കൊല്ലത്തിന്‍റെ പ്രസന്നമുഖം
കൊല്ലത്തിന്‍റെ പ്രസന്നമുഖം
മത്സരിച്ച നാല് തെരഞ്ഞെടുപ്പുകളിലും തിളക്കമാര്‍ന്ന വിജയം. മേയര്‍ സ്ഥാനത്ത് രണ്ടാമൂഴം. കൊല്ലത്തിന്റെ പ്രഥമ വനിത പ്രസന്ന ഏണസ്റ്റിനെ സംബന്ധിച്ചിടത്തോളം അര്‍ഹതയ്ക്കുള്ള അംഗീകാരം കൂടിയാണിത്. കൊല്ലത്തിന്റെ പ്രസന്ന മുഖം എന്നായിരുന്നു തെരഞ്ഞെടുപ്പ് വേളയിലെ വിശേഷണം. അതില്‍ അല്‍പ്പം പോലും അതിശയോക്തിയില്ല. സദാ പുഞ്ചിരി തൂകി തന്നെയാണ് നില്‍പ്പും നടപ്പും. സന്ദര്‍ശകരെല്ലാം തിരികെ പോകുന്നതും സന്തോഷത്തോടെയാകും.

രണ്ടാമതും മേയര്‍ ആയപ്പോള്‍ എന്തുതോന്നുന്നു എന്നു ചോദിച്ചപ്പോള്‍ പാര്‍ട്ടി ഏല്‍പ്പിച്ച ചുമതല ഭംഗിയായി നിര്‍വഹിക്കും എന്നായിരുന്നു ചിരിയില്‍ പൊതിഞ്ഞ മറുപടി. ഇക്കുറി വേറിട്ടൊരു ഭരണമാണ് പ്രസന്നയുടെ സ്വപ്‌നം.

സ്വപ്‌നം എന്നു പറയുമ്പോള്‍ അതു തന്‍േറതല്ലഎന്ന നിലപാടാണ് മേയറുടേത്. ജനങ്ങളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുക എന്നതാണ് അവരുടെ പക്ഷം. സമ്പന്നനെന്നോ ദരിദ്രനെന്നോ വകഭേദമില്ലാത്ത നഗരമാണ് മനസിലുള്ളത്. ഭരണ നിര്‍വഹണത്തില്‍ സംസ്ഥാന സര്‍ക്കാരിനെ അതേപടി പകര്‍ത്തുക എന്നതാണ് പരമപ്രധാനമായ ലക്ഷ്യം. അതിന് ജനപ്രതിനിധി എന്ന നിലയിലും സംഘടനാ പ്രവര്‍ത്തനത്തിലൂടെയും ആര്‍ജിച്ചെടുത്ത കഴിവുകള്‍ കരുത്തുപകരുമെന്നാണ് അവരുടെ പ്രതീക്ഷ.

കലാലയ രാഷ്ട്രീയത്തിലൂടെ

കലാലയ രാഷ്ട്രീയത്തിലൂടെയാണ് സംഘടനാ പ്രവര്‍ത്തനത്തില്‍ സജീവമായത്. വിദ്യാര്‍ഥി സമരങ്ങളില്‍ മുന്നണി പോരാളിയായിരുന്നു. ഫാത്തിമമാതാ നാഷണല്‍ കോളജില്‍ എസ്എഫ്‌ഐയുടെ വൈസ് ചെയര്‍മാനായി. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം കരസ്ഥമാക്കിയ ശേഷം മുഴുവന്‍ സമയ പൊതുപ്രവര്‍ത്തകയായി. 87- 91 കാലയളവില്‍ സാക്ഷരതാ ഇന്‍സ്ട്രക്ടര്‍. 1991ല്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ചവറ ഏരിയാ പ്രസിഡന്റ്. ഇപ്പോള്‍ സംഘടനയുടെ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമാണ്. സിപിഎം ജില്ലാ കമ്മിറ്റി അംഗമായും പ്രവര്‍ത്തിക്കുന്നു.


സ്ത്രീപക്ഷ ചിന്തകള്‍

വനിതകളുടെ ക്ഷേമവും ഐശ്വര്യവും എപ്പോഴും മുന്തിയ പരിഗണനയുള്ള ചിന്തകളാണ്. കൊല്ലത്തെ സ്ത്രീ സൗഹൃദ നഗരമാക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരേയുള്ള അതിക്രമങ്ങള്‍ തടയാന്‍ മേയറുടെ പരിമിതികളില്‍ നിന്നുള്ള ഇടപെടലുകള്‍ ഉണ്ടാകും. സ്ത്രീ ശാക്തീകരണത്തിന് പ്രത്യേക പരിഗണന നല്‍കും. സ്ത്രീകളുടെ മഹാപ്രസ്ഥാനമായ കുടുംബശ്രീ ശൃംഖല കൂടുതല്‍ വിപുലീകരിക്കും. നഗരത്തില്‍ കൂടുതല്‍ വനിതാ സംരംഭങ്ങള്‍ തുടങ്ങും.


സ്വപ്‌നപദ്ധതികള്‍

കൊല്ലം ജില്ലയെ രാജ്യത്തെ മഹാനഗരങ്ങളില്‍ ഒന്നാക്കാന്‍ കഴിവിന്റെ പരമാവധി ശ്രമിക്കും. വര്‍ഷാവര്‍ഷം ഭരണസമിതിയുടെ പ്രോഗ്രസ് റിപ്പോര്‍ട്ട് ജനസമക്ഷം അവതരിപ്പിക്കും. പദ്ധതി നടത്തിപ്പിലും വികസന കാര്യങ്ങളിലും ജനങ്ങളുമായി സംവദിക്കും. അടുത്ത അര നൂറ്റാണ്ടിന്റെ നഗരവികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാന്‍ തീരുമാനിച്ചു കഴിഞ്ഞു. വിവിധ രംഗങ്ങളിലെ പ്രമുഖരെ ഉള്‍പ്പെടുത്തി വിദഗ്ധ സമിതി രൂപീകരിച്ച് അവരുടെ അഭിപ്രായങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും അനുസരിച്ചായിരിക്കും മുന്നോട്ടുള്ള പ്രയാണം. നഗരത്തില്‍ സഞ്ചരിക്കുന്ന ആശുപത്രി എന്ന പുതിയൊരു ആശയവും പരിഗണനയിലുണ്ട്.

നേട്ടങ്ങളുടെ പിന്‍ബലം

പദ്ധതി നടത്തിപ്പിലെ മികവിനു നേരത്തേ ദക്ഷിണേന്ത്യയിലെ മികച്ച മേയറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. വനിത എന്ന നിലയില്‍ ഈ അംഗീകാരം ഏറെ പ്രോത്സാഹനമാണ് നല്‍കിയത്. അതിന്റെ പിന്‍ബലം ഇത്തവണയും കൂടുതല്‍ കരുത്തു പകരും. അഞ്ചുലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ള പട്ടണങ്ങളില്‍ രാജ്യത്ത് ആദ്യമായി കൊല്ലത്തെ കേന്ദ്ര സര്‍ക്കാരിന്റെ ജന്റം പദ്ധതിയില്‍ ഉള്‍പ്പെടുത്താനും കഴിഞ്ഞ തവണ മേയര്‍ സ്ഥാനത്തിരുന്നപ്പോള്‍ കഴിഞ്ഞു. ഇതിനും അപ്പുറമുള്ള നേട്ടങ്ങള്‍ ഇക്കുറിയും കൊല്ലത്തിന് കൈവരും.

കുടുംബപുരാണം

ചവറ കുറ്റിവട്ടം പുത്തന്‍കളീക്കതില്‍ വീട്ടില്‍ ടി.സി.വര്‍ഗീസിന്റെയും മേരിയുടെയും മകള്‍. ഭര്‍ത്താവ് എക്‌സ്.ഏണസ്റ്റ് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ്. ഡോ.നിധിന സിനി, ഡോ.നീന എന്നിവര്‍ മക്കള്‍. സംഘടനാ ഔദ്യോഗിക രംഗങ്ങളിലെ തിരക്കുകള്‍ ഉണ്ടെങ്കിലും വീട്ടുകാര്യങ്ങളിലെ ചിട്ടകള്‍ക്കൊന്നും മുടക്കമില്ല. കുട്ടിക്കാലം മുതലേ മക്കളും ഇതിനോടു പൊരുത്തപ്പെട്ടു കഴിഞ്ഞു. അടുക്കള കാര്യത്തിലും അവര്‍ക്കാണ് കൂടുതല്‍ മിടുക്കെന്ന് സാക്ഷ്യപ്പെടുത്തിയപ്പോഴും അകമ്പടിയായി ചെറുചിരിയുമെത്തി.

എസ്.ആര്‍. സുധീര്‍കുമാര്‍