ഹൃദയാരോഗ്യത്തിന് തുളസിയിലുളള വിറ്റാമിൻ സിയും Eugenol എന്ന ആന്റിഓക്സിഡൻറും ഫ്രീറാഡിക്കലുകളുടെ ആക്രമണത്തിൽനിന്നു ഹൃദയത്തിനു സംരക്ഷണമേകുന്നു. കൊളസ്ട്രോൾ കുറയ്ക്കുന്നു. രക്തസമ്മർദം നിയന്ത്രിതമാക്കുന്നു.
ചർമസംരക്ഷണത്തിനും മുടിയഴകിനും ബാക്ടീരിയയെ നശിപ്പിച്ച് മുഖക്കുരു വ്യാപിക്കുന്നതു തടയാൻ തുളസിയിലനീരു പുരട്ടാം. വരട്ടുചൊറി, പുഴുക്കടി തുടങ്ങിയ ചർമരോഗങ്ങളുടെ ചികിത്സയ്ക്കും തുളസിയില ഫലപ്രദം. ഫംഗസിനെ തടയുന്നു. തുളസിയില അരച്ചുപുരട്ടിയാൽ ചൊറിച്ചിലിൽ നിന്നു മോചനം. നിരവധി ചർമ - കേശ - ആരോഗ്യ, സൗന്ദര്യ ഉത്പന്നങ്ങളുടെ നിർമാണത്തിന് തുളസിയില ഉപയോഗിക്കുന്നുണ്ട്. തുളസിയിലെ ആന്റിഓക്സിഡൻറുകൾ ചർമത്തിന്റെ യുവത്വം നിലനിർത്തുന്നു. ചർമത്തിന്റെ തിളക്കവും മൃദുലതയും കൂട്ടുന്നു. മുടിയുടെ ആരോഗ്യത്തിനും തുളസിയില ഗുണപ്രദം. തുളസിയിലയിട്ടു മൂപ്പിച്ച വെളിച്ചെണ്ണ തലയിൽ പതിവായി തേച്ചുപിടിപ്പിച്ചാൽ താരനകറ്റാം; മുടികൊഴിച്ചിൽ കുറയ്ക്കാം.
മറ്റു ഗുണങ്ങൾ ആൻറി സെപ്റ്റിക്കാണ് തുളസിയില. മുറിവുകൾ, വ്രണങ്ങൾ എന്നിവ ഭേദപ്പെടുത്തുന്നതിനു സഹായകം. നാഡീസംബന്ധമായ വേദനയും നീർവീക്കവും കുറയ്ക്കുന്നതിനും ഉത്തമം. പുകയില ഉത്പന്നങ്ങളുടെ ഉപയോഗം മൂലം വായിലുണ്ടാകുന്ന കാൻസർ വളർച്ച തടയുന്നതിനും ഗുണപ്രദമെന്നു പഠനം. പുകവലി ഉപേക്ഷിക്കാൻ താത്പര്യമുളളവർ തുളസിയില കൈയിൽ കരുതുക. പുകവലിക്കാനുളള ആഗ്രഹം പ്രകടമാകുന്പോൾ പുകയില ഉത്പന്നങ്ങൾക്കുപകരം തുളസിയില ചവയ്ക്കുക. കാലങ്ങളായി തുടർന്ന പുകവലി വരുത്തിവച്ച ദോഷങ്ങൾ കുറയ്ക്കുന്നതിന് തുളസിയിലുളള ആന്റി ഓക്സിഡൻറുകൾ സഹായകം. അതിലുളള വിറ്റാമിൻ സി, camphene, Eugenolഎന്നിവ പുകവലി, ക്ഷയം എന്നിവകൊണ്ടു ശ്വാസകോശത്തിനുണ്ടായ കേടുപാടുകൾ പരിഹരിക്കുന്നതിനു സഹായകം. തുളസിയുടെ ആരോഗ്യസിദ്ധികളാണ് അതിന്റെ മഹത്വം. അതു തിരിച്ചറിയുന്നതാണ് ആരോഗ്യജീവിതത്തിലേക്കുളള പ്രകൃതിവഴി. വീട്ടുമുറ്റത്തും തൊടിയിലും ഫ്ളാറ്റുകളിലെ ചെറു ചട്ടികളിലും തുളസിക്കതിരുകൾ കാറ്റിലാടി നിൽക്കട്ടെ. വായു ശുദ്ധമാകും. ശ്വസനം ആനന്ദകരമാകും. മനസ് ശാന്തമാകും. ജീവിതം സുന്ദരമാകും.