ദേവസംഗീതം നീയല്ലേ...
Tuesday, December 20, 2022 4:36 PM IST
വർഷങ്ങൾക്കു മുന്പ് തിരുവനന്തപുരത്ത് നടന്ന ഒരു ഗാനസന്ധ്യ. ഉദ്ഘാടകനായി എത്തിയത് ഗാനഗന്ധർവൻ കെ.ജെ.യേശുദാസ്. പ്രസംഗത്തിനിടയിൽ യേശുദാസ് തന്റെ ആദ്യസിനിമയായ "കാൽപ്പാടു'കളെക്കുറിച്ച് പറഞ്ഞു. 1961 നവംബർ 14നു റെക്കോർഡ് ചെയ്യപ്പെട്ട ശ്ലോകത്തിന്റെ വരികൾ അദ്ദേഹം പാടി. ശ്രീനാരായണഗുരുവിന്റെ
"ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സർവരും
സോദരത്വേന വാഴുന്ന
മാതൃകാ സ്ഥാനമാണിത്'
എന്ന ശ്ലോകം വീണ്ടും പാടിയശേഷം സദസിനോട് അതേറ്റു പാടുവാൻ അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ-സാംസ്കരിക കലാരംഗത്തെ പ്രശസ്തർ വേദിയിലും സദസിലുമുണ്ടായിരുന്നു. അവർക്കു മുന്നിൽ വെള്ള ജുബ്ബയും മുണ്ടും ഉടുത്തുനിന്ന യേശുദാസ് ഓരോ വരി വീതം പാടി നിർത്തി.
സദസ് ഓരോ വരി ഏറ്റുപാടി. ജാതിയും മതചിന്തകളും വലിപ്പ ചെറുപ്പവുമെല്ലാം മറന്ന് ഒന്നായി, ഒറ്റ മനസായി മലയാളികൾ മാത്രമായി അവർ മാറി. കേരളീയരെ ഇങ്ങനെ ഒറ്റക്കെട്ടായി നിർത്താൻ കഴിയുന്ന ഒരേ ഒരാളാണ് കാട്ടാശേരിയിൽ ജോസഫ് യേശുദാസ് എന്ന് നിസംശയം പറയാം. എന്നു മുതൽക്കോ കേരളം ദാസേട്ടാ എന്നു വിളിച്ച് ഹൃദയത്തോട് ചേർത്തുനിർത്തിയ ഗന്ധർവൻ.
എപ്പോഴും അണിയുന്ന വെള്ള വസ്ത്രങ്ങളെക്കുറിച്ചു ചോദിക്കുന്പോൾ യേശുദാസ് പറയുന്ന ഒരു മറുപടിയുണ്ട്...""പണ്ട് മാറിമാറി ഇടുവാൻ ഉടുപ്പുകളോ മുണ്ടോ ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നത് വെള്ള നിറത്തിലെ ഒന്നുരണ്ടു വസ്ത്രങ്ങൾ മാത്രമായിരുന്നു. അങ്ങനെയാണ് വെള്ള മാത്രം ധരിക്കുവാൻ തുടങ്ങിയത്. പിന്നീടെന്നോ വെള്ളയോട് പ്രത്യേകമായൊരു ഇഷ്ടം തോന്നി. വെള്ള ജുബ്ബയും മുണ്ടും അണിയുന്പോൾ വലിയ ആത്മവിശ്വാസം തോന്നിത്തുടങ്ങി.''
പണത്തിന്റെയും പ്രശസ്തിയുടേയും കൊടുമുടിയിലേക്ക് കാലം യേശുദാസിനെ ഉയർത്തിയപ്പോഴും യേശുദാസ് തന്റെ വസ്ത്രധാരണത്തിൽ മാറ്റം വരുത്തിയില്ല. ചില കാര്യങ്ങളിലൊക്കെ അങ്ങനെയാണ് യേശുദാസ്. ചില വിശ്വാസങ്ങളുടെ പുറത്ത് സ്വന്തം ജീവിതരീതികൾ എടുത്ത് വയ്ക്കും. ചെറുപ്പകാലത്തെ യേശുദാസിന്റെ ചിത്രങ്ങൾ കണ്ടിട്ടില്ലേ.. മീശയും താടിയുമില്ലാത്ത യുവാവ്. ശബരിമലയ്ക്ക് പോകാൻ വ്രതമെടുത്തപ്പോഴാണ് ആദ്യം താടി വളർത്തിയത്. പിന്നീട് താടിയില്ലാതെ ജീവിക്കുവാൻ കഴിയാത്തതുപോലെയായി.

ചെറുപ്പകാലത്തെ ദാരിദ്ര്യം എൽപ്പിച്ചതാണ് ശുഭ്രവസ്ത്രം, ജാതിമതങ്ങൾക്കതീതമായി ഈശ്വരൻ എന്ന മഹാചൈതന്യത്തെ തിരിച്ചറിഞ്ഞതുകൊണ്ട് നേടിയ വിശ്വാസത്തിന്റെ അടയാളമാണ് നീട്ടി വളർത്തിയ തായി. അങ്ങനെ വെള്ളയും വെള്ളയും അണിഞ്ഞ് മീശയും താടിയും നീട്ടി വളർത്തിയ ഗന്ധർവ ഗായകൻ മലയാളത്തിന്റെ മനോഹരമായ സാംസ്കാരിക അടയാളമായി.
യേശുദാസിനേക്കാൾ വലിയ ഭാഗ്യം ചെയ്തവർ അദ്ദേഹത്തിന്റെ ഗാനങ്ങൾ ആസ്വദിക്കുന്നവരാണെന്ന് പറയാം. ആരാധകർ ആസ്വദിക്കുന്നതുപോലെ യേശുദാസിന്റെ ഗാനങ്ങൾ ആസ്വദിക്കുവാൻ യേശുദാസിനു കഴിയുമോ? .. അറിയില്ല. നാലു തലമുറകളെയല്ലേ ആ മാന്ത്രിക ഗാനധാരയിൽ തളച്ച് നിർത്തിയിരിക്കുന്നത്.
"കായാന്പൂ കണ്ണിൽ വിടരും....,' "ശംഖുപുഷ്പം കണ്ണെഴുതുന്പോൾ...,' "അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ...,'"കുടമുല്ല കമ്മലണിഞ്ഞാൽ...,'"മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു...' തുടങ്ങിയ പാട്ടുകളൊക്കെയും കേൾക്കുന്പോൾ യേശുദാസ് നമ്മളെപ്പോലെ ആത്മനിർവൃതിയിൽ, അനുഭൂതിയിൽ ലയിക്കാറുണ്ടോ?.. അതുമറിയില്ല.
ജീവിതത്തിൽ ലഭിച്ച വലിയ സൗഭാഗ്യത്തെക്കുറിച്ച് ഒരിക്കൽ സംഗീത സംവിധായകൻ എം. ജയചന്ദ്രനോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് രാത്രി ശബരിമലയിൽ സാക്ഷാൽ ശാസ്താവിന്റെ സന്നിധിയിൽനിന്ന് ദാസ് സാറിന്റെ ഹരിവരാസനം കേട്ടപ്പോൾ ഉണ്ടായ ഒരു ആത്മഹർഷം പറയുവാൻ കഴിയില്ല എന്നാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ഭാഗ്യവതി എം.എസ്.സുബ്ബലക്ഷ്മിയും ഏറ്റവും വലിയ ഭാഗ്യവാൻ യേശുദാസുമാണെന്ന് ഭക്തനായ ഒരു ഗാനനിരൂപകൻ പറഞ്ഞത് ഓർമിക്കുന്നു.
സുബ്ബലക്ഷ്മിക്കു തിരുപ്പതി ക്ഷേത്രത്തിലെ വെങ്കിടേശ്വര സുപ്രഭാതം പാടി തിരുപ്പതി ബാലാജിയെ ഉണർത്തുവാൻ കഴിയുന്നതും യേശുദാസിനു ശബരിമല അയ്യപ്പനെ ഉറക്കുന്ന ഹരിവരാസനം പാടാൻ കഴിയുന്നതും മഹാഭാഗ്യം തന്നെ. അതുപോലെയോ അതിലുപരിയോ ആണ് ആത്മീയ ചൈതന്യം നിറഞ്ഞു തുളുന്പുന്ന അവരുടെ ഭക്തിഗീതികൾ കേൾക്കാൻ കഴിയുന്ന ആസ്വാദകരുടെ ഭാഗ്യം.
ഈ മഹാഗായകനെ നമുക്കിടയിലേക്ക് എത്തിച്ചതിന് കാലത്തോടും ഈശ്വരനോടും നന്ദി പറയുന്പോൾ മറന്നു പോകാൻ പാടില്ലാത്ത കുറച്ചു പേരുകൾ കൂടിയുണ്ട്.
കടുത്ത ടൈഫോയ്ഡുമായി "കാൽപ്പാടുകൾ'ക്കു വേണ്ടി പാടുവാൻ എത്തിയ 21കാരനെ പാടാൻ അനുവദിച്ച നിർമാതാവ് നന്പിയത്തിനെയും നന്പിയത്തിനു യേശുദാസിനെ പരിചയപ്പെടുത്തിയ വൈക്കം ചന്ദ്രൻ എന്ന ഗായകനെയും. സംവിധായകന്റെയും സംഗീത സംവിധായകന്റെയും എതിർപ്പുകൾ മറികടന്നാണ് രോഗബാധിതനായിരുന്ന യേശുദാസിനെ പാടുവാൻ നന്പിയത്ത് അനുവദിച്ചത്.
അതുപോലെ കാൽപ്പാടുകൾ എന്ന നാടകത്തിൽ പാടിയ വൈക്കം ചന്ദ്രൻ നിർമാതാവിനോട് അവസരം ചോദിച്ചത് തനിക്കു വേണ്ടിയല്ല മറിച്ച് യേശുദാസിന് വേണ്ടിയാണ്. മറക്കരുത് ഈ വലിയ മനുഷ്യരെയും.