അഡിനോയ്ഡ് ഗ്രന്ഥി ഇൻഫക്ഷൻ
? എട്ടുവയസുള്ള എന്റെ മകൾക്ക് മൂന്നുവയസുമുതൽ അഡിനോയ്ഡ് ഗ്രന്ഥി ഇൻഫക്ഷൻ ഉണ്ടാകാറുണ്ട്. കൂടുതൽ സംസാരിക്കുകയോ തണുപ്പടിക്കുകയോ ചെയ്യുമ്പോൾ ഒച്ചയടയും. കൂടാതെ ഉറങ്ങുമ്പോൾ കൂർക്കംവലിപോലുള്ള ഒച്ചയുമുണ്ട്. കുട്ടിക്ക് ശ്വാസോഛ്വാസത്തിനു ബുദ്ധിമുട്ട് അനുഭവപ്പെടുന്നതുകൊണ്ട് വായ് തുറന്നുപിടിച്ചും തനിയെ മുഖം മേൽപോട്ടുവച്ചുമാണ് ഉറങ്ങുക. എട്ടുവയസാകുന്നതുവരെ നോക്കാം. എന്നിട്ടും ഈ ബുദ്ധിമുട്ട് മാറുന്നില്ലെങ്കിൽ അഡിനോയ്ഡ് ഗ്ലാൻഡ് നീക്കം ചെയ്യേണ്ടിവരുമെന്നാണ് ഡോക്ടർ നിർദേശിച്ചിട്ടുള്ളത്. ഇപ്പോൾ ഹോമിയോ മരുന്നു കൊടുക്കുന്നുണ്ടെങ്കിലും കാര്യമായ കുറവ് തോന്നുന്നില്ല. പരിഹാരം നിർദേശിക്കാമോ

ലിജി, ശ്രീമൂലനഗരം

ഇവിടെ പറഞ്ഞ ലക്ഷണങ്ങളനുസരിച്ച് ഈ കുട്ടിയെ നല്ലൊരു ആശുപത്രിയിൽ കൊണ്ടു പോയി ശിശുരോഗ വിദഗ്ധനെക്കൊണ്ടും ഇ.എൻ.ടി. വിദഗ്ധനെക്കൊണ്ടും പരിശോധിപ്പിക്കേണ്ടതാണ്. കുട്ടിക്ക് ശ്വാസോച്ഛ്വാസത്തിന് എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടെങ്കിൽ അഡിനോയ്ഡെക്റ്റമി പോലുള്ള ശസ്ത്രക്രിയ വേണ്ടിവന്നേക്കാം. അത് ആവശ്യമാണെങ്കിൽ എട്ടു വയസു വരെ വച്ചുതാമസിപ്പിക്കാനാവില്ല. ശസ്ത്രക്രിയ ആവശ്യമാണെങ്കിൽ അത് നേരത്തേ നടത്തുന്നതായിരിക്കും നല്ലത്. എന്നാൽ, ശസ്ത്രക്രിയയെക്കുറിച്ച് തീരുമാനിക്കുന്നതിനു മുമ്പ് വിശദമായ പരിശോധനകൾ നടത്തണം.