പക്ഷേ, നട്സ് കഴിച്ചാൽ തൂക്കം കൂടും. അതിനാൽ അമിതമായി കഴിക്കരുത്. നട്സിലുളള കൊളസ്ട്രോൾ മോണോ അണ്സാച്ചുറേറ്റഡ് ഫാറ്റി ആസിഡാണ്. ഇത് ഹൃദയാരോഗ്യത്തിനു ഗുണപ്രദം. പ്രത്യേകിച്ചും വാൽനട്ടും ബദാം പരിപ്പും.
പയറു വർഗത്തിൽപ്പെട്ട നിലക്കടലയും നല്ലതാണ്. 100 ഗ്രാമിൽ 550 കാലറി ഊർജം അടങ്ങിയിരിക്കുന്നു. ഇതിൽ പ്രോട്ടീനും ബി കോംപ്ലക്സും ധാരാളം. എന്നാൽ അധികമാകരുത്, ഒരുപിടി കഴിക്കാം. അതായത് 40 ഗ്രാം വരെ ദിവസവും കഴിക്കാം. അഥവാ രണ്ടു ടേബിൾ സ്പൂണ്. കാഷ്യു നട്സും നല്ലതാണ്. എന്നാൽ ഉപ്പു ചേർത്തു റോസ്റ്റ് ചെയ്തത് ഒഴിവാക്കണം. റോസ്റ്റഡ് വിഭവങ്ങളിൽ കാലറി കൂടുതലാണ്. ഉപ്പ് അമിതമായി ശരീരത്തിലെത്തുന്നതും അപകടം.
അമിത കൊഴുപ്പ് ചെലവാക്കാം
ശരീരം നേരത്തേ ശേഖരിച്ചു വച്ചിരിക്കുന്ന കൊഴുപ്പിൽ നിന്ന് ഉൗർജമെടുത്താണ് ഉപവാസമണിക്കൂറുകളിൽ ശരീരത്തിന്റെ വിവിധ പ്രവർത്തനങ്ങൾ നടക്കുന്നത്്. അതിനാൽ ഉപവാസത്തിനു ശേഷം രണ്ടുമൂന്നു കിലോ വരെ തൂക്കം കുറയാറുണ്ട്. ഉപവാസകാലത്തു പൊതുവെ കുറഞ്ഞ കലോറിയാണു ലഭിക്കുന്നത്.
ഒരു ദിവസം ആവശ്യമായ ആകെ കലോറി ഉൗർജം പൂർണമായും ഉപവാസദിവസങ്ങളിൽ കിട്ടാറുമില്ല. അപ്പോൾ ശരീരത്തിൽ ശേഖരിച്ചിരിക്കുന്ന കൊഴുപ്പ് ഉൗർജത്തിനായി ചെലവാക്കും. അമിത കൊഴുപ്പ് ഉൗർജമായി മാറുന്നു.
ഉപവാസത്തിലൂടെ ഡീടോക്സിഫിക്കേഷൻ
ഉപവാസകാലത്തു മിതാഹാരം ശീലം. പെട്ടെന്നു ദഹിക്കുന്ന ഭക്ഷണം മാത്രം ശരീരത്തിലെത്തുന്നു. മസാലകളും വറുത്ത സാധനങ്ങളും ഉപവാസകാലത്ത് കൂടുതലായി കഴിക്കാറില്ലല്ലോ. കുടലിന്റെ ജോലി കുറയുന്നു. ശരീരത്തിലെ വിഷമാലിന്യങ്ങൾ നീക്കം ചെയ്യപ്പെടുന്ന പ്രവർത്തനം കാര്യക്ഷമമാകുന്നു.
ഉപവാസകാലത്തു ശരീരമൊന്നാകെ മാലിന്യവിമുക്തമാകുന്നു. വിഷമാലിന്യങ്ങൾ ശരീരകോശങ്ങളിൽ നിന്നു നീക്കംചെയ്യപ്പെടുന്നു. ഡീ ടോക്സിഫിക്കേഷൻ എന്നാണ് ഇതറിയപ്പെടുന്നത്. വിവിധ അവയവങ്ങളിലെ മാലിന്യങ്ങൾ പുറന്തളളാൻ പറ്റിയ സന്ദർഭമായി ശരീരം ഉപവാസകാലത്തെ പ്രയോജനപ്പെടുത്തുന്നു.
വിവരങ്ങൾ:
ഡോ. അനിത മോഹൻ ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് & ഡയറ്റ് കണ്സൾൻറ്