻഷുറൻസ് കന്പനിക്ക് പോളിസി ഉടമയ്ക്ക് അനുയോജ്യമായ ടിപിഎ തെരഞ്ഞെടുത്തു നൽകുക എന്നത് ബുദ്ധിമുട്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ടിപിഎയെ തെരഞ്ഞെടുക്കാനുള്ള് അവകാശം പോളിസി ഉടമയ്ക്കു നൽകുവാൻ ഇൻഷുറൻസ് റെഗുലേറ്റർ തീരുമാനിച്ചത്.

ഇനി മുതൽ ഇൻഷുറൻസ് കന്പനി നൽകുന്ന ടിപിഎ ലിസ്റ്റിൽ നിന്നും പോളിസി ഉടമയ്ക്ക് അനുയോജ്യമായ ടിപിഎ തെരഞ്ഞെടുക്കാം. പോളിസി വാങ്ങുന്പോഴോ അല്ലെങ്കിൽ പുതുക്കുന്ന സമയത്തോ ഉമടയ്ക്ക് ടിപിഎയെ തെരഞ്ഞെടുക്കാം.

ഐആർഡിഎഐ പറഞ്ഞിരിക്കുന്നതെന്തൊക്കെ?
പോളിസി ഉടമകൾക്ക് അവർക്ക് ഇഷ്ടമുള്ള തേഡ് പാർട്ടി അഡ്മിനിസ്ട്രേറ്ററെ ഇൻഷുറൻസ് കന്പനി തന്നിരിക്കുന്ന പട്ടികയിൽ നിന്നും തെരഞ്ഞെടുക്കാം.

1. ആരോഗ്യ ഇൻഷുറൻസ് കാലാവധി പൂർത്തിയാകുന്നതിനു മുന്പ് ടിപിഎ സേവനം റദ്ദാക്കിയാൽ ഇൻഷുറൻസ് കന്പനി പോളിസി ഉടമയ്ക്ക് പകരം മറ്റൊരു ടിപിഎ ലഭ്യമാക്കണം.

2. ഇൻഷുറൻസ് കന്പനി ലഭ്യമാക്കുന്ന ടിപിഎ ലിസ്റ്റിൽ നിന്നും പോളിസി ഉടമയ്ക്ക് ഇഷ്ടപ്രകാരം ടിപിഎ പോളിസി വാങ്ങുന്പോഴോ അല്ലെങ്കിൽ പുതുക്കുന്പോഴോ തെരഞ്ഞെടുക്കാം.
3. പോളിസി ഉടമ ടിപിഎ തെരഞ്ഞെടുക്കുന്നില്ല എങ്കിൽ ഇൻഷുറൻസ് കന്പനിക്കു തന്നെ ടിപിഎയെ നിർദ്ദേശിക്കാം.
പോളിസി ഉടമയ്ക്ക് ടിപിഎയുടെ സേവനം അവസാനിപ്പിച്ച് ഇൻഷുറൻസ് കന്പനി തന്നെ പോളിസിയുമായി ബന്ധപ്പെട്ട സേവനങ്ങൾ ചെയ്തു തരണമെന്ന് ആവശ്യപ്പെടാൻ സാധിക്കില്ല.
എന്നാൽ ഇൻഷുറൻസ് കന്പനിക്ക് ഒരു ടിപിഎയുടെ സേവനം റദ്ദാക്കുകയോ അല്ലെങ്കിൽ ഒരു പ്രത്യേക പോളിസിക്ക് ഒരു പ്രത്യേക ടിപിഎയുടെ സേവനം വേണ്ടന്നുവെയ്ക്കുകയോ ചെയ്യാം.
4. ഇൻഷുറൻസ ്കന്പനി ഒരു ടിപിഎ മാത്രമേ അനുവദിക്കുന്നുള്ളുവെങ്കിൽ പോളിസി ഉടമയ്ക്ക് മറ്റ് ഓപ്ഷനുകൾ ലഭ്യമല്ല.

എന്താണ് ടിപിഎ

തേഡ് പാർട്ടി അഡ്മിനിസ്ട്രേറ്റർ എന്നത് ഒരു മധ്യവർത്തിയാണ്. ഇത്രയും നാൾ ആരോഗ്യ ഇൻഷുറൻസ് കന്പനിയാണ് ടിപിഎയെ നിയമിച്ചിരുന്നത്. ആരോഗ്യ ഇൻഷുറൻസ് ക്ലെയിമുകൾ സെറ്റിൽ ചെയ്യാൻ പോളിസി ഉടമയെ സഹായിക്കുക എന്നതാണ് ടിപിഎയുടെ ചുമതല. ക്ലെയിം സെറ്റിൽമെന്‍റിനാവശ്യമായ ആശുപത്രി ബില്ലുകൾ, രേഖകൾ എന്നിവയുടെ പ്രോസസിനും മറ്റും സഹായിക്കുന്നത് ടിപിഎയാണ്. എന്നാൽ ക്ലെയിം ലഭ്യമാക്കൽ അല്ലെങ്കിൽ കിട്ടാതിരിക്കുകയോ മറ്റോ ചെയ്താൽ അതിനുള്ള ഉത്തരവാദിത്തം എന്നിവ ടിപിഎയ്ക്കായിരിക്കില്ല.