കാറ്റൂതിമേട്ടിലെ വറ്റാത്ത ആന്പൽക്കുളം
Saturday, March 5, 2022 9:55 AM IST
പ്രകൃതിയുടെ വരദാനമായി കാറ്റൂതിമേട്ടിലെ വറ്റാത്ത ആന്പൽക്കുളം. സേനാപതി പഞ്ചായത്തിലാണ് സമുദ്രനിരപ്പിൽനിന്നും രണ്ടായിരത്തിലധികം മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന കാറ്റൂതിമേട്. അൻപതേക്കറോളം വ്യാപിച്ചുകിടക്കുന്ന കാറ്റൂതിമേടിന്റെ നിറുകയിൽ അരയേക്കറോളം വിസ്തൃതിയുള്ള കുളത്തിൽ തെളിനീര് നിറഞ്ഞുകിടക്കുന്ന കാഴ്ച അദ്ഭുതവും അതുപോലെതന്നെ നയനമനോഹരവുമാണ്.
ഏഴു പതിറ്റാണ്ടു മുൻപുമുതൽ തമിഴ് വംശജർ അധിവസിക്കുന്ന പ്രദേശമാണ് കാറ്റൂതിമേട്. വർഷങ്ങൾക്കുമുന്പ് ഒറ്റക്കല്ലിൽ തീർത്ത സപ്തകന്യകമാരുടെ ഒരു വിഗ്രഹം കാറ്റൂതിമേട്ടിലെ ഈ കുളത്തിൽനിന്നും ലഭിച്ചതോടെ പ്രദേശവാസികൾ കുളത്തിന്റെ കരയിൽ ക്ഷേത്രം സ്ഥാപിച്ച് ആരാധന നടത്തി വരുന്നു.
സപ്തകന്യകമാരുടെയും കുളത്തിന്റയും കാവൽ ദൈവമായി കറുപ്പുസ്വാമിയുടെ വിഗ്രഹവും കുളക്കരയിൽ സ്ഥാപിച്ചിട്ടുണ്ട്.
എത്ര വരൾച്ച ഉണ്ടായാലും ഈ കുളം വറ്റാറില്ലെന്നാണ് ഇവിടുത്തെ ആദ്യകാല കുടിയേറ്റക്കാർ പറയുന്നത്. ചുറ്റുമുള്ള വനങ്ങളിൽനിന്നും വേനൽക്കാലത്ത് വന്യജീവികൾ വെള്ളം കുടിക്കാനെത്താനെത്തുന്നതും ഈ കുളക്കരയിലാണ്.
കുളത്തിൽ സൂര്യനോടു കിന്നാരം പറയുന്ന ആന്പൽ പൂക്കളും ഓളപരപ്പിൽ താളംതുള്ളുന്ന സ്വർണമത്സ്യങ്ങളും ധാരാളമായുണ്ട്. ആരും ആന്പൽ പൂക്കൾ പറിക്കുകയോ മത്സ്യങ്ങളെ പിടിക്കുകയോ ചെയ്യാറില്ല എന്നതാണ് ഏറെ വിരോധാഭാസം.
വിശ്വാസവും മിത്തും ഇടകലർന്ന കഥകളുമായി ഒരിക്കലും വറ്റാത്ത കാറ്റൂതിമേട്ടിലെ ആന്പൽക്കുളവും പരിസരങ്ങളും ഈ തണ്ണീർത്തട ദിനത്തിൽ പുതിയൊരു അനുഭവമാണ് നൽകുന്നത്. ധാരാളംപേർ ഇവിടെ കാഴ്ചകൾ കാണാനായി എത്തുന്നുണ്ട്.