രോഗങ്ങളെ പ്രതിരോധിക്കാൻ ഭക്ഷണശൈലിയിലെ താളപ്പിഴകളാണ് മിക്ക രോഗങ്ങൾക്കും കാരണമെന്ന് മുഖ്യ വൈദ്യശാസ്ത്ര ശാഖകളെല്ലാം ഒരേസ്വരത്തിൽ പറയുന്നുണ്ട്. രോഗങ്ങളെ നേരിടാനും പിടിയിലൊതുക്കുവാനും ഒരുപക്ഷ, മരുന്നുകളെക്കാൾ ഫലപ്രദമായി ആരോഗ്യപൂർണമായ ഭക്ഷണശൈലിക്കു സാധിക്കും എന്ന യാഥാർഥ്യം പല ബൃഹത്തായ പഠനങ്ങളിലൂടെയും വൈദ്യശാസ്ത്രസംഘടനകൾ സ്ഥിരീകരിക്കുകയാണ്.
ഭക്ഷണംതന്നെ ചികിത്സ എന്ന സംജ്ഞ രൂപപ്പെടുകയാണ്. മരുന്നിനൊപ്പംനിന്ന് രോഗങ്ങളെ നിയന്ത്രിക്കുക മാത്രമല്ല, മരുന്നു തന്നെയാണു ചില ആഹാരങ്ങൾ എന്നും വെളിപ്പെടുകയാണ്. ശുദ്ധഭക്ഷണത്തിന്റെ ഒൗഷധമൂല്യത്തെ നാം അംഗീകരിക്കണം. ഹൃദ്രോഗം, പ്രഷർ, പ്രമേഹം, ഉദരരോഗങ്ങൾ, മൈഗ്രേൻ, അസ്ഥിക്ഷയം തുടങ്ങിയവയെ നല്ലൊരു പരിധിവരെ പ്രതിരോധിക്കാൻ ആരോഗ്യപൂർണമായ ഭക്ഷണക്രമത്തിനു സാധിക്കുമെന്നോർക്കണം.
ആരോഗ്യം നിലനിർത്തുന്നത്... ആഹാരം, നിദ്ര, വ്യായാമം, ബ്രഹ്മചര്യം എന്നിവയെ ശരീരത്തെ താങ്ങിനിർത്തുന്ന നാലു തൂണുകളായാണ് ആയുർവേദാചാര്യന്മാർ വിശേഷിപ്പിക്കുന്നത്. ഇവയുടെ സന്തുലിതാവസ്ഥ തെറ്റാതിരുന്നാൽ ശരീരത്തിന്റെ സ്വാഭാവികാവസ്ഥയായ ആരോഗ്യം അഥവാ സ്വാസ്ഥ്യം അനുഭവപ്പെടുന്നു. മറിച്ചായാൽ ശരീരം രോഗാതുരമാകുന്നു.
ഈ നാലു തൂണുകളിൽ ഏറ്റവും പ്രധാനം ആഹാരംതന്നെ. എന്തു കഴിക്കണം, എപ്പോൾ കഴിക്കണം, എത്ര പ്രാവശ്യം കഴിക്കണം എങ്ങനെ കഴിക്കണം എന്നീ ഘടകങ്ങൾ ആഹാരകാര്യത്തിൽ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. (തുടരും)
വിവരങ്ങൾ:
ഡോ. ജോർജ് തയ്യിൽ MD, FACC, FRCP
സീനിയർ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ്, ലൂർദ് ആശുപത്രി, എറണാകുളം