‘ചോദ്യംചെയ്യല്‍ എങ്ങനെ’-ഗൂഗിളിൽ പരതി ഗ്രീഷ്മ
Saturday, November 19, 2022 12:19 PM IST
കഷായത്തില്‍ വിഷം ചേര്‍ത്ത് കാമുകൻ ഷാരോണ്‍ രാജിനെ കൊലപ്പെടുത്തിയ ഗ്രീഷ്മ കൊലപാതകം സംബന്ധിച്ച് ഗൂഗിളില്‍ വിശദമായ പരിശോധന നടത്തിയിരുന്നു. എങ്ങനെ കൊലപാതകം നടത്താം എന്നത് സംബന്ധിച്ചായിരുന്നില്ല ഗ്രീഷ്മ ഗൂഗിളില്‍ തെരഞ്ഞത്. പോലീസിന്റെ ചോദ്യംചെയ്യല്‍ എങ്ങനെയൊക്കെയായിരിക്കുമെന്ന് ഗൂഗിള്‍ നോക്കി മനസിലാക്കുകയായിരുന്നു.
മരണത്തില്‍ സംശയം തോന്നിയ പോലീസ് പലതവണ ചോദ്യം ചെയ്തെങ്കിലും ഒരു പതര്‍ച്ചയും ഗ്രീഷ്മ പ്രകടിപ്പിച്ചില്ല. പക്ഷേ, മാതാപിതാക്കള്‍ക്കൊപ്പവും തനിച്ചുമുള്ള മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലില്‍ ഗ്രീഷ്മ പതറി. ഒടുവിൽ എല്ലാം ഏറ്റുപറഞ്ഞു. ഗ്രീഷ്മയുടെ ചില സ്വകാര്യ ചിത്രങ്ങളും വീഡിയോകളും ഷാരോണിന്റെ കൈവശമുണ്ടായിരുന്നു. പലതവണ ആവശ്യപ്പെട്ടുവെങ്കിലും ഇവ ഡിലീറ്റ് ചെയ്യുന്നതിനോ ഗ്രീഷ്മയ്ക്ക് നല്‍കുന്നതിനോ ഷാരോണ്‍ തയാറായില്ല.
മറ്റൊരു വിവാഹത്തിന് ഒരുങ്ങിയ ഗ്രീഷ്മ, ഈ ദൃശ്യങ്ങള്‍ പ്രതിശ്രുതവരന് ഷാരോണ്‍ കൈമാറുമോ എന്നും ഭയന്നു. ഷാരോൺ ജീവിച്ചിരുന്നാൽ തന്റെ ജീവിതം ശുഭകരമാകില്ലെന്ന കുടിലചിന്തയിൽ, ഏറെനാൾ ഹൃദയത്തിനുള്ളിൽ വച്ചാരാധിച്ച ചെറുപ്പക്കാരനെ വകവരുത്താൻ ഗ്രീഷ്മ തീരുമാനിച്ചെന്നാണ് പോലീസ് കണ്ടെത്തൽ.
പ്രണയപ്പക തീര്‍ക്കാൻ 18 മുറിവുകൾ
കണ്ണൂര്‍ ജില്ലയിലെ പാനൂര്‍ വള്ളിയായില്‍ കണ്ണച്ചാന്‍കണ്ടി ഹൗസില്‍ വിഷ്ണുപ്രിയ എന്ന ഇരുപത്തിമൂന്നുകാരിയുടെ ജീവനെടുത്തത് പ്രണയം നിരസിച്ചതിലുണ്ടായ പകയാണ്. 2022 ഓക്ടോബര്‍ 22ന് രാവിലെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. കൂത്തുപറമ്പ് മാനന്തേരി സ്വദേശി ശ്യാംജിത്ത് എന്ന കാമുകൻ, വിഷ്ണുപ്രിയയുടെ വീട്ടിലെത്തി ചുറ്റികകൊണ്ട് തലയ്ക്കടിച്ചശേഷം കഴുത്ത് മുറിച്ചു. ആകെ 18 മുറിവുകളുണ്ടായിരുന്നു വിഷ്ണുപ്രിയയുടെ മൃതദേഹത്തിൽ. അതിക്രൂരമായി മുറിവുകളേല്‍പ്പിച്ച് പ്രതി തന്റെ പ്രണയപ്പക തീര്‍ക്കുകയായിരുന്നു.
പ്രതിക്ക് കൊലപാതകത്തിന് പ്രചോദനമായത് ഒരു മലയാള സിനിമയാണെന്ന് പോലീസ് പറയുന്നു. സീരിയല്‍ കില്ലറുടെ കഥ പറഞ്ഞ സിനിമ കണ്ടാണ് കൊലപ്പെടുത്താനുള്ള രീതിയും മറ്റും തീരുമാനിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പ്രതി മൊഴി നല്‍കിയത്. വിഷ്ണുപ്രിയയെ വധിക്കാന്‍ ഇരുതല മൂര്‍ച്ചയുള്ള കത്തി പ്രതി സ്വന്തമായി നിര്‍മിക്കുകയായിരുന്നു. (തുടരും)