പോലീസ് മൂല്യതകർച്ചയുടെ പാതയിൽ
പോലീസ് മൂല്യതകർച്ചയുടെ പാതയിൽ
നിത്യവും കാണുന്ന പംക്തികൾപോലെ നമ്മുടെ പോലീസ് വകുപ്പ് ഭീതിപ്പെടുത്തുന്ന അനശ്വരതയിലേക്ക് വളരുകയാണ്. സ്വീഡൻ സന്ദർശിച്ച ഒരു വ്യക്തി എന്ന നിലയിൽ പറഞ്ഞാൽ യൂറോപ്പിൽ മൂല്യവത്തായ വ്യക്തിത്വമുള്ളവരും സംസ്കാര സമ്പത്തുള്ളവരും അച്ചടക്കമുള്ളവരുമാണ് സ്വീഡിഷ് ജനത. ഇന്ത്യയിലേതുപോലെ അവർ ഒരിക്കലും അനീതി അധർമ്മം ജാതി മത രാഷ്ട്രീയത്തിന് കൂട്ടുനിൽക്കുന്നവരല്ല.

സ്വീഡനിൽ നിന്ന് വന്ന സഞ്ചാരിയുടെ മദ്യ കുപ്പി വാങ്ങി അതിലെ മദ്യം അച്ചടക്കമില്ലാത്ത പോലീസ് ഒഴുക്കിക്കളഞ്ഞതിലൂടെ കേരള പോലീസ് വകുപ്പിലെ ഒരു ഉന്മാദിയെ ലോകത്തിന് വെളിപ്പെടുത്തി തന്നു. മൂന്ന് ലിറ്റർ മദ്യം കൈവശം വെക്കാമെന്നുള്ള നിയമം ഇന്ത്യയിൽ നിലനിൽക്കെ നിയമങ്ങൾ പരിപാലിക്കേണ്ട പോലീസ് നിയമങ്ങൾ ലംഘിക്കുന്ന കാഴ്ചകളാണ് നിത്യവും നടത്തിക്കൊണ്ടിരിക്കുന്നത്. സ്‌നേഹത്തിന്‍റെ ശാലീനമായ ഒരന്തിരിഷത്തിൽ ജീവിക്കുന്ന ഒരു പൗരൻ കേരളത്തിൽ അനുഭവിച്ച മാനസിക സംഘർഷങ്ങൾ ആരും നിസ്സാരമായി കാണരുത്. ഈ കാടത്തം പാശ്ചാത്യ രാജ്യങ്ങളിലായിരുന്നെങ്കിൽ ഈ പൊലീസ്‌കാരൻ ഇരുമ്പഴിക്കുള്ളിലാകുമായിരിന്നു.

അപകടകാരികളായ കാട്ടിലെ ആനയെ മെരുക്കിയെടുക്കുന്നതുപോലെ കേരളത്തിലെ പൊലീസിനെ മെരുക്കിയെടുക്കാൻ എന്തെങ്കിലും വഴികൾ ഭരണാധികാരികൾ കണ്ടെത്തണം. ആദ്യം ഇവരെ പഠിപ്പിക്കേണ്ടത് മാനുഷിക മൂല്യങ്ങൾ എന്താണ്? സാംസ്കാരികമായി വളരേണ്ടത് എങ്ങനെയാണ്? പോലീസ് സ്റ്റേഷനിൽ ചെറിയ ലൈബ്രറി നല്ലതാണ്. നാലക്ഷരം വായിച്ചു വളരട്ടെ. അല്ലാതെ കൈക്കൂലി വളർച്ചയും പാവങ്ങളുടെ മേൽ കുതിരകയറാനുമല്ല പഠിക്കേണ്ടത്.

നമ്മുടെ പൊലീസ് സംവിധാനത്തിൽ പിൻവാതിൽ നിയമനങ്ങളും അഴിമതിക്കാരും ഉള്ളതുകൊണ്ടാണ് നിത്യവും പൊലീസ് പീഡനങ്ങൾ അരങ്ങേറുന്നത്. മാനുഷിക മൂല്യങ്ങൾ, അച്ചടക്ക൦, ക്ഷമ, കാരുണ്യമില്ലാത്തവർ എങ്ങനെയാണ് പൊലീസ് സേനയിൽ കടന്നുവരുന്നത്? ഇതിലെ കുറ്റവാളികൾക്ക് കുടപിടിക്കുന്ന, ന്യായികരിക്കുന്ന പൊലീസ് അസോസിയേഷൻ, ഭരണരംഗത്തുള്ളവരെ പിരിച്ചുവിടാതെയിരിന്നാൽ കുറ്റകൃത്യങ്ങൾ കൂടിക്കൊണ്ടിരിക്കും. അത് സമൂഹത്തെ, രാഷ്ട്രത്തെ കെട്ടിപ്പടുക്കുകയല്ല ചെയ്യുന്നത് മറിച്ചു് തല്ലിത്തകർക്കുകയാണ്.

