കുട്ടികളിലെ മസ്തിഷ്‌ക വീക്കത്തിന് കാരണം ഖരമാലിന്യത്തിലെ രാസപദാര്‍ത്ഥങ്ങള്‍
തിരുവനന്തപുരം: അശാസ്ത്രീയമായി പുറന്തള്ളുന്ന ഖരമാലിന്യങ്ങളില്‍ അടങ്ങിയിരിക്കുന്ന വിഷ പദാര്‍ത്ഥങ്ങള്‍ മസ്തിഷ്‌ക വീക്കം ഉള്‍പ്പെടെയുള്ള മാരകരോഗങ്ങള്‍ കുട്ടികളില്‍ ഉണ്ടാക്കുമെന്ന് പഠനങ്ങള്‍. ചെമ്പുകമ്പികള്‍, ബള്‍ബുകള്‍, ട്യൂബുകള്‍, ബാറ്ററി, ഇലക്ട്രിക് കളിപാട്ടങ്ങള്‍ തുടങ്ങിയവയില്‍ അടങ്ങിയിരിക്കുന്ന രാസപദാര്‍ത്ഥങ്ങള്‍ ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത് കുട്ടികളെയാണ്. ശുചിത്വമിഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഖരമാലിന്യങ്ങളില്‍ അടങ്ങിയിരിക്കുന്ന ഈയം, മെര്‍ക്കുറി, ആര്‍സെനിക്, കാഡ്മിയം എന്നീ വിഷപദാര്‍ത്ഥങ്ങളാണ് രോഗങ്ങള്‍ക്ക് പ്രധാന കാരണം. ഖരമാലിന്യത്തില്‍ അടങ്ങിയിരിക്കുന്ന പ്രധാന അപകടകാരിയാണ് ഈയം. ഇത് കുട്ടികളിലെ തലച്ചോറിലേക്കുള്ള രക്ത പ്രവാഹം കുറയ്ക്കും. കൂടാതെ, മാനസിക വളര്‍ച്ച മന്ദഗതിതിയിലാകുക, പഠനവൈകല്യം, വളര്‍ച്ച സാവധാനത്തിലാകുക,നാഡി സംബന്ധമായ വൈകല്യങ്ങള്‍, എന്നിവയ്ക്കും ഈയം കാരണമാകുന്നു. മാത്രമല്ല കുട്ടികളുടെ ബുദ്ധിയെയും പ്രതികൂലമായി ബാധിക്കും. ഖരമാലിന്യത്തിലെ രാസപദാര്‍ത്ഥം മുതിര്‍ന്നവരെയും രോഗികളാക്കുമെന്നതില്‍ സംശയമില്ല. പുരുഷന്മാരില്‍ വന്ധ്യതയ്ക്ക് വഴിയൊരുക്കും. ബീജത്തിന്റെ അളവ് കുറയാന്‍ ഖരമാലിന്യത്തിലെ ഈയം കാരണമാകുമെന്ന് ആരോഗ്യ രംഗത്തെ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. വൃക്കരോഗം, ഗര്‍ഭമലസല്‍, അകാലപ്പിറവി എന്നിവയ്ക്കും ഇത്തരം രാസപദാര്‍ത്ഥങ്ങള്‍ കാരണമാകുന്നുണ്ട്. നമ്മള്‍ പുറന്തള്ളുന്ന പത്രക്കടലാസുകള്‍, പ്ലാസ്റ്റിക്, പെയിന്റ് എന്നിവയിലാണ് ഈയം കൂടുതല്‍ അടങ്ങിയിരിക്കുന്നത്.


ഇതുപോലെ തന്നെ ബാറ്ററി, വൈദ്യുത ഉപകരണങ്ങള്‍ എന്നിവയിലടങ്ങിയിരിക്കുന്ന അപകടകാരിയായ മറ്റൊരു പദാര്‍ത്ഥമാണ് മെര്‍ക്കുറി. തലച്ചോറിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്ന ഘടകമാണിത്.ഷാംപൂ, ടൂസ്‌പേസ്റ്റ്, കോസ്‌മെറ്റിക് ഉത്പന്നങ്ങള്‍ എന്നിവയിലടങ്ങിയിരിക്കുന്ന ആര്‍സെനിക്കും ആരോഗ്യത്തെ പ്രതീകൂലമായി ബാധിക്കുമെന്ന് വിദദ്ധര്‍ പറയുന്നു. ബാറ്ററിയിലും മറ്റും അടങ്ങിയിരിക്കുന്ന കാഡ്മിയം മറ്റൊരു വിഷപദാര്‍ത്ഥമാണ്. കാന്‍സര്‍ പോലുള്ള മാരക രോഗത്തിന് കാഡ്മിയം കാരണമാകുന്നു.കൂടാതെ, ജനിതക രോഗങ്ങള്‍ വന്ധ്യത, ഹൃദ്രോഗം, അബോര്‍ഷന്‍, ഉത്കണ്ഠ, വിഷാദം, ഉറക്കക്കുറവ്, വിറയല്‍ തുടങ്ങിയവയ്ക്കും കാഡ്മിയം വഴിയൊരുക്കും. പെരിഫെറല്‍ വാസ്‌കുലാര്‍ രോഗം, ബോണ്‍ മാരോ ഡിപ്രെഷന്‍, മെലാനൊസിസ് എന്നിവയും ഉണ്ടാകാന്‍ സാധ്യത ഏറെയാണ്.

അശാസ്ത്രീയമായി ഖരമാലി്‌ന്യങ്ങള്‍ പുറന്തള്ളുന്നതിലൂടെ വിഷപദാര്‍ത്ഥങ്ങള്‍ മണ്ണിലും ജലത്തിലും അലിയും. ഇവ സസ്യങ്ങള്‍ വലിച്ചെടുക്കുകയും ചെയ്യുന്നു. കൂടാതെ, ജലത്തിലെത്തുന്ന കണങ്ങള്‍ മത്സ്യങ്ങളിലും കാണപ്പെടുന്നു. ഇവയെ ആഹാരമാക്കുന്നതിലൂടെ ഇത്തരം രാസപദാര്‍ത്ഥങ്ങള്‍ മനുഷ്യരിലെത്തുന്നതെന്നുംആരോഗ്യവിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.