‘അവിടെപ്പോയാൽ എന്തായിരിക്കും സംഭവിക്കുക? ’
Monday, July 27, 2020 4:40 PM IST
കോവിഡ് രോഗത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ദിനംപ്രത്രി പത്രങ്ങളിലും ടിവിയിലും വന്നുകൊണ്ടിരിക്കുകയാണ്. കൊറോണ മരണങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഓരോ ദിവസവും ആശങ്കയുണ്ടാക്കുന്നവയാണ്. യുക്തിപരമായി ചിന്തിച്ചും പരസ്പരം ചര്‍ച്ചചെയ്തും നാം അവയുമായി പൊരുത്തപ്പെട്ട് മുന്നോട്ടുപോകുന്നു.
എന്നാല്‍, കുട്ടികള്‍ ഇത്തരം വാര്‍ത്തകളോടും സംഭവങ്ങളോടും എങ്ങനെയാണ് പ്രതികരിക്കുന്നതെന്ന് നാം ആലോചിക്കാറില്ല. തീര്‍ച്ചയായും അവര്‍ക്കും നമ്മെപ്പോലെ ആശങ്കയുണ്ടാവും. കുട്ടികളോട് ഇക്കാര്യങ്ങള്‍ അന്വേഷിക്കുന്നവര്‍ കുറവാണ്. മുതിര്‍ന്ന മനുഷ്യരെപ്പോലെ മാനസിക പിരിമുറുക്കവും വിഷമവും കുട്ടികള്‍ അനുഭവിക്കുന്നുണ്ട് എന്നതാണു വാസ്തവം.
എന്നാല്‍, ഈയവസരത്തില്‍ കുട്ടികളോടു തുറന്നു സംസാരിക്കുകയും പെരുമാറുകയും ചെയ്യുകയാണെങ്കില്‍ അവരെ ഉറച്ച മനസോടുകൂടി പ്രതിസന്ധികളെ നേരിടുന്നവരാക്കി മാറ്റാന്‍
നിങ്ങള്‍ക്കു കഴിയും. വെല്ലുവിളികളെ ഉറപ്പോടെ നേരിടാന്‍ പ്രാപ്തിയുള്ളവരാക്കി മാറ്റാന്‍ കഴിയും. ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമ്പോള്‍ മറ്റുള്ളവരെ സഹായിക്കാന്‍ മാനസികമായി ശേഷിയുള്ളവരാക്കി മാറ്റാന്‍ കഴിയും. മാതാപിതാക്കളും അധ്യാപകരും ഇക്കാര്യം ശ്രദ്ധിക്കണം.
കോവിഡ് രോഗസംക്രമണ സമയത്ത് കുട്ടികളോടു സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് യുണിസെഫ്, ലോകാരോഗ്യസംഘടന തുടങ്ങിയ അന്താരാഷ്്ട്ര ഏജന്‍സികള്‍ വിശദമായി ഇതിനകം എഴുതിയിട്ടുണ്ട്. അവ എന്തൊക്കെയാണെന്ന് നമുക്കു പരിശോധിക്കാം.
വേണ്ടത് തുറന്ന സമീപനം
‘അങ്ങനെ ചെയ്യരുത്’, ‘ഇങ്ങനെ ചെയ്യരുത്’, ‘അവിടെ പോകരുത്’ എന്നിങ്ങനെ നിരന്തരം നിര്‍ദേശങ്ങള്‍ കൊടുത്തുകൊണ്ടിരിക്കരുത് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. പകരം അവരുമായി ഇത്തരം കാര്യങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്യുക എന്ന സമീപനമാണു വേണ്ടത്. അതായത് പരസ്പര സംഭാഷണം ഉണ്ടാകാന്‍ സഹായിക്കും വിധം തുറന്ന ചോദ്യങ്ങള്‍ കുട്ടികളോടു ചോദിക്കുകയും അവര്‍ പറയുന്നതു കേള്‍ക്കുകയും വേണം .
ഉദാഹരണം, ‘അവിടെ പോകരുത്’ എന്ന് പറയുന്നതിന് പകരം ‘അവിടെ പോയാല്‍ എന്തായിരിക്കും സംഭവിക്കുക? എന്ന് ചോദിക്കാം. അങ്ങനെ തുടങ്ങുന്ന ഒരു സംഭാഷണത്തിലൂടെ തിരക്കുള്ള ഒരു സ്ഥലത്ത് കൊറോണ രോഗാണു എങ്ങനെയാണ് പകരുന്നതെന്നും രോഗം പിടിപെടാതിരിക്കാന്‍ എന്തൊക്കെയാണ് ചെയ്യേണ്ടതെന്നും വിശദീകരിക്കാന്‍ കഴിയും. ചിലപ്പോള്‍ നമ്മെ അദ്ഭുതപ്പെടുത്തുന്ന തരത്തില്‍ രോഗപ്രതിരോധത്തെ സഹായിക്കുന്ന പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ അവര്‍ നല്‍കിയെന്നും വരാം.
ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് കുട്ടികള്‍ക്ക് എന്തൊക്കെ അറിയാമെന്ന് ഇങ്ങനെയുള്ള തുറന്ന സംഭാഷണങ്ങളിലൂടെ മാത്രമേ നമുക്ക് മനസിലാക്കാന്‍ കഴിയു. എങ്കില്‍ മാത്രമേ അവരുടെ ശരിയായ ബുദ്ധിമുട്ടുകള്‍ കണ്ടെത്തി പരിഹരിക്കാന്‍ കഴിയൂ. അതിനാല്‍ കുട്ടികള്‍ നല്കുന്ന വിവരങ്ങളിലൂടെ, അവര്‍ക്കറിയാവുന്ന കാര്യങ്ങളില്‍ നിന്ന് തുടങ്ങി ചര്‍ച്ച മുന്നോട്ട് പോവുന്നതാവും നല്ലത്. കുട്ടികളുടെയും മുതിര്‍ന്നവരുടെയും ലോകം
വ്യത്യസ്തമാണെന്ന് നാം അറിയണം.
കുട്ടികള്‍ തീരെ ചെറുതാണെങ്കില്‍ കൊറോണയെക്കുറിച്ച് അവര്‍ക്ക് അറിയില്ലായിരിക്കാം. അങ്ങനെയുള്ള കുട്ടികളോട് ഈ വിഷയം സംസാരിക്കേണ്ടതില്ല. സംസാരിക്കാന്‍ പോയാല്‍ പുതിയ ഒരു ഭയം നിങ്ങള്‍ അവര്‍ക്ക് നല്കുകയായിരിക്കും ചെയ്യുക. അതിന് പകരമായി ശുചിത്വത്തെക്കുറിച്ച് അവരോട് സംസാരിക്കുക. കൈകള്‍ കഴുകുന്നത് കാണിച്ചു കൊടുക്കുക. അവരെക്കൊണ്ട് ചെയ്യിപ്പിക്കുക. (തുടരും)
വിവരങ്ങൾക്കു കടപ്പാട്:
ഡോ. ജി. ആർ. സന്തോഷ് കുമാർ,
ആരോഗ്യകേരളം, വയനാട്