യൂറോപ്പിൽ കൊടുംകുറ്റവാളികളെപോലും സ്‌നേഹത്തോടെയാണ് പൊലീസ് സമീപിക്കുന്നത്. ജനങ്ങളുടെമേൽ തെറ്റായ പദങ്ങൾ ഉപയോഗിക്കാൻ പോലും നിയമങ്ങൾ അനുവദിക്കുന്നില്ല. ചില ദരിദ്ര ആഫ്രിക്കൻ രാജ്യങ്ങളിലും ഇന്ത്യയിലുമാണ് മൃഗങ്ങളോട് കാണിക്കുന്ന ക്രൂരതപോലെ മനുഷ്യരോട് കാട്ടുന്ന നീതി നിഷേധങ്ങൾ നടപ്പാക്കുന്നത്. നിയമ പാലകർ നിയമം പഠിച്ചാൽ മാത്രം പോരാ അതിലുപരി ധർമ്മത്തിന് കോട്ടം വരാതെ പരിപാലിക്കപ്പെടണം.


ഒരു ഭരണത്തെ ദുർബലപ്പെടുത്താൻ കരുത്തുള്ളവരാണ് പട്ടാളവും പൊലീസും. ഈ കൂട്ടരുടെ ലക്ഷ്യം ഭൗതിക വളർച്ചയാണ്. സത്യവും നീതിയും ഇവരിൽ നിന്ന് പ്രതീക്ഷിക്കേണ്ടതില്ല. ഈ ഗണത്തിൽപ്പെട്ട ധാരാളം ക്രിമിനലുകൾ കേരള പൊലീസിലുണ്ട്. ഇവർ ഗുണ്ടകളെപോലെയാണ് ജനത്തെ നേരിടുന്നത്. ഇവരെ നിലനിർത്തുന്ന രാഷ്ട്രീയ നേതാക്കന്മാരുമുണ്ട്. ഇത് നിയമവാഴ്ചക്ക് വെല്ലുവിളിയും ഭരണതകർച്ചക്ക് കാരണവുമാകുന്നു. ഇവർക്ക് മുകളിൽ വിദ്യാസമ്പന്നരയ ചാരന്മാരെ നിയോഗിച്ചാൽ ഇവർ സമൂഹത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന അനീതികൾ സമഗ്രമായി അറിയാൻ സാധിക്കും.

പൊലീസ് വകുപ്പിനെ സത്യസന്ധമായി വിലയിരുത്താൻ ചുമതലപ്പെട്ടവർ മുന്നോട്ട് വരാത്തതുമൂലം അറിയേണ്ടതൊന്നും അറിയുന്നില്ല അല്ലെങ്കിൽ അറിഞ്ഞിട്ടും അറിയാതെയിരിക്കുന്നു. കേരളത്തിൽ ക്രമസമാധാന പരിപാലനം തകിടം മറിയാൻ കാരണം കർത്തവ്യബോധമുള്ള നിയമപാലകർ ഇല്ലാത്തതാണ്. കൃത്യമായി പറഞ്ഞാൽ പൊലീസ്‌കാരൻ ഭയവും ആദരവും കാണിക്കേണ്ടത് ഉന്നത പൊലീസ്‌കാരുടെ മുന്നിലല്ല അതിലുപരി അന്നം തരുന്ന ജനത്തിന് മുന്നിലാണ്.

പോലീസ്‌കാരുടെ കുറ്റങ്ങൾ കണ്ടെത്തി ശിക്ഷിക്കാതെ, തുറുങ്കിലടക്കാതെ പോയാൽ ഇവിടുത്തെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടില്ല. ജനത്തിന് കണ്ണിൽ പൊടിയിടുന്ന സസ്പെൻഷനുമായി മുന്നോട്ട് പോയാൽ പാവങ്ങളുടെ ജീവിതം കൂടുതൽ സങ്കീർണ്ണമാകുകതന്നെ ചെയ്യും. നിയമ വാഴ്ചയുടെ കർത്തവ്യമാണ് കുറ്റവാളികളെ ശിക്ഷിക്കേണ്ടത്. അവിടെ പൊലീസ്, ഭരണാധിപൻ എന്നൊന്നില്ല. നീതി ലഭിക്കാത്തവർക്ക് കോടതി വിധി ആശ്വാസകരമായി കാണാറുണ്ട്.

നീതിയുടെ യഥാർത്ഥ പ്രതിച്ഛായ ഈശ്വരന് തുല്യമാണ്. കാലം വളർന്നിട്ടും നമ്മുടെ പോലീസ് എന്താണ് വളർച്ച പ്രാപിക്കാത്തത്? പൊലീസ് വകുപ്പിൽ നിന്ന് നല്ല നല്ല പ്രതിച്ഛായകൾ സമകാലിക ജീവിതത്തിലുണ്ടാകട്ടെ. മനുഷ്യർ ഏകാന്തതയുടെ തടവറയിൽ ഉറങ്ങുമ്പോഴും ഉറങ്ങാത്ത കണ്ണുകളുമായി കഴിയുന്ന പോലീസ്‌കാരുടെ ആത്മാവിനെ തൊട്ടറിയുന്നവരാണ് ജനങ്ങൾ. നിയമപാലന രംഗത്ത് മൂല്യത്തകർച്ചയുണ്ടാകാതെയിരിക്കട്ടെ.

കാരൂർ സോമൻ, ലണ്ടൻ

useful_links
story
article
poem
Book