പർവതനിരയുടെ പനിനീരിൽ
Wednesday, December 7, 2022 2:54 PM IST
ഇടുക്കി ജില്ലയുടെ പ്രവേശനകവാടമായ കോതമംഗലത്തിന്റെ മുഖച്ഛായ ഇനി മാറും. കോതമംഗലത്തോടു ചേർന്നുകിടക്കുന്ന നേര്യമംഗലത്ത് ബോട്ട് ജെട്ടി യാഥാർഥ്യമാകാൻ പോകുന്നു. പർവതനിരയുടെ പനിനീർ എന്നു വിളിക്കുന്ന പെരിയാറിലൂടെയുള്ള ഭൂതത്താൻകെട്ട്-നേര്യമംഗലം ജലയാത്ര വിനോദസഞ്ചാരികൾക്കു മറക്കാനാകാത്ത അനുഭവമായിരിക്കും പകരുക!
സഞ്ചാരികള്‍ ധാരാളമായി എത്താറുണ്ടെങ്കിലും അവരെ ആകര്‍ഷിക്കാന്‍ ഭൂതത്താൻകെട്ടിലും നേര്യമംഗലത്തും ഏറെയൊന്നുമുണ്ടായിരുന്നില്ല. ബോട്ട് സർവീസ് ആരംഭിക്കുന്നതോടെ നേര്യമംഗലത്തിനു വിനോദസഞ്ചാരഭൂപടത്തിൽ ഇനി പ്രാധാന്യമേറും.
മൂന്നാറിലേക്കും തേക്കടി-കുമളി-ഇടുക്കിയിലേക്കും വഴിതിരിയുന്നിടത്തെ ചെറിയ ടൗണ്‍ഷിപ്പാണ് നേര്യമംഗലം. പെരിയാര്‍ നിറഞ്ഞൊഴുകുന്ന പ്രദേശം. ഭൂതത്താന്‍കെട്ടു കൂടാതെ തട്ടേക്കാട് പക്ഷിസങ്കേതം, വാളറ, ചീയപ്പാറ വെള്ളച്ചാട്ടം എന്നിവ നേര്യമംഗലത്തോടു ചേര്‍ന്നുകിടക്കുന്ന വിനോദസഞ്ചാരകേന്ദ്രങ്ങളാണ്.
പ്രാദേശിക വിനോദസഞ്ചാരികള്‍ ധാരാളമായെത്തുന്ന മാമലക്കണ്ടം, മാങ്കുളം, ഇഞ്ചത്തൊട്ടി എന്നിവയും നേര്യമംഗലത്തോടു ചേര്‍ന്നുകിടക്കുന്നു. ചരിത്രമുറങ്ങുന്ന നേര്യമംഗലം പാലം, റാണിക്കല്ല് എന്നിവയും നേര്യമംഗലത്തിന്റെ പ്രത്യേകതയാണ്.
ബോട്ട് ജെട്ടിയുടെ നിര്‍മാണപ്രവൃത്തികൾ അവസാനഘട്ടത്തിലാണ്. ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തു. കോതമംഗലം എംഎല്‍എ ആന്റണി ജോണിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 50 ലക്ഷം വിനിയോഗിച്ചാണ് ജെട്ടിയുടെ നിര്‍മാണം പൂര്‍ത്തിയാക്കുന്നത്. പെരിയാര്‍വാലിയുടെ നേതൃത്വത്തിലാണ് നിര്‍മാണപ്രവൃത്തികള്‍.
എറണാകുളം-ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന ചരിത്രമുറങ്ങുന്ന പ്രസിദ്ധമായ ആര്‍ച്ച് പാലത്തിനു സമീപം പുഴയുടെ ഇടതുകരയിലാണ് ബോട്ട് ജെട്ടി നിര്‍മിച്ചിരിക്കുന്നത്. മൂന്ന് ലെവല്‍ ലാന്‍ഡിംഗ് ഫ്ളോറോടെയുള്ള ബോട്ട് ജെട്ടിയാണിത്. മൂന്നാര്‍, തേക്കടി തുടങ്ങി ഇടുക്കിയിലെ വിവിധ ടൂറിസം കേന്ദ്രങ്ങളിലേക്ക് പോകുന്നവര്‍ക്ക് കോതമംഗലത്തുനിന്ന് ഭൂതത്താന്കെട്ടില് എത്തി അവിടെനിന്ന് ബോട്ട് മാര്‍ഗം കുട്ടമ്പുഴ, തട്ടേക്കാട്, ഇഞ്ചത്തൊട്ടി പ്രദേശങ്ങളെല്ലാം കണ്ട് നേര്യമംഗലത്ത് എത്തിച്ചേര്‍ന്ന് വീണ്ടും യാത്ര തുടരാം.
തിരിച്ച് ഇടുക്കി ഭാഗത്തുനിന്നു വരുന്നവര്‍ക്ക് നേര്യമംഗലത്ത് ഇറങ്ങിയാല്‍ അവിടെനിന്ന് ബോട്ട് വഴി ഭൂതത്താന്കെട്ടില് എത്താം. പെരിയാറിന്റെ വശ്യഭംഗി ആസ്വദിക്കുന്നതോടൊപ്പം വന്യമൃഗങ്ങളെ അടുത്ത് കാണാനുള്ള അവസരവും യാത്ര സമ്മാനിക്കും. നേര്യമംഗലം-ഭൂതത്താന്‍കെട്ട് ജലയാത്ര ഓരോ സഞ്ചാരിക്കും അവിസ്മരണീയമാകുമെന്നു തീർച്ച.