പുലാനി വീട്ടിൽ വിരുന്നിനെത്തിയ പുതിയ അതിഥി
Tuesday, October 19, 2021 6:30 AM IST
മേലൂർ: പൂലാനിയിൽ വിരുന്നിനെത്തിയ അതിഥിയെ കണ്ടു പരിഭ്രാന്തരായി വീട്ടുകാർ. എട്ടുവീട്ടിൽ ശ്രീകുമാറിന്റെ വീട്ടിലെ നായ്ക്കൾ നിറുത്താതെ കുരക്കുന്നതുകേട്ടു നോക്കാൻ എത്തിയ കുടുംബാംഗങ്ങളാണു വർക്ക് ഏരിയയിൽ കിടക്കുന്ന പുതിയ അതിഥിയെ ആദ്യം കണ്ടു ഞെട്ടിയത്.
25 കിലോയോളം തൂക്കം വരുന്ന ഭീമൻ ഉടുന്പിനെ കണ്ട് വീട്ടുകാർ ആദ്യമൊന്നു പരിഭ്രമിച്ചെങ്കിലും ആർക്കും അടുത്തു ചെന്നും ചിത്രമെടുക്കാനുള്ള ധൈര്യം ഉണ്ടായില്ല. പിന്നിട് കൗതുകം തോന്നി വീടിന്റെ ജനാലയിലൂടെ ഭീമനായ ഉടുന്പിന്റെ വീഡിയോയും ചിത്രവും പകർത്തുകയായിരുന്നു.
ഇതിനിടെ അഴിച്ചുവിട്ടിരുന്ന നായ പാഞ്ഞടുത്തത്തോടെ ഉടുന്പ് ഓടിമറഞ്ഞ് അടുത്തുള്ള തെങ്ങിൽ കയറി രക്ഷപെടുകയും ചെയ്തു.
പ്രദേശത്ത് ചെറിയ ഉടുന്പുകളെ പലപ്പോഴും കണ്ടിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് ഇത്തരം വലിയ ഉടുന്പിനെ കാണുന്നതെന്നു വീട്ടുകാർ പറയുന്നു. മേലൂരിലെ വിവിധ ഭാഗങ്ങളിൽ ഇതേ വലുപ്പമുള്ള ഉടുന്പിനെ കണ്ടതായി നാട്ടുകാരും പറയുന്നു.
ഒറ്റനോട്ടത്തിൽ വലിയ മുതലയോടു സാമ്യമുള്ളതുമൂലം രാത്രി കാലങ്ങളിലുള്ള യാത്രക്കാർ ആശങ്കയിലാണ്.