ഫാഷന്‍ഭ്രമക്കാര്‍ക്കു സ്റ്റേറ്റ്‌മെന്‍റ് റിംഗുകള്‍
ഫാഷന്‍ഭ്രമക്കാര്‍ക്കു സ്റ്റേറ്റ്‌മെന്‍റ് റിംഗുകള്‍
Friday, December 4, 2020 5:19 PM IST
സ്ത്രീശക്തിയും സൗന്ദര്യവും പ്രതിഫലിപ്പിക്കാന്‍ ഇതാ സ്റ്റേറ്റ്‌മെന്റ് മോതിരങ്ങളുടെ വസന്തകാലം. വിരലുകളില്‍ മുഴുവന്‍ നിറച്ചണിഞ്ഞ് നടക്കാനായാണ് കോക്ക്‌ടെയില്‍ റിംഗ് എന്നും അറിയപ്പെടുന്ന ഈ മോതിരങ്ങള്‍ വിപണിയില്‍ നിറഞ്ഞിരിക്കുന്നത്. സിനിമാതാരങ്ങളും ടിവി സ്റ്റാറുകളും തങ്ങളുടെ വ്യക്തിത്വത്തിന്റെയും സ്റ്റൈലിന്റെയും അടയാളമായി കൊണ്ടുനടന്ന ഈ വലിയ മോതിരങ്ങള്‍ ഇപ്പോള്‍ യുവത്വം ഏറ്റെടുത്തിരിക്കുകയാണ്.

വലിയ വര്‍ണക്കല്ലുകളോ രത്‌നങ്ങളോ മെറ്റലോ പതിപ്പിച്ച ഈ മോതിരങ്ങള്‍ സാധാരണ ഫാഷന്‍ മോതിരങ്ങളെക്കാള്‍ ഇരട്ടി വലിപ്പമുള്ളതാണ്. സ്ത്രീ വിമോചനത്തിന്റെ വര്‍ണസൗന്ദര്യമായി ഈ മോതിരങ്ങള്‍ വിശേഷിപ്പിക്കപ്പെടുന്നു എന്നതാണ് ഏറ്റവും വലിയ സവിശേഷത. അമേരിക്കയില്‍ ഫെമിനിസം ജ്വലിച്ചുയര്‍ന്ന 1920 കളില്‍ സ്ത്രീവിമോചകര്‍ പുരുഷന്മാരുടെ അമിത മദ്യപാന ശീലത്തെ ചെറുക്കാന്‍ ഇത്തരം മോതിരങ്ങള്‍ ഉപയോഗിച്ചിരുന്നു എന്നാണ് ചരിത്രം. വലതു കൈവിരലില്‍ വലിയ തിളങ്ങുന്ന മോതിരങ്ങള്‍ അണിഞ്ഞ് പുരുഷന്മാര്‍ മദ്യപിച്ചിരിക്കുന്ന ബാറിലെത്തുന്ന വനിതകള്‍ വലതു കൈ ഉയര്‍ത്തി ബാറിലെ മദ്യവിളമ്പുകാരനു സിഗ്നല്‍ നല്കിയിരുന്നു. നിയമവിരുദ്ധമായി മദ്യം വിളമ്പരുതെന്ന താക്കീതായിരുന്നു അത്. കോക്ക്‌ടെയില്‍ റിംഗ് എന്ന പേരു വരാനുള്ള കാരണം ഇതാണ്. വലതു കൈയിലെ വലിയ മോതിരം അങ്ങനെയാണ് സ്ത്രീ ശക്തിയുടെയും ജാഗ്രതയുടെയും തിളങ്ങുന്ന ചിഹ്നമാകുന്നത്.

എന്നാല്‍, ഈ പരമ്പരാഗത വിശ്വാസം ഇന്ന് അതുപോലെ പിന്തുടരുന്നില്ല. ഏതു കൈയിലും ഇഷ്ടാനുസരണം എത്ര മോതിരങ്ങള്‍ വേണമെങ്കിലും അണിയാം. ഏത് അവസരത്തില്‍ വേണമെങ്കിലും ധരിക്കാം. ഓഫീസുകളില്‍ സ്റ്റേറ്റ്‌മെന്റ് റിംഗുകള്‍ ധരിക്കുന്നവര്‍ അധികം ആഡംബരമില്ലാത്തവ ധരിക്കുന്നതാണ് നല്ലത്. വിവാഹം, പാര്‍ട്ടികള്‍, യാത്രകള്‍ തുടങ്ങിയ അവസരങ്ങളിലാകുമ്പോള്‍ വളരെ വര്‍ണപ്പകിട്ടുള്ള നിരവധി മോതിരങ്ങള്‍ അണിയാം. അണിഞ്ഞിരിക്കുന്ന മറ്റ് ആഭരണങ്ങള്‍ക്കും വസ്ത്രങ്ങള്‍ക്കും നഖത്തിലെ നെയില്‍പോളിഷിനും യോജിച്ച മോതിരങ്ങള്‍ ആയാല്‍ സൂപ്പര്‍ ലുക്ക് ഉണ്ടാകും.


ഒരു നിറത്തിലെ പ്ലെയിന്‍ തുണിത്തരങ്ങള്‍ക്ക് ഒപ്പം ബഹുവര്‍ണങ്ങള്‍ ഉള്ള മോതിരങ്ങള്‍ ഇണങ്ങും. ഇളം നിറത്തിലെ ഔട്ട് ഫിറ്റാണെങ്കില്‍ കടുപ്പമുള്ള നിറങ്ങളിലെ റിംഗുകള്‍ ആകും നല്ലത്. അതുപോലെ കൈവിരലുകളുടെ പ്രകൃതിക്കനുസരിച്ചുള്ള റിംഗുകള്‍ തെരഞ്ഞെടുക്കാനും ശ്രദ്ധിക്കുക. നീണ്ട വിരലുകള്‍ ഉള്ളവര്‍ക്കു വലിയ ഡിസൈനുകളുള്ള, വലിപ്പമേറിയവ അണിയാം. ചെറിയ വിരലുകള്‍ ആണെങ്കില്‍ നീണ്ട മോതിരങ്ങള്‍ ഉത്തമം. അതുപോലെ മോതിരങ്ങള്‍ തമ്മില്‍ മാച്ചിംഗ് ഉണ്ടാകുന്നതും നല്ലതാണ്. ഓരോ ഉപയോക്താവിന്റെയും സാമ്പത്തിക നിലയനുസരിച്ച് സ്വര്‍ണമോ പ്ലാറ്റിനമോ തെരഞ്ഞെടുക്കാം. വെള്ളിയോ അതിലും വിലകുറഞ്ഞ ലോഹ നിര്‍മിതമായ ഫാഷന്‍ മോതിരമോ ഉപയോഗിക്കാവുന്നതാണ്.

ചര്‍മത്തിന്റെ പ്രകൃതമനുസരിച്ചും മോതിരങ്ങള്‍ തെരഞ്ഞെടുക്കുന്നവരുണ്ട്. ചൂടു ചര്‍മ പ്രകൃതിയുള്ളവര്‍ക്കു സ്വര്‍ണത്തില്‍ തീര്‍ത്ത ചുവപ്പോ സ്വര്‍ണ വര്‍ണമോ ഉള്ള കല്ലുകള്‍ ഉള്ള റിംഗുകള്‍ ഭംഗിയാണ്. തണുത്ത ചര്‍മ പ്രകൃതക്കാര്‍ക്കു പൊതുവേ വെള്ളിയിലോ വൈറ്റ് ഗോള്‍ഡിലോ തീര്‍ത്ത മോതിരങ്ങളില്‍ പേസ്റ്റല്‍ നീല, വയലറ്റ്, പിങ്ക് എന്നീ നിറങ്ങളിലെ കല്ലുകള്‍ പതിച്ചവ ഉചിതം. വജ്രങ്ങള്‍, പേളുകള്‍, ക്വാര്‍ട്‌സ് എന്നിവ പതിച്ചവ എല്ലാ ചര്‍മത്തിനും ചേരും. ഇനി ഇത്തരം കല്ലുകള്‍ നിറഞ്ഞവ ധരിക്കുന്നതില്‍ താല്പര്യമില്ലാത്തവര്‍ക്കും വിലപിടിപ്പുള്ള റിംഗുകള്‍ ആവശ്യമില്ലാത്തവര്‍ക്കും മിതമായ വിലയ്ക്കുള്ളവ വാങ്ങാം. ഓണ്‍ലൈന്‍ വിപണിയിലും ഇവ ലഭ്യമാണ്.

- ശാരി ജഗദീഷ്