കാലം പോറലേൽപ്പിക്കാത്ത നാദം
Wednesday, November 9, 2022 2:57 PM IST
കാലത്തിന് തൊടാൻ കഴിയാത്ത ശബ്ദമുണ്ടോ? അങ്ങനെയൊരു സംശയത്തിനുള്ള മനോഹരമായ മറുപടിയാണ് വാണി ജയറാമിന്റെ നാദം. 1973ൽ "സ്വപ്ന'ത്തിനു വേണ്ടി "സൗരയൂഥത്തിൽ വിടർന്നൊരു കല്യാണസൗഗന്ധികമാണീ ഭൂമി..' എന്ന ഗാനം പാടിയ അതേ സ്വരസൗന്ദര്യത്തോടെ തന്നെ ഇന്നും വാണി ജയറാം പാടുന്നു.
അല്ലെങ്കിൽ 28-ാം വയസിൽ പാടിയ അതേ മാധുര്യം തന്നെയാണ് ഇന്നും വാണി ജയറാമിന്റെ സ്വരത്തിന്. "സീമന്ത രേഖയിൽ...,'"വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി...', "ആഷാഢമാസം..' മുതൽ 2016ൽ പുറത്തുവന്ന "പൂക്കൾ പനിനീർ പൂക്കൾ..'വരെയുള്ള ഗാനങ്ങൾ മലയാളികൾ ഇന്നും നെഞ്ചിലേറ്റുന്നു. 1945 നവംബർ 30നു തമിഴ്നാട്ടിലെ വെല്ലൂരിൽ ജനിച്ച വാണി ജയറാം 77-ാം പിറന്നാളിലേക്കു കടക്കുകയാണ്.
എല്ലാ ഭാഷയിലും ആദ്യഗാനങ്ങൾ സൂപ്പർഹിറ്റ്
മലയാളത്തിലെ വാണിയുടെ ആദ്യഗാനമായ "സൗരയൂഥത്തിൽ...' എക്കാലവും നിലനിൽക്കുന്ന ഗാനമായി മാറി. അതുപോലെ ഗുഡ്ഡി എന്ന ഹിന്ദി സിനിമയ്ക്കു വേണ്ടി പാടിയ "ബോലേരേ പപ്പി.. 'എന്ന ഗാനം വൻഹിറ്റാണ്.
ജയഭാദുരിക്കു(ജയാ ബച്ചൻ) വേണ്ടി വാണി ജയറാം ആലപിച്ച ഈ ഗാനം പ്രശസ്തമായ താൻസൻ അവാർഡ് ഉൾപ്പെടെ അഞ്ച് പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. സിനിമയിലെ ഈ ഗാനം കേട്ട് നോക്കൂ ജയഭാദുരി പാടുന്ന അതേ അനുഭവമാണ്.

ശ്രുതിയും പിച്ചും തെറ്റാതെ
നീണ്ട 49 വർഷങ്ങൾക്കു മുന്പ് പാടിയ പാട്ടുകൾക്ക് നൽകിയ അതേ ശ്രുതിയിൽ അതേ പിച്ചിൽ ഇന്നും പാടുന്ന ഒരേ ഒരു ഗായികയാണ് വാണി ജയറാം. നീണ്ട ഇടവേള എങ്കിലും ശബ്ദത്തിൽ ഇന്നും യൗവനം. 1983ൽ കൗമാരക്കാരിയായ നായികയ്ക്കു വേണ്ടിയാണ് പാടിയത്. ആക്ഷൻ ഹീറോ ബിജുവിലും നായിക യുവതിയായിരുന്നു.
അരനൂറ്റാണ്ട് നീളുന്ന ചലച്ചിത്ര ഗാനയാത്രയിൽ വാണി ജയറാം കൈകോർത്തത് ഇന്നലെയുടേയും ഇന്നിന്റെയും സംഗീത ഗാനപ്രതിഭകൾക്കൊപ്പമാണ്. കെ.രാഘവൻ, ദക്ഷിണാമൂർത്തി, ജി.ദേവരാജൻ, ബാബുരാജ്, എം.കെ.അർജുനൻ,ജെറി അമൽദേവ്, ജോൺസൺ മുതൽ ഗോപിസുന്ദർ വരെയുള്ളവർക്കൊപ്പം പ്രവർത്തിച്ചു. വയലാർ, പി.ഭാസ്കരൻ, ഒഎൻവി, ശ്രീകുമാരൻ തന്പി, പൂവച്ചൽ ഖാദർ മുതൽ ഹരിനാരായണൻ, സന്തോഷ് വർമ എന്നിവർക്കൊപ്പവും പ്രവർത്തിച്ചു.
19 ഇന്ത്യൻ ഭാഷകൾ
മലയാളം, തമിഴ്, മറാത്തി, കന്നഡ, തെലുങ്ക്, ബംഗാളി, ഗുജറാത്തി, ഒറിയ തുടങ്ങി 19 ഇന്ത്യൻ ഭാഷകളിൽ പാടി എന്ന അപൂർവ നേട്ടം അലങ്കരിക്കുന്ന ഗായികയാണ്. ഗാനപ്രതിഭകളായ മുഹമ്മദ് റാഫി, മുകേഷ്, കിഷോർ കുമാർ, മന്നാഡേ, ഹേമന്ദ് കുമാർ, എസ്.പി.ബാലസുബ്രഹ്മണ്യം അങ്ങനെ പല ഭാഷകളിലെ ഇതിഹാസങ്ങൾക്കൊപ്പം യുഗ്മഗാനങ്ങൾ പാടുവാൻ കഴിഞ്ഞു.
ബാങ്ക് ഉദ്യോഗസ്ഥയിൽനിന്ന് ഗായികയിലേക്ക്
സംഗീതത്തിനുവേണ്ടി ബാങ്കിലെ ഉദ്യോഗം രാജി വയ്ക്കുകയായിരുന്നു വാണി ജയറാം. ഹിന്ദുസ്ഥാനി സംഗീതം പഠിക്കുവാൻ തുടങ്ങിയ കാലത്ത് ഗുരുവും പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞനുമായ ഉസ്താദ് അബ്ദുൾ റഹ്മാൻ ഖാൻ ആണ് ബാങ്കിലെ ഉദ്യോഗം സംഗീത ഉപാസനയ്ക്ക് തടസമാകുമെന്ന് ഉപദേശിക്കുന്നത്.
സാരിത്തലപ്പ് തോളിലൂടെ ചുറ്റി
സാധാരണ സാരികളാണ് വാണി യറാം ധരിക്കുന്നത്. വലിയ വിലപിടിപ്പുള്ളതോ കാഞ്ചീവരമോ പൊതുവേ ധരിക്കാറില്ല. ആഢ്യത്വവും ലാളിത്യവുമുള്ള വില കുറഞ്ഞ മൽമൽ സാരികളും ധരിക്കാറുണ്ട്. തോളിലൂടെ സാരിത്തലപ്പ് ചുറ്റി ശീലിച്ചതുകൊണ്ട് ഗാനവേദികളിലും അങ്ങനെ വരുന്നു. നെയ്ത്തുകാർ അധ്വാനിച്ചുണ്ടാക്കുന്ന കൈത്തറി വസ്ത്രങ്ങളോടും പ്രത്യേക മമതയുണ്ട്. അവരുടെ കഠിന ജീവിതത്തിനു ഒരാശ്വാസം എന്ന നിലയിലും കൈത്തറി വസ്ത്രങ്ങൾ വാങ്ങുന്നു. ചിത്രരചന, പെയിന്റിംഗ്, എംബ്രോയ്ഡറി എന്നീ കലകളും സ്വന്തം.