"തേപ്പ് ' കിട്ടിയാൽ തട്ടും!
Saturday, November 19, 2022 12:05 PM IST
പ്രണയങ്ങൾ വലിയ ദുരന്തങ്ങളായി മാറുന്ന അസാധാരണ കാഴ്ചകളിലൂടെയാണ് വർത്തമാനകാല കൗമാരവും യൗവനവും കടന്നുപോയിക്കൊണ്ടിരിക്കുന്നത്. കേരള മനഃസാക്ഷിയെ ഞെട്ടിച്ച് ഗ്രീഷ്മമാരും ശ്യാംജിത്തുമാരും ഒരറപ്പും കൂടാതെ പ്രണയക്കൊലവിളി നടത്തുന്നു. പ്രണയനൈരാശ്യത്തിൽ കാമുകിയെ (കാമുകനെ) വകവരുത്താൻ തീരുമാനിക്കുകയും അതിക്രൂരമായി അത് നടപ്പാക്കുകയും ചെയ്യുന്നു.
സ്നേഹിച്ചു കൊന്നുവെന്നു പറഞ്ഞാല്‍ ഇന്ന് പഴയകാലത്തെ തമാശയ ല്ല. പ്രണയം പൊളിഞ്ഞാല്‍ പഴയപോലെ പ്രണയനൈരാശ്യമല്ല, പ്രണയപ്പകയാണ്. ആലപ്പുഴയിലെ പോലീസുകാരി സൗമ്യ, തൃശൂര്‍ എന്‍ജിനിയറിംഗ് കോളജിലെ വിദ്യാര്‍ഥിനി നീതു, കെവിന്, ആതിര, മാനസ, ദൃശ്യ, കാക്കനാട് സ്വദേശിനി ദേവിക, പാനൂര്‍ സ്വദേശി വിഷ്ണുപ്രിയ... ഏറ്റവുമൊടുവില്‍ പ്രണയക്കൊലകളുടെ ഇരകളുടെ പട്ടികയിൽ പാറശാലയിലെ ഷാരോണ്‍ രാജ് എന്ന ഒരു ആ ഹതഭാഗ്യന്റെ പേര് കൂടി എഴുതിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു.
ഗ്രീഷ്മ കൂട്ടുകാരനെ തീർത്തത്‘ഭാവി’ സുരക്ഷിതമാക്കാന്‍
തമിഴ്നാട് കന്യാകുമാരി ജില്ലയിലെ രാമവര്‍മന്‍ചിറയില്‍ താമസിക്കുന്ന ഗ്രീഷ്മയ്ക്ക് ബിരുദത്തിൽ റാങ്ക് ഉണ്ടായിരുന്നു. തക്കല മുസ് ലിം ആര്‍ട്സ് കോളജിനു മുന്നിലെ നോട്ടീസ് ബോര്‍ഡില്‍ ഗ്രീഷ്മയെ അഭിനന്ദിച്ചുള്ള പോസ്റ്റർ ഏറെനാളുണ്ടായിരുന്നു. കോളജിന്റെയും നാടിന്റെയും അഭിമാനമായിരുന്ന ഗ്രീഷ്മയെപ്പറ്റി ഇപ്പോൾ പുറത്തുവന്ന കാര്യങ്ങളുടെ ഞെട്ടലിലാണ് നാടും കോളജും.
എംഎ ഇംഗ്ലീഷ് രണ്ടാം വര്‍ഷ വിദ്യാഥിനിയായ ഗ്രീഷ്മ എന്ന ഇരുപത്തിരണ്ടുകാരി അതിക്രൂരമായ പ്രവൃത്തിയുടെ പേരില്‍ ഒരു സുപ്രഭാതത്തില്‍ പോലീസ് പിടിയിലാവുകയായിരുന്നു. പഠനത്തില്‍ മിടുക്കിയായിരുന്നതിനു പുറമെ കലാപ്രവര്ത്തനങ്ങളടക്കം കോളജിലെ എല്ലാ പ്രവര്‍ത്തനങ്ങളിലും വളരെ സജീവമായിരുന്നു ഗ്രീഷ്മ.
മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോള്‍ സുഹൃത്തായ പാറശാല സ്വദേശി ഷാരോണ്‍ രാജിനെ ഒഴിവാക്കാന്‍ കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കുക
യായിരുന്നുവെന്നാണ് ഗ്രീഷ്മ പോലീസിനോട് കുറ്റസമ്മതം നടത്തിയത്. തുരിശിന്റെ (കോപ്പര്‍ സൾഫേറ്റ്) അംശം കഷായത്തില്‍ ഉണ്ടായിരുന്നു. പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടറുടെ മൊഴിയും കേസന്വേഷണത്തില്‍ നിര്‍ണായകമായി.
ഓക്ടോബര്‍ 14ന് റെക്കോഡ് ബുക്ക് തിരിച്ച് വാങ്ങാന്‍ സുഹൃത്തിനൊപ്പം തമിഴ്നാട്ടിലെ രാമവര്‍മന്‍ചിറയിലുള്ള യുവതിയുടെ വീട്ടില്‍ പോയ ഷാരോണ്‍ ശാരീരികാസ്വസ്ഥതകളോടെയാണ് തിരിച്ചിറങ്ങിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേയായിരുന്നു മരണം.
കരളും വൃക്കയും തകരാറിലായി മരണം എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വരുന്നതും പോലീസ് കസ്റ്റഡിയില്‍ ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിക്കുന്നതും.
പ്രണയപ്പകയ്ക്ക് മൂന്നാംസ്ഥാനം
ഇന്ത്യയില്‍ നടക്കുന്ന കൊലക്കുറ്റങ്ങളുടെ പ്രേരണകള്‍ പരിശോധിച്ചാല്‍ അതില്‍ മുന്‍പന്തിയില്‍തന്നെയാണ് പ്രണയനിരാസത്തിന്റെ സ്ഥാനം. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ റിപ്പോര്‍ട്ടില്‍ കൊലപാതക കാരണങ്ങളുടെ പട്ടികയില്‍ പ്രണയപ്പകയ്ക്ക് മൂന്നാം സ്ഥാനമുണ്ട്.
2001 നും 2017നും ഇടയിലാണ് പ്രണയവുമായി ബന്ധപ്പെട്ട കൊലകള്‍ വല്ലാതെ കൂടിയതെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു. 2022 ഉം ഇതിന് അപവാദമല്ല. മറ്റു സംസ്ഥാനങ്ങളെയപേക്ഷിച്ച് സമീപകാലത്തായി കേരളത്തില്‍ പ്രണയപ്പകയുടെ ഇരകള്‍ കൂടിക്കൊണ്ടിരിക്കുന്നു.
(തുടരും